
നാലുനാള്‍ മുന്‍പ് നഷ്ടമായ അച്ഛന്റെയും ഒരുമാസം മുന്‍പ് അന്തരിച്ച സഹോദരന്റെയും ഓർമകൾ പങ്കുവച്ച് നടിയും അവതാരകയുമായ ആര്യ. മകൾക്കൊപ്പമുള്ള ഇരുവരുടെയും ചിത്രവും ഹൃദയഭേദകമായ കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് താരം.
ആര്യയുടെ കുറിപ്പ്;
‘‘ചിത്രത്തിൽ: എന്റെ അച്ഛൻ (നാല് ദിവസം മുൻപ് അദ്ദേഹത്തെ നഷ്ടമായി) എന്റെ സഹോദരൻ (ഒരു മാസം മുൻപ് അദ്ദേഹത്തെ നഷ്ടമായി) ഏറ്റവും പ്രിയപ്പെട്ട അവരോടൊപ്പം സന്തോഷത്തോടെയിരിക്കുന്ന എന്റെ മകൾ… ഞാനേറെ ഇഷ്ടപ്പെടുന്ന ഈ ചിത്രം ഈ ദിവസങ്ങളിൽ എന്നെ ഒരുപാട് വേദനിപ്പിക്കുന്നു… ഒന്ന് കണ്ണടച്ചു തുറക്കും മുൻപ് ജീവിതം എങ്ങനെയാണ് മാറി മറഞ്ഞത്!!!! ഇത് പ്രവചനാധീതമായിരുന്നു…
ഇനിയെന്താണ് സംഭവിക്കാൻ പോകുന്നതെന്നു നിങ്ങൾക്ക് ഒരിക്കലും അറിയാൻ സാധിക്കില്ല. അതുകൊണ്ട് ഒരോ നിമിഷവും ജീവിക്കൂ. പിന്നിൽ എന്ത് നടക്കുന്നുവെന്നോ ഇനിയെന്ത് സംഭവിക്കുമെന്നോ ചിന്തിച്ച് തല പുകയ്ക്കണ്ട. ഇതാണ് ഈ നിമിഷം… അത് ജീവിക്കൂ…
നിങ്ങളുടെ പ്രിയപ്പെട്ടവരെ അടുത്തേക്ക് ചേർത്ത് പിടിക്കൂ. സാധ്യമാകുന്ന ഒരോ സെക്കൻഡും പ്രിയപ്പെട്ടവർക്കൊപ്പം ചെലവഴിക്കൂ… അങ്ങനെ ചെയ്താൽ ഭാവിയിൽ ഖേദിക്കേണ്ടി വരില്ല, അവർ ചുറ്റിലുമുണ്ടായിരുന്നപ്പോൾ അവർക്കൊപ്പം നിൽക്കാൻ സാധിച്ചില്ലെന്നത് മനസ്സിലൊരു മുറിവായി സൂക്ഷിക്കേണ്ടി വരില്ല… മറ്റേതു നഷ്ടങ്ങളേക്കാൾ വേദനയായിരിക്കും ആ മുറിവിൽ നിന്നു നമുക്ക് ഉണ്ടാവുക.’’
Post Your Comments