താരങ്ങളെ കാണുമ്പോള്‍ ആരാധനയോടെ അടുത്തെത്തുന്നത് സാധാരണമാണ്. എന്നാല്‍ തന്റെ ഇഷ്ടതാരത്തിന്റെ പേരുമാറിപ്പോയാലോ? അത്തരം ഒരു സംഭവം ചിരിയോടെ പങ്കുവയ്ക്കുകയാണ് നടന് ടോവിനോ. ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് തന്നെ തെറ്റിദ്ധരിച്ച ആരാധികയെക്കുറിച്ചു ടോവിനോയുടെ വെളിപ്പെടുത്തല്‍.
മായാനദി എന്ന ചിത്രത്തിന്റെ ഭാഗമായി ചെന്നൈയ്ക്ക് പോകാൻ വിമാനത്താവളത്തിൽ നിൽക്കുമ്പോള് ഉണ്ടായ സംഭവമാണ് താരം പങ്കുവച്ചത്. താന്‍ പോകുന്ന അതെ ഫ്ലൈറ്റിൽ ദുൽഖർ സൽമാനും ചെന്നൈയ്ക്ക് പോകാൻ എത്തി, വിമാനത്താവളത്തിൽ ഞങ്ങൾ ഒരുമിച്ച് സംസാരിച്ചുനിൽക്കുമ്പോള്‍ ദുരെ നിന്നും ഒരു ചേച്ചി ഞങ്ങളെ തിരിച്ചറിഞ്ഞ് കൂടിനിന്നവരെ ഒക്കെ തള്ളിമാറ്റി ഓടി എത്തി. അപ്പോൾ താന്‍ വിചാരിച്ചത് ദുൽഖറിനെ കണ്ടിട്ടുള്ള വരവാണ് ഇതെന്നാണ്. അതിനാല്‍ കുറച്ച് അസൂയയും തോന്നി. എന്നാല്‍ സംഭവിച്ചത് വലിയ ട്വിസ്റ്റ് ചേച്ചി ദുൽഖറിനെ ശ്രദ്ധിക്കാതെ തന്റെ നേർക്ക് ഒരു വരവ്.
”ഞാൻ സത്യത്തിൽ ഞെട്ടിപ്പോയി. ചേച്ചി ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചിട്ട് ഒരു പേരു വിളിച്ചു. ‘ഉണ്ണി മുകുന്ദാ…! ഞാൻ നിങ്ങളുടെ ആരാധികയാണെ’ന്ന്. ജീവിതത്തിൽ അങ്ങനെ ചമ്മിയ നിമിഷം വേറെ ഇല്ല. ഞാൻ തിരുത്താനും പോയില്ല. ചേച്ചി എനിക്ക് കയ്യൊക്കെ തന്ന് ചിരിച്ച് സന്തോഷത്തോടെ ഉണ്ണി മുകുന്ദനെ കണ്ട സന്തോഷത്തിൽ നടന്നുപോയി. ഇതൊക്കെ കണ്ട് നിന്ന് ദുൽഖറിന്റെ മുഖത്ത് വന്ന ആ ചിരി അത് വാക്കുകൾ കൊണ്ട് പറയാൻ പറ്റില്ല. എന്നാലും എന്റെ ഉണ്ണി മുകുന്ദാ..’ നിറഞ്ഞ ചിരിയോടെ ടൊവീനോ പറഞ്ഞു.
കടപ്പാട്: മഴവിൽ മനോരമയുടെ ‘നെവർ ഹാവ് ഐ എവർ’
Post Your Comments