സിനിമ, പ്രേക്ഷകര്‍ ആസ്വദിച്ചു തുടങ്ങിയ കാലം മുതല്‍ പ്രണയ ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന്‍റെ സഹതിരക്കഥാകൃത്തായി സിനിമയില്‍ എത്തുകയും കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, വികടകുമാരന്‍ എന്നീ ചിത്രങ്ങളില്‍ നായകനായി പ്രേക്ഷപ്രീതിനേടുകയും ചെയ്ത മലയാളികളുടെ പ്രിയ താരം വിഷ്ണു ഉണ്ണികൃഷ്ണനും ഹാസ്യതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും വീണ്ടുമൊന്നിച്ച നിത്യഹരിത നായകന്‍ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. മലയാളത്തിന്റെ പ്രണയ നായകനായ പ്രേംനസീറിന് സിനിമ ലോകം ചാര്‍ത്തിക്കൊടുത്ത നിത്യഹരിത നായകന്‍ എന്ന വിശേഷണമാണ് ഈ ചിത്രത്തിന്‍റെ ടൈറ്റില്‍. അതുകൊണ്ട് തന്നെ പ്രണയമാണ് നിത്യഹരിതനായകന്‍റെയും പ്രമേയം.
സജിമോന്‍ എന്ന വിഷ്ണുവിന്റെ കഥാപാത്രം ആദ്യ രാത്രിയില്‍ ഭാര്യയോട് തന്റെ ജീവിതത്തില്‍ കടന്നു പോയ പെണ്‍കുട്ടികളേക്കുറിച്ചും പ്രണയത്തെക്കുറിച്ചും തുറന്നു പറയുന്നതാണ് സിനിമ. സജിയുടെ വിവാഹത്തില്‍ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്. ആദ്യ രാത്രിയില്‍ ഭാര്യ ഹരിതയോട് തന്റെ ജീവിതത്തിലെ ചില തമാശകളേക്കുറിച്ച് മനസ് തുറന്ന് സംസാരിക്കുകയാണ് സജി. നിത്യ, സുറുമി, ട്രീസ എന്നീ പെണ്‍കുട്ടികളുമായുണ്ടായ പ്രണയത്തേക്കുറിച്ചും സജി തന്റെ ഭാര്യ ഹരിതയോട് പങ്കുവയ്ക്കുന്നു. ഈ പ്രണയങ്ങള്‍ എല്ലാം തന്നെ പഴയ മൂശയില്‍ ഒരേ അച്ചില്‍ വാര്‍ത്തെടുത്തത് ആണെങ്കിലും ചില അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ചിത്രത്തിന് കഴിയുന്നുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രം വിരസത സമ്മാനിക്കാതെ മുന്നോട്ട് നീങ്ങുന്നു.
പ്രണയത്തെ ഗൃഹാതുരതയോടെ അവതരിപ്പിക്കുന്ന നിത്യ ഹരിത നായകനില്‍ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം തുല്യ പ്രാധാന്യമുളള ഒരു കഥാപാത്രമായി ധര്‍മ്മജനും എത്തുന്നു. എആര്‍ ബിനുരാജാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മ്മജനൊപ്പം മനു തച്ചേട്ടും കൂടി ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ജയശ്രീ ശിവദാസ്,ശിവകാമി,രവീണ രവി.അഖില നാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. ഇന്ദ്രന്‍സ്, ബിജു കുട്ടന്‍, ജാഫര്‍ ഇടുക്കി, സുനില്‍ സുഖദ, സാജു നവോദയ, എ കെ സാജന്‍, ബേസില്‍ ജോസഫ്, മഞ്ജു പിളള, അഞ്ജു അരവിന്ദ് ,ഗായത്രി തുടങ്ങി ഒരുപിടി മികച്ച അഭിനേതാക്കളും ചിത്രത്തെ മനോഹരമാക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ ഗാനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു. ചിത്രത്തിലെ “നീലരാവിലായി” എന്ന മനോഹര ഗാനത്തിന് ശബ്ദം നൽകിയിരിക്കുന്നത് മലയാളികളുടെ പ്രിയ ഗായകരായ എംജി ശ്രീകുമാറും സുജാത മോഹനും ആണ്. കുറെ നാളുകൾക്കിടയിൽ ഇറങ്ങിയ പ്രണയഗാനങ്ങളിൽ മികച്ച ഒന്നാണ് നീലരാവായി എന്ന ഗാനം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഈ വർഷത്തെ മികച്ച ഗാനങ്ങളില്‍ ഒന്നാണ് ഈ ഗാനമെന്നാണ് ഭൂരിപക്ഷം പ്രേക്ഷകരുടെയും അഭിപ്രായം. കലികയുടെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത്. പാലക്കാടിന്റെ ഗ്രാമഭംഗിയെ അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന രംഗങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ നിറഞ്ഞ ഈ പ്രണയ രംഗത്ത് എത്തുന്നത് വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം എത്തുന്നത് ജയശ്രീ ശിവദാസാണ്. ചിത്രത്തിലെ മറ്റൊരു മനോഹര ഗാനം ആലപിച്ചിരിക്കുന്നത് ധർമജനാണ്. കല്യാണ ആഘോഷത്തിനോട് അനുബന്ധിച്ചുള്ള മകരമാസ നാളിൽ എന്ന് തുടങ്ങുന്ന ഗാനമാണ് ധര്‍മ്മജന്‍ ആലപിച്ചിരിക്കുന്നത്.
ചുരുക്കത്തില്‍ നൂറു ശതമാനം ഗ്യാരന്റിയോടെ ഒറ്റത്തവണ കണ്ടിരിക്കാവുന്ന ഒരു എന്റര്‍ടെയ്‌നര്‍ തന്നെയാണ് നിത്യഹരിത നായകനെന്നു പറയാം. ഒഴുക്കോടെ കഥപറയുന്ന ആദ്യ പകുതിയും മോശമില്ലാത്ത രണ്ടാം പകുതിയും പ്രേക്ഷകന് മനോഹരമായ ഒരു കാഴ്ചാനുഭവം സമ്മാനിക്കുന്നു.
പവിത്രപല്ലവി
Post Your Comments