GeneralLatest NewsMollywood

മോഹന്‍ലാലില്‍ നിന്നും മമ്മൂട്ടിയിലേയ്ക്ക് കര്‍ണന്‍ എത്തിയത് എങ്ങനെ ? പി ശ്രീകുമാര്‍ പറയുന്നു

ബിഗ്‌ ബഡ്ജറ്റ് ചിത്രങ്ങളാണ് ഇപ്പോള്‍ മലയാളത്തില്‍ ഒരുങ്ങുന്നത്. കായംകുളം കൊച്ചുണ്ണിയും ലൂസിഫറും ഒടിയനും രണ്ടാമൂഴവുമെല്ലാം ആ ലിസ്റ്റിലെ പ്രമുഖ ചിത്രങ്ങളാണ്. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുക്കുന്ന ‘രണ്ടാമൂഴം’ പ്രതിസന്ധിയില്‍ ആണെന്ന വാര്‍ത്ത അറിഞ്ഞു നിരാശയിലാണ് സിനിമാ പ്രേമികള്‍. എന്നാല്‍ മഹാഭാരത കഥയിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ കര്‍ണ്ണന്റെ ജീവിതം പറയുന്ന രണ്ടു ചിത്രങ്ങളാണ് മലയാളത്തില്‍ പ്രഖ്യാപിച്ചത്. ആര്‍എസ് വിമല്‍ പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുമെന്ന് പറഞ്ഞ ചിത്രവും മറ്റൊന്ന് പി ശ്രീകുമാറിന്‍റെ തിരക്കഥയില്‍ മധുപാല്‍ സംവിധാനം ചെയ്ത്, മമ്മൂട്ടി നായകനാവുന്ന ‘കര്‍ണനും’. ഈ രണ്ടു ചിത്രങ്ങള്‍ക്കും എന്തുപറ്റി എന്നറിയാന്‍ ആരാധകര്‍ക്ക് കൌതുകമുണ്ട്.

ആര്‍എസ് വിമലിന്‍റെ ചിത്രത്തില്‍ നിന്നും പൃഥ്വിരാജ് പിന്മാറുകയും പകരം തെന്നിന്ത്യന്‍ നടന്‍ വിക്രം നായകനാക്കി മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ ഒരുക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പി ശ്രീകുമാറിന്‍റെ തിരക്കഥയില്‍ മമ്മൂട്ടി കര്‍ണനായി എത്തേണ്ട ചിത്രം മുടങ്ങിക്കിടക്കുകയാണ്. പതിനെട്ട് വര്‍ഷം സമയമെടുത്ത് എഴുതിയ തിരക്കഥ സിനിമയാവുക ജീവിതാഭിലാഷമാണെന്ന് തിരക്കഥാകൃത്ത് പി ശ്രീകുമാര്‍ പറയുന്നു. എന്നാല്‍ മമ്മൂട്ടിക്ക് മുന്‍പേ ആ തിരക്കഥ കേട്ടതും അഭിനയിക്കാമെന്ന് പറഞ്ഞതും മോഹന്‍ലാല്‍ ആയിരുന്നെന്ന് തുറന്നു പറയുകയാണ്‌ അദ്ദേഹം. സഫാരി ചാനലിന്‍റെ ഒരു പരിപാടിയിലാണ് ശ്രീകുമാര്‍ കര്‍ണ്ണനെക്കുറിച്ച് തുറന്നു പറഞ്ഞത്.

karnaa

ശ്രീകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ .. “കര്‍ണന്‍റെ തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ട വേണു നാഗവള്ളിയാണ് ഇക്കാര്യം മോഹന്‍ലാലിനോട് പറഞ്ഞത്. അദ്ദേഹം എന്നെ ആളയച്ച് വിളിപ്പിച്ചു. അദ്ദേഹത്തിന് അന്ന് കഴുത്ത് വേദനയായി ചികിത്സയില്‍ കഴിയുന്ന സമയമായിരുന്നു. അതിനാല്‍ കിടന്നുകൊണ്ട് കേള്‍ക്കാമെന്ന് പറഞ്ഞു. പക്ഷേ തിരക്കഥ വായിച്ച് പത്ത് മിനിറ്റ് കഴിഞ്ഞ് നോക്കുമ്പോള്‍ അദ്ദേഹം കിടപ്പ് മതിയാക്കി എഴുന്നേറ്റിരിക്കുകയാണ്. ഒരുപാട് ചോദ്യങ്ങളൊക്കെ ചോദിച്ച് ആവേശത്തോടെയായിരുന്നു പിന്നീട് കഥ കേട്ടത്. അദ്ദേഹത്തിന് അത് നന്നായി ഇഷ്ടപ്പെട്ടു. ഇത് നമ്മള്‍ ചെയ്യുന്നു എന്ന് പറഞ്ഞു.

പിന്നീട് തിലകന്‍ വഴിയാണ് ഈ തിരക്കഥയെക്കുറിച്ച് മമ്മൂട്ടി അറിയാന്‍ ഇടയായത്. മമ്മൂട്ടി അഭിനയിക്കുന്ന ഒരു സിനിമയുടെ ചിത്രീകരണം അപ്പോള്‍ പൊള്ളാച്ചിയില്‍ നടക്കുകയായിരുന്നു. അതില്‍ തിലകനും വേഷമുണ്ട്. തനിക്ക് ഇനിയും ഒരു ദേശീയ അവാര്‍ഡ് വാങ്ങണമെന്ന ആഗ്രഹമുണ്ടെങ്കില്‍ തിരുവനന്തപുരത്തുകാരന്‍ ശ്രീകുമാര്‍ എഴുതിയ ഒരു തിരക്കഥ വായിച്ചുനോക്കാനാണ് മമ്മൂട്ടിയോട് തിലകന്‍ പറഞ്ഞത്. പിന്നാലെ മമ്മൂട്ടിയുടെ വിളിയെത്തി, പൊള്ളാച്ചിയില്‍ എത്താന്‍. ആ രാത്രി മുഴുവന്‍ മമ്മൂട്ടിയുടെ മുറിയിലിരുന്ന് തിരക്കഥ വായിച്ചു. പുലര്‍ച്ചെയായപ്പോഴേക്ക് അദ്ദേഹം വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു. മമ്മൂട്ടി മദ്രാസില്‍ പോയി ഹരിഹരനോട് ഈ തിരക്കഥയുടെ കാര്യം പറഞ്ഞു. ഉടനെ പോയി ഈ സ്ക്രിപ്റ്റ് കേള്‍ക്കണമെന്നും ഇത് സിനിമയാക്കണമെന്നും പറഞ്ഞു. അങ്ങനെ ഹരിഹരന്‍ തിരുവനന്തപുരത്തെത്തി. തിരക്കഥ കേട്ടു. അസാധ്യ തിരക്കഥയാണ്, നമ്മളിത് ചെയ്യുന്നുവെന്ന് പറഞ്ഞു. അദ്ദേഹം ഗുഡ്നൈറ്റ് മോഹനോട് ഈ സിനിമ സംസാരിച്ചിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ മോഹന്‍ അന്ന് ചെയ്ത ഹിന്ദി ചിത്രം പരാജയപ്പെട്ടത് അദ്ദേഹത്തിന് സാമ്പത്തികബാധ്യത ഉണ്ടാക്കിയിരുന്നു.”

പിന്നീട് മാക്ട സംഘടന ഉള്‍പ്പെടെ ഈ തിരക്കഥ ബഹുഭാഷകളില്‍ നിര്‍മ്മിക്കാന്‍ ആലോചിച്ചെന്നും എന്നാല്‍ പല കാരണങ്ങളാല്‍ നടക്കാതെപോയെന്നും പറയുന്നു പി ശ്രീകുമാര്‍. എന്നാല്‍ ഒരു നിര്‍മ്മാതാവ് വന്നാല്‍ താന്‍ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രത്തില്‍ നിന്ന് മൂന്നാമത്തെ ചിത്രമായി കര്‍ണന്‍ ചെയ്യാമെന്ന് മമ്മൂട്ടി വാക്ക് തന്നിട്ടുണ്ടെന്നും ശ്രീകുമാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button