ധർമജൻ ആദ്യമായി നിർമ്മാതാവാകുന്നു ചിത്രം ആണ് നിത്യഹരിത നായകൻ. ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ ആണ് നായകനായി എത്തുന്നത്. നവാഗതനായ എ ആർ ബിനുരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാജി കൈലാസ്, എകെ സാജൻ, ദീപൻ എന്നിവരുടെ സംവിധാന സഹായിയായി പ്രവർത്തിച്ച് കഴിവ് തെളിയിച്ച ആളാണ് ബിനുരാജ്. ചിത്രത്തിലെ ഗാനങ്ങളുടെ ചിത്രീകരണവും പുറത്തു വന്ന ടീസറും അത് അടിവരയിട്ട് പറയുന്നു.
ഇന്നലെയാണ് ചിത്രത്തിലെ “നീലരാവിലായി” എന്ന ഗാനം പുറത്തു വന്നത്. രഞ്ജിൻ രാജിന്റെ സംഗീതത്തിൽ ഒരുങ്ങിയ മനോഹര ഗാനത്തിന് ശബ്ദം നൽകിയിരിക്കുന്നത് മലയാളികളുടെ പ്രിയ ഗായകരായ എംജി ശ്രീകുമാറും സുജാത മോഹനും ആണ്. ഇപ്പോൾ ഈ ഗാനം പ്രേക്ഷകർ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. കുറെ നാളുകൾക്കിടയിൽ ഇറങ്ങിയ പ്രണയഗാനങ്ങളിൽ മികച്ച ഒന്നാണ് നീലരാവായി എന്ന ഗാനം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഈ വർഷത്തെ മികച്ച ഗാനം, സുജാതയുടെയും എംജി ശ്രീകുമാറിന്റെയും ശബ്ദം ഒരുമിച്ച് കേട്ടതിൽ വീണ്ടും സന്തോഷം, മലയാളത്തിലെ എവർഗ്രീൻ ഗാനങ്ങളുടെ നിരയിലേക്ക് ഒന്ന് കൂട്ടി എന്നിങ്ങനെ ആണ് ഗാനത്തെ കുറിച്ച് പ്രേക്ഷകർ പറയുന്നത്. 24 മണിക്കൂർ കൊണ്ട് ഗാനം ഇരുപത്തിയൊന്നായിരം കാഴ്ചക്കാരെ നേടി മുന്നേറുകയാണ്. 800 ഓളം ലൈക്കുകളും ഗാനം നേടി കഴിഞ്ഞു.
ഗാനത്തിന്റെ മനോഹാരിതക്ക് പുറമെ ബിനുരാജിന്റെ ചിത്രീകരണത്തിനെയും എല്ലാവരും പുകഴ്ത്തുകയാണ്.
പാലക്കാടിന്റെ ഗ്രാമഭംഗിയെ അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. പഴയകാലവും നാട്ടുമ്പുറത്തെ ഓർമ്മകളും എല്ലാം മനസ്സിൽ നിറയുന്നു, ഗാനം നല്ല കളർഫുൾ ആയിട്ടുണ്ട് എന്നിങ്ങനെ ആണ് ഗാനത്തെ കുറിച്ച് വരുന്ന കമെന്റുകൾ.
ജയശ്രീ ശിവദാസും വിഷ്ണു ഉണ്ണികൃഷ്ണനും ആണ് ഗാനരംഗത്തിൽ ഉള്ളത്. വിഷ്ണു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സ്കൂൾകാല പ്രണയം ആണ് ഗാനത്തിൽ ചിത്രീകരിച്ചിട്ടുള്ളത്. വിഷ്ണുവിന്റെ നായികമാരായി നാല് പുതുമുഖങ്ങള്‍ ആണ് ചിത്രത്തിൽ എത്തുന്നത്.
ധർമജനൊപ്പം മനു തച്ചേട്ടും നിർമാണ പങ്കാളിയാണ്. പവി കെ പ്രവൻ ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. നൗഫൽ അബ്ദുല്ല എഡിറ്റിംഗ് നിർവഹിക്കുന്നു. കലാസംവിധാനം അർക്കൻ എസ് കർമ്മ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുകര, പിആർഒ വാഴൂർ ജോസ്.
ജയഗോപാല്‍ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. ഇന്ദ്രൻസ്, മഞ്ജു പിള്ള, ബേസിൽ ജോസഫ്, രവീണ രവി, ശിവകാമി, ജാഫർ ഇടുക്കി, ബിജുക്കുട്ടൻ, ശ്രുതി, ജയകുമാർ, അഞ്ചു അരവിന്ദ്, മാസ്റ്റർ ആരോൺ, ഗായത്രി, സജു നവോദയ, സുനിൽ സുഗത എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
Post Your Comments