തന്റെതായ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇരയായ നടിയാണ് പാര്‍വതി. മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ ആരാധക ഭീഷണിയും സൈബര്‍ ആക്രമണവും നേരിടേണ്ടി വന്ന താരം തനിക്ക് സിനിമയില്‍ അവസരം കുറഞ്ഞുവെന്നു തുറന്നു പറയുന്നു. ‘കസബ’ വിവാദത്തിനു ശേഷം തനിക്ക് ലഭിച്ചത് ഒരേയൊരു സിനിമയിലെ അവസരമെന്ന് പാര്‍വ്വതി. അല്ലാതെയുള്ള രണ്ടോ മൂന്നോ അവസരങ്ങള്‍ ‘കസബ’ വിവാദത്തിന് മുന്‍പ് എത്തിയതാണെന്നും പാര്‍വ്വതി ദി ഹിന്ദു ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ തുറന്നുപറയുന്നു.
“കസബയ്ക്ക് ശേഷം വന്നത് ഒരു സിനിമയുടെ അവസരം മാത്രമാണ്. അത് ആഷിക് അബുവിന്റെ വൈറസ് ആണ്. പക്ഷേ അതെന്നെ അത്ഭുതപ്പെടുത്തിയില്ല. കാരണം ആഷിക് ഒരു ലിബറല്‍ ആണ്. തനിക്ക് മാത്രമല്ല ഈ പ്രശ്നം ഉണ്ടായിട്ടുള്ളത്. മുന്‍പും അനേകം നടിമാര്‍ വേഗത്തില്‍ അസ്തമിച്ച് പോയിട്ടുണ്ട്. അതിന്റെ കാരണം ആര്‍ക്കും അറിയില്ലെന്നുമാത്രം” പാര്‍വ്വതി പറയുന്നു. കൂടാതെ ഇത്തരം തുറന്നു പറച്ചില് നടത്തുന്നത് ശസ്തിയ്ക്കുവേണ്ടി ആണെന്ന് ആളുകള്‍ വിമര്‍ശിക്കുന്നതിനെയും പാര്‍വതി മറുചോദ്യത്തിലൂടെ വിമര്‍ശിച്ചു. “എനിക്കും റിമയ്ക്കും രമ്യയ്ക്കുമൊക്കെ ഈ പോരാട്ടത്തില്‍ നിന്ന് ലഭിക്കുന്നത് എന്താണ്? പ്രശസ്തിയ്ക്കുവേണ്ടി ആണെന്ന് ആളുകള്‍ പറയുന്നത് വിചിത്രമായി തോന്നും. നാലോ അഞ്ചോ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അതിനേക്കാളപ്പുറം എനിക്ക് ഒരു പ്രശസ്തിയും ആവശ്യമില്ല.” അവസരം നിഷേധിക്കപ്പെടുന്നത് തനിക്ക് മാത്രമല്ലെന്നും ഡബ്ല്യുസിസിയുമായി ചേര്‍ന്ന് നില്ക്കുന്ന മറ്റ് നടിമാരുടെയും കാര്യം അങ്ങനെതന്നെയാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
കൂടാതെ തനിക്ക് അവസരങ്ങള്‍ നഷ്ടമാകുന്നത് താന്‍ തൊഴിലില്‍ മോശമായതുകൊണ്ടല്ലെന്ന് മറ്റുള്ളവര്‍ അറിയണമെന്നുള്ളത് കൊണ്ടാണ് ഈ തുറന്നു പറച്ചില് നടത്തുന്നതെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു
Post Your Comments