GeneralLatest NewsMollywood

‘ഉറുമി’യിലെ നൃത്തരംഗങ്ങള്‍ ചെയ്യുമ്പോള്‍ അതീവ ഭയത്തിലായിരുന്നു; വിദ്യാബാലന്‍

ബോളിവുഡ് താര റാണി വിദ്യാബാലന്‍ മലയാളത്തില്‍ എത്തിയ ചിത്രമായിരുന്നു ഉറുമി. സന്തോഷ്‌ ശിവന്‍ സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ ഉറുമിയില്‍ വിദ്യ ഒരു ഐറ്റം ഡാന്‍സ് ആണ് അവതരിപ്പിച്ചിരുന്നത്. പൃഥ്വിരാജ്, പ്രഭു ദേവ, ജെനീലിയ ഡിസൂസ, നിത്യാ മേനോന്‍, ആര്യ, ജഗതി ശ്രീകുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ഈ സിനിമയിലെ ഐറ്റം ഗാനരംഗത്തില്‍ വിദ്യയ്‌ക്കൊപ്പം എത്തിയത് പൃഥ്വിരാജും പ്രഭു ദേവയുമായിരുന്നു.  എന്നാല്‍ ചിത്രം പ്രദര്‍ശനത്തിനു എത്തി എട്ടു വര്‍ഷങ്ങള്‍പിന്നിടുമ്പോള്‍  ആ ചിത്രത്തെക്കുറിച്ച് തുറന്നു പറയുകയാണ്‌ താരം. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിദ്യ തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്. ഉറുമിയിലെ ഗാനരംഗത്തിന്റെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

നൃത്തം ചെയ്യാന്‍ തന്നെ തനിക്കു ഭയമാണ് എന്നിരിക്കെ നൃത്തത്തില്‍ പ്രഗത്ഭനായ പ്രഭു ദേവയെപ്പോലെ ഒരാളുടെ മുന്നില്‍ വല്ലാത്ത പേടിയായിരുന്നു എന്നും ചിത്രീകരണത്തിന്റെ ആദ്യാവസാനം താന്‍ ‘നെര്‍വസ്’ ആയിപ്പോയി എന്നുമാണ് വിദ്യ പറഞ്ഞിരിക്കുന്നത്. ‘2010ല്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ‘ഉറുമി’ എന്ന ചിത്രത്തില്‍ ‘ചലനം ചലനം’ എന്ന ഗാനരംഗത്തില്‍ ഞാന്‍ ഒരു സ്‌പെഷ്യല്‍ അപ്പിയറന്‍സ് ചെയ്തിരുന്നു. (മുംബൈയ്ക്കടുത്ത്) മാല്‍ഷജ് ഘാട്ടില്‍ അതും കനത്ത മഴയത്തായിരുന്നു ചിത്രീകരണം. മുഴുവന്‍ ചളിയുമായിരുന്നു. ചിത്രീകരണ സമയത്ത് മുഴുവന്‍ ഞാന്‍ അനുഭവിച്ച പേടിയും ‘നെര്‍വസ്‌നെസും’ ആണ് അതിനെക്കുറിച്ച്‌ ഓര്‍ക്കുമ്ബോള്‍ ഓര്‍ വരുന്നത്.

എന്റെ നൃത്തത്തെ കുറിച്ച്‌ എനിക്ക് തന്നെ വലിയ മതിപ്പില്ലാതെയിരിക്കുന്ന സാഹചര്യത്തില്‍ പ്രഭുദേവയുടെ മുന്നില്‍ നൃത്തം ചെയ്യേണ്ടി വരുന്നതിനെക്കുറിച്ച്‌ ടെന്‍ഷന്‍ ആയിരുന്നു. അത് മാത്രമല്ല, നൃത്തം ചെയ്യാനും ഞാന്‍ നൃത്തം ചെയ്തത് കാണാനും എനിക്ക് തന്നെ ഇഷ്ടമല്ല. പക്ഷേ ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ഗാനം കണ്ടപ്പോള്‍ എനിക്ക് എന്നെത്തന്നെ മറ്റൊരു വീക്ഷണകോണിലൂടെ കാണാന്‍ ആവുന്നുണ്ട്. ഇന്നത്തെ എന്നെക്കുറിച്ച്‌ എനിക്ക് നല്ല അഭിപ്രായം ഉണ്ടാകാന്‍ അടുത്ത എട്ടു വര്‍ഷം കാത്തിരിക്കണോ എന്ന്. വേണ്ട എന്നാണ് ഉത്തരം. എന്നെ ഞാനായിത്തന്നെ സ്‌നേഹിക്കാന്‍, സ്വീകരിക്കാന്‍ ഞാന്‍ ഇന്ന്, ഇപ്പോള്‍, ഈ നിമിഷം തന്നെ തയ്യാറാണ്’- വിദ്യാ ബാലന്‍ കുറിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button