
താര സംഘടനയായ അമ്മയില്‍ ഭിന്നത. നടന്‍ ദിലീപ് വിഷയത്തില്‍ വിമര്‍ശനവുമായി എത്തിയ വനിതാ താരങ്ങളുടെ വാര്‍ത്താ സമ്മേളനത്തിന് മറുപടിയുമായി എത്തിയ അമ്മയുടെ നിലപാട് വിവാദത്തില്‍. ഡബ്ല്യുസിസിയ്ക്ക് മറുപടിയുമായി ജഗദീഷും സിദ്ധിഖും രംഗത്ത് എത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഒറ്റ നോട്ടത്തില്‍ തന്നെ പരസ്പര വൈരുദ്ധ്യമുള്ള കാര്യങ്ങളാണ് ജഗദീഷും സിദ്ദിഖും ‘അമ്മ’യുടെ നിലപാടായി മാധ്യമങ്ങളോട് പറഞ്ഞത്.
ആക്ഷേപമുയര്‍ത്തിയ വനിതാ അംഗങ്ങളുമായി രമ്യതയിലെത്തണമെന്ന അഭിപ്രായമാണ് ജഗദീഷിന്റെ കുറിപ്പ്. സിദ്ദിഖും കെപിഎസി ലളിതയും ചേര്‍ന്നുനടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡബ്ല്യുസിസിയുമായി ചര്‍ച്ചയ്ക്കില്ലെന്നും വനിതാ അംഗങ്ങളെ തിരിച്ചെടുക്കണമെങ്കില്‍ മാപ്പ് പറയണമെന്നുമാണ് ഇരുവരും ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ ആരാണ് ‘അമ്മ’യുടെ യഥാര്‍ഥ വക്താവ് എന്ന ചോദ്യവുമായി പാര്‍വതി രംഗത്ത് എത്തി. ജഗദീഷ് ‘അമ്മ’യുടെ ഖജാന്‍ജി മാത്രമാണെന്നും വക്താവല്ലെന്നും അദ്ദേഹത്തിന്റെ വാര്‍ത്താക്കുറിപ്പ് കണ്ടിട്ടില്ലെന്നുമായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. എന്നാല്‍ മോഹന്‍ലാലിനോട് ചോദിച്ചിട്ടാണ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത് എന്നായിരുന്നു ജഗദീഷിന്റെ പ്രതികരണം.
ഈ വിഷയത്തില്‍ അമ്മയില്‍ ഭിന്നത രൂഷമാകുമ്പോള്‍ രാജി സന്നദ്ധത അറിയിച്ച് മോഹന്‍ലാല്‍. ദിലീപ് വിഷയത്തില്‍ ഓരോ അവസരത്തിലും ആരോപണങ്ങള്‍ തനിക്കുനേരെ വരുന്നതിലുള്ള അസ്വസ്ഥതയും ഒപ്പം രാജി സന്നദ്ധതയും മോഹന്‍ലാല്‍ സുഹൃത്തുക്കളെ അറിയിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘടനയുമായി ബന്ധപ്പെട്ട ദൈനംദിന കാര്യങ്ങള്‍ നോക്കാന്‍ ഒരു വര്‍ക്കിംഗ് പ്രസിഡന്റോ അല്ലെങ്കില്‍ സ്ഥിരം വക്താവോ വേണമെന്ന അഭിപ്രായവും മോഹന്‍ലാല്‍ പങ്കുവച്ചു എന്നാണ് അറിയുന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് ജഗദീഷിന്റെ വാര്‍ത്താക്കുറിപ്പും ഉച്ചയ്ക്ക് ശേഷം സിദ്ദിഖിന്റെയും കെപിഎസി ലളിതയുടെയും വാര്‍ത്താസമ്മേളനവും നടന്നത്.
Post Your Comments