താര സംഘടനയായ അമ്മയുടെ നിലപാടിനെതിരെ ഡബ്ല്യുസിസി അംഗം പാര്‍വതി. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് നീതി ലഭിച്ചില്ലെന്നുകാട്ടി മലയാള സിനിമയിലെ വനിതാ താരങ്ങളുടെ കൂട്ടായ്മ പത്ര സമ്മേളനം നടത്തി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഡബ്ല്യുസിസിയുടെ പ്രസ്താവനക്കെതിരേ ആദ്യം പത്രക്കുറിപ്പിറക്കിയും പിന്നീട് പത്രസമ്മേളനം നടത്തിയും വിശദീകരണം നല്‍കിയ അമ്മയുടെ നടപടി ആശയക്കുഴപ്പം തീര്‍ക്കുന്നതായി നടി പാര്‍വതി. അമ്മയുടെ വക്താവ് എന്ന നിലയില്‍ ജഗദീഷ് രാവിലെ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. പിന്നാലെ സിദ്ദിഖ് വാര്‍ത്തസമ്മേളനവും നടത്തി. ഇതിനെതിരെയാണ് പാര്‍വതി രംഗത്ത് എത്തിയത്.
ജഗദീഷ് പറഞ്ഞതാണോ സിദ്ദിഖ് പറഞ്ഞതാണോ ‘അമ്മ’യുടെ നിലപാട് എന്ന് സംഘടന തന്നെ വ്യക്തമാക്കണമെന്ന് പാര്‍വതി പറഞ്ഞു. ഡബ്ല്യുസിസിക്ക് മറുപടി നല്‍കിയ പത്രക്കുറിപ്പ് സംബന്ധിച്ച് സിദ്ദിഖിന്റെ വാദം ജഗദീഷ് തള്ളിയതിനു പിന്നാലെയാണ് പാര്‍വ്വതിയുടെ വിമര്‍ശനം.
”ജഗദീഷ് അമ്മയുടെ ഖജാന്‍ജി മാത്രമാണ്. അദ്ദേഹം സംഘടനയുടെ വക്താവല്ല. അമ്മയുടെ നിലപാട് താന്‍ പറഞ്ഞതാണെന്നും മോഹന്‍ലാലിനോടും ഇടവേള ബാബുവിനോടുമെല്ലാം ആലോചിച്ചാണ് ഇപ്പോഴത്തെ വാര്‍ത്താ സമ്മേളന”മെന്നായിരുന്നു സിദ്ദിഖിന്‍റെ പരാമര്‍ശം. എന്നാല്‍, അമ്മ പ്രസിഡന്റ് മോഹന്‍ലാലിനോട് ചര്‍ച്ച ചെയ്താണ് വാര്‍ത്ത കുറിപ്പ് ഇറക്കിയതെന്നും സിദ്ദിഖ് അടക്കമുള്ള ഭാരവാഹികള്‍ക്കും ഇത് അയച്ചു കൊടുത്തിരുന്നുവെന്നുമായിരുന്നു ജഗദീഷിന്‍റെ മറുപടി. കൂടാതെ താന്‍ അമ്മ വക്താവ് തന്നെയാണെന്നും ജഗദീഷ് പറഞ്ഞിരുന്നു.
Post Your Comments