താര സംഘടനായ അമ്മയ്ക്കെതിരെ വനിതാ താരകൂട്ടായ്മ. കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി വുമണ്‍ ഇനി സിനിമ കളക്ടീവ് അംഗങ്ങള്‍. വൈകുന്നേരം കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനിടയിലാണ് അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ അടക്കമുള്ള ഭാരവാഹികള്‍ക്കെതിരെ വിമര്‍ശനവുമായി നടിമാര്‍ എത്തിയത്.
രേവതി, പത്മപ്രിയ, പാര്‍വതി തുടങ്ങിയ താരങ്ങളാണ് വാര്‍ത്താ സമ്മേളത്തില്‍ പങ്കെടുത്തത്. അവരുടെ വാക്കുകള്‍ ഇങ്ങനെ..” മൂന്ന് ദിവസം മുന്‍പ് അമ്മ പ്രസിഡന്‍റ് ഞങ്ങളെ വാര്‍ത്താസമ്മേളനത്തില്‍ വിശേഷിപ്പിച്ചത് നടിമാര്‍ എന്നാണ്. ഞങ്ങളുടെ പേര് പോലും പറയാന്‍ അങ്ങേര്‍ക്ക് സാധിച്ചില്ല. അതുകൊണ്ടാണ് വാര്‍ത്താസമ്മേളനത്തിന് വന്നപ്പോള്‍ ഞങ്ങളെല്ലാവരും സ്വയം ഒന്നു പരിചയപ്പെടുത്തിയത്.
ഏഴാം തീയതി നടന്ന അമ്മ എക്സിക്യൂട്ടീവ് ചര്‍ച്ചയില്‍ ആദ്യത്തെ നാല്‍പ്പത് മിനിറ്റ് തങ്ങള്‍ ജനറല്‍ ബോഡിക്ക് വന്നില്ലെന്നും മറ്റുമുള്ള കാര്യങ്ങളാണ് അമ്മ ഭാരവാഹികള്‍ പറഞ്ഞത്. അക്രമിക്കപ്പെട്ട നടിയ്ക്ക് നേരെ പോലും ആദ്യഘട്ടത്തില്‍ കുറ്റപ്പെടുത്തലുകളുണ്ടായി. പിന്നീട് ആ നടി അയച്ച ഒരു ശബ്ദസന്ദേശം യോഗത്തില്‍ കേള്‍പ്പിച്ചു. ഇതിന് ശേഷമാണ് തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പോലും അമ്മ ഭാരവാഹികള്‍ തയ്യാറായത്.
അമ്മ ജനറല്‍ ബോഡിയിലെടുത്ത തീരുമാനത്തെ താന്‍ എങ്ങനെ തിരുത്തും എന്നാണ് അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ ചോദിച്ചത്. എന്തിനും ഏതിനും ബൈലോയുടെ കാര്യം പറഞ്ഞു കൊണ്ടിരിക്കുന്ന അമ്മ ഭാരവാഹികള്‍ക്ക് ആരോപണവിധേയനായ നടനെ തിരിച്ചെടുത്തതിനെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാനില്ല.
അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങളെ വിശ്വാസിച്ചാണ് നമ്മള്‍ ചര്‍ച്ചയ്ക്ക് പോയത്. ആദ്യഘട്ട ചര്‍ച്ച കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത് നമ്മുക്കിപ്പോള്‍ മാധ്യമങ്ങളോട് ഒന്നും പറയേണ്ട എന്നാണ്. ഒരു ചര്‍ച്ചയ്ക്ക് പരസ്പരവിശ്വാസം അനിവാര്യമാണ് അതിന്‍റെ പേരിലാണ് ഇത്രകാലവും നിശബ്ദരായിരുന്നത്. കുറ്റാരോപിതനായ ഒരാള്‍ സംഘടനയ്ക്കുള്ളില്‍ ഉണ്ട്. പീഡനത്തിന് ഇരയായ ആള്‍ സംഘടനയ്ക്ക് പുറത്താണ്. ഇതാണോ നീതി. ഇതിനെയാണോ നീതി എന്നു പറയുന്നത്.
നിര്‍വാഹകസമിതി യോഗത്തില്‍ പങ്കെടുത്ത നടന്‍ ബാബുരാജ് ചൂടുവെള്ളത്തില്‍ വീണ പൂച്ച എന്നാണ് ആക്രമണത്തിനിരയായ നടിയെ വിശേഷിപ്പിച്ചത്. നടിയ്ക്ക് വേണ്ടി കേസില്‍ കക്ഷിചേരാന്‍ വേണ്ട ഹര്‍ജി തയ്യാറാക്കിയ ആളാണ് ബാബു രാജ്. അദ്ദേഹം പറയുന്നത് കേട്ട് ഞെട്ടിയിരിക്കാന്‍ മാത്രമേ ഞങ്ങള്‍ക്ക് സാധിച്ചുള്ളൂ”.
Post Your Comments