താനൊരു ഈശ്വര വിശ്വാസിയാണെന്ന് സംവിധായകന് വിനയന്, അച്ഛനും അമ്മയുമൊക്കെ പഠിപ്പിച്ച് തന്നത് അങ്ങനെയാണെന്നും, കുട്ടിക്കാലത്ത് കുറെ നാള് ഈശ്വര വിശ്വാസമില്ലായിരുന്നുവെന്നും വിനയന് പങ്കുവെയ്ക്കുന്നു.
‘ആകാശ ഗംഗ’ എന്ന ചിത്രമെടുക്കാന്‍ പ്രേരണയായത് അമ്മ പറഞ്ഞു തന്നിട്ടുള്ള യക്ഷി കഥയാണെന്നും, അമ്മയോടുള്ള സ്നേഹം കൊണ്ടാണ് താന്‍ ഇരുപത് ലക്ഷം മുടക്കി കുട്ടനാട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ഷേത്രം പണിതതെന്നും വിനയന് പറയുന്നു. മനോരമയുടെ ‘നേരെ ചൊവ്വേ’ അഭിമുഖ പരിപാടിയിലായിരുന്നു ഈശ്വര വിശ്വാസത്തെക്കുറിച്ചുള്ള വിനയന്റെ തുറന്നു പറച്ചില്.
ഞാനൊരു ഈശ്വര വിശ്വാസിയാണ്. അച്ഛനും അമ്മയുമൊക്കെ പഠിപ്പിച്ച് തന്നത് അങ്ങനെയാണ്. കുട്ടിക്കാലത്ത് കുറെ നാള് ഈശ്വര വിശ്വാസം ഇല്ലാതിരുന്നു എന്നുള്ളത് സത്യമാണ്, അമ്മ അമ്പലത്തില്‍ പോകുമ്പോള്‍ ഞാന്‍ പുറത്തു നില്ക്കുമായിരുന്നു. അത് അന്നത്തെ പ്രായത്തിന്റെതായിരുന്നു. പക്ഷെ കുടുംബത്തിന്റെതായ ഒരു ഈശ്വര വിശ്വാസം എന്നിലുണ്ട്.
‘ഭൂതപ്രേതമെന്നൊക്കെ പറയുന്നത് ഏറ്റവും രസകരമായ മിത്തുകളാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. പ്രണയാര്ദ്രയായ, പ്രതികാര ദുര്‍ഗ്ഗയായ ഒരു യക്ഷി ഞങ്ങളുടെ കുടുംബത്തിലെ ഏഴിലംപാലയില്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ കഥയൊക്കെ അമ്മ എനിക്ക് പറഞ്ഞു തന്നിരുന്നു, എനിക്കൊരു ഇരുപത് വയസ്സുള്ളപ്പോള്‍ അമ്മ എന്നെ വിട്ടുപോയി. പിന്നീട് ‘ആകാശ ഗംഗ’ ചെയ്തപ്പോള്‍ ഞാന്‍ വിഷയമാക്കിയത് അമ്മ പറഞ്ഞു തന്ന യക്ഷി കഥയാണ്. കുടുംബ അമ്പലത്തില്‍ യക്ഷിയുടെ ഒരു രൂപമുണ്ട്, അവിടെ തൊഴാറുണ്ട്, ഈശ്വര വിശ്വാസത്തിനപ്പുറം അതൊക്കെ മെന്റലി മനസ്സിനു നല്കുന്ന ഒരു സുഖമുണ്ട് അതാണ് എന്റെ കാഴ്ചപാടിലെ വിശ്വാസം, സിനിമ ചെയ്തു വലിയ ഹിറ്റായപ്പോള്‍ അമ്മയ്ക്ക് വേണ്ടി ഒന്നും ചെയ്തിലല്ലോ എന്നൊരു കുറ്റബോധം എനിക്കുണ്ടായി,അങ്ങനെയാണ് അന്ന് ഇരുപത് ലക്ഷത്തോളം മുടക്കി ഞാന്‍ കുട്ടനാട്ടില്‍ ഒരു ക്ഷേത്രം നിര്‍മ്മിച്ചത്’.
Post Your Comments