ബലാത്സംഗ രംഗം; ആ സിനിമ ആദ്യം ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തി കജോള്‍

കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന, ആരാധക പ്രീതിനേടിയ താരമാണ് കാജോള്‍. തന്റെ അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത ചില അനുഭവങ്ങള്‍ താരം പങ്കുവയ്ക്കുന്നു.

1998 ല്‍ ഇറങ്ങിയ ദുശ്മന്‍ എന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് കാജോള്‍ എത്തിയത്. എന്നാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നില്ല എന്നാണ് താന്‍ ആദ്യം തീരുമാനിച്ചതെന്ന് ഒരു അഭിമുഖത്തില്‍ താരം തുറന്നു പറയുന്നു. ബലാത്സംഗ രംഗമുള്ള ഒരു ചിത്രം ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നില്ലെന്നും അതിനാലാണ് ആ ചിത്രം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും കാജോള്‍ വ്യക്തമാക്കി .

‘താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ … ബലാത്സംഗ രംഗമുള്ള ഒരു ചിത്രം ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല അതുകൊണ്ടാണ് ചിത്രത്തിന് നോ പറഞ്ഞത്. അത് അഭിനയിക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല. അത് വളരെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഞാന്‍ കരുതി. സിനിമ ചിത്രീകരണത്തിനായാലും എന്തായാലും ഒരാള്‍ എന്നോട് അത് ചെയ്യുന്നത് എനിക്ക് സുഖകരമായി തോന്നിയില്ല. പിന്നീട് ചിത്രത്തിന്റെ സംവിധായകയും നിര്‍മാതാവുമായ പൂജ ഭട്ടിന്റെ വാക്കിലാണ് സിനിമയുടെ ഭാഗമാകുന്നത്. ഒരു ക്ലോസ് അപ് ഷോട്ട് മാത്രം മതിയെന്നും ബാക്കി കൈകാര്യം ചെയ്‌തോളാം എന്നുമാണ് അവര്‍ പറഞ്ഞത്. അവര്‍ പറഞ്ഞ വാക്ക് നിറവേറ്റി. നിങ്ങള്‍ സിനിമകാണുകയാണെങ്കില്‍ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ പറ്റില്ല. വളരെ മികച്ച രീതിയിലാണ് അവര്‍ അത് ചെയ്തത്. ആ സിനിമ ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്.’

Share
Leave a Comment