ആ നിമിഷം ജീവിത്തില്‍ എനിക്ക് മറക്കാന്‍ കഴിയില്ല; കൊച്ചിയില്‍ എത്തിയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് സണ്ണി ലിയോണ്‍

ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണിലിയോണ്‍. പോണ്‍ സിനിമകളില്‍നിന്ന് ബോളിവുഡിലേക്ക് ചേക്കേറിയ സണ്ണി മുഖ്യധാര ചിത്രങ്ങളുടെ ഭാഗമായി മാറിക്കഴിഞ്ഞു. ചൂടന്‍ ചിത്രങ്ങള്‍ കൊണ്ട് ആരാധകരെ കീഴ്പ്പെടുത്തുന്ന സണ്ണി കേരളത്തില്‍ എത്തിയതിന്റെ സന്തോഷം ഓര്‍ത്തെടുക്കുന്നു. ഒരു മൊബൈല്‍ ഷോപ്പ് ഉദ്ഘാടനത്തിനായിരുന്നു താരം കൊച്ചിയിലെത്തിയത്. ആരാധകര്‍ വലിയ വരവേല്‍പ്പാണ് താരത്തിനു നല്‍കിയത്. കൊച്ചിയിലെ ഗതാഗതം സ്തംഭിപ്പിക്കുന്ന ജനക്കൂട്ടമായിരുന്നു സണ്ണിയെ കാണാന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ കൊച്ചിയിലെത്തിയത്. ഇതേ കുറിച്ച്‌ സണ്ണി ലിയോണ്‍ പറയുന്നതിങ്ങനെ.

‘ആ ദിവസം എനിക്ക് മറക്കാന്‍ കഴിയില്ല. എന്നെക്കാണാനെത്തിയ ജനക്കൂട്ടം കണ്ട് കണ്ണു നിറഞ്ഞു പോയി. അത് തികച്ചും ഭ്രാന്തമായ ഒന്നായിരുന്നു, ഞാന്‍ കൊച്ചിയിലെത്തിയത് സിനിമാ പ്രചാരണത്തിനോ ടെലിവിഷന്‍ പ്രചാരണത്തിനോ ആയിരുന്നില്ല. ഒരു ഇലക്‌ട്രോണിക്‌ മൊബൈല്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിനായിരുന്നു. ഒരു സാധാരണ പരിപാടിയായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. കൊച്ചിയില്‍ പോകുന്നതില്‍ സന്തോഷമായിരുന്നു. എന്റെ കാറിനു ചുറ്റും തിങ്ങിക്കൂടി നില്‍ക്കുന്ന ആളുകളെയാണ് ഞാനാദ്യം ശ്രദ്ധിച്ചത്. പിന്നെ ആളുകള്‍ കൂടിക്കൂടി വന്നു. പരിപാടി നടക്കുന്ന സ്ഥലത്ത് ചെറിയൊരു സ്റ്റേജായിരുന്നു. അതില്‍ കയറി നിന്നപ്പോള്‍ എനിക്കു വിശ്വസിക്കാനായില്ല. എന്റെ ദൈവമേ… എന്തൊരു ജനക്കൂട്ടമായിരുന്നു! എന്റെ ശ്വാസം നിലച്ച പോലെയായി. എനിക്ക് കരയാന്‍ തോന്നി. എന്തൊരു ഊര്‍ജ്ജമായിരുന്നു അത്. എനിക്കു ചുറ്റും ഒരുപാട് ആളുകള്‍. അവര്‍ എനിക്കുവേണ്ടി ആര്‍പ്പുവിളിക്കുന്നു.’

ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് തിരികെ കാറിലെത്തിയ താന്‍ സോഷ്യല്‍ മീഡിയയിലാണ് ഈ ജനക്കൂട്ടത്തിന്റെ വലിപ്പം മനസിലാക്കിയത്. പരിപാടിയുടെ ആകാശച്ചിത്രം കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയെന്നും സണ്ണി ലിയോണ്‍ കൂട്ടിച്ചേര്‍ത്തു.

Share
Leave a Comment