മോഹന്‍ലാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്ന സംശയത്തിലാണ് ആരാധകര്‍. കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ലാല്‍ ദിവസങ്ങള്‍ക്ക് മുന്പ് കൂടികാഴ്ച നടത്തിയിരുന്നു. അതോടെ അടുത്ത തിരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്നു വാര്‍ത്തകള്‍. എന്നാല്‍ ആ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. ആരാധകര്‍ക്കായി കുറിച്ച ബ്ലോഗിലാണ് നരേന്ദ്ര മോഡിയുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ച് മോഹന്‍ലാല്‍ വെളിപ്പെടുത്തുന്നത്.
ബ്ലോഗിൽ നിന്നുള്ള പ്രസക്തഭാഗങ്ങള്‍
ഇക്കഴിഞ്ഞ സെപ്റ്റംബർ 3 വ്യക്തിപരമായി എനിക്ക് ഏറെ വിശേഷപ്പെട്ട ഒരു ദിവസമായിരുന്നു. അന്ന് ഞാൻ പ്രധാനമന്ത്രിയെ നേരിൽച്ചെന്ന് കണ്ട് സന്ദർശിച്ചു. ഡല്‍ഹിയിൽ അദ്ദേഹത്തിന്റെ വീട്ടിൽവച്ചായിരുന്നു സന്ദർശനം. രാവിലെ 11ന്. ഏകദേശം അരമണിക്കൂറോളം അദ്ദേഹവുമായി സംസാരിക്കാനുളള അവസരവും ലഭിച്ചു. ആ ദിവസം എന്റെ സിനിമാ പ്രവേശത്തിന്റെ 41ാം വർഷവുമായിരുന്നു. അന്ന് അഷ്ടമി രോഹിണിയുമായിരുന്നു.
നേരത്തെ അപേക്ഷിച്ചതിനനുസരിച്ചാണ് എനിക്ക് പ്രധാനമന്ത്രിയെ കാണാൻ അനുവാദം ലഭിച്ചത്. അത്ഭുതകരമായി അദ്ദേഹം എന്നെ വന്ന് സ്വീകരിച്ചു. ‘മോഹൻലാൽ ജീ’ എന്നുവിളിച്ച് എന്നെ കെട്ടിപ്പിടിച്ച് മൂന്നുതവണ എന്റെ തോളിൽ തട്ടി.
നാൽപത് വർഷമായി ഞാൻ സിനിമയിൽ അഭിനയിക്കുന്നു എന്നു പറഞ്ഞപ്പോൾ നിഷ്കളങ്കമായി അദ്ദേഹം വിസ്മയിച്ചു. ‘കർണഭാരം’ എന്ന സംസ്കൃത നാടകം ചെയ്തിട്ടുണ്ട് എന്നു പറഞ്ഞപ്പോൾ അദ്ദേഹം ആദരവോടെ ആ ഭാഷയെ വണങ്ങി. അതേക്കുറിച്ച് സംസാരിച്ചു. ഞാൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ ആണെന്നു പറഞ്ഞപ്പോൾ അദ്ദേഹം ഏറെ താൽപര്യത്തോടെ അതേക്കുറിച്ച് കേട്ടും.
എന്റെ അച്ഛനായ വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും പേരിൽ ആരംഭിച്ച മനുഷ്യസേവന മേഖലയിൽ പ്രവർത്തിക്കുന്ന വിശ്വശാന്തി ട്രസ്റ്റിനെക്കുറിച്ച് സംസാരിച്ചു. പിന്നീട് നാല് കാര്യങ്ങളാണ് നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്തത്. കേരളത്തിലെ ആദിവാസികളുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വിശ്വശാന്തി ട്രസ്റ്റ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍, ട്രസ്റ്റിന്റെ പേരില്‍ തുടങ്ങാന്‍ താല്‍പര്യപ്പെടുന്ന ക്യാന്‍സര്‍ കെയര്‍ സെന്ററിനെക്കുറിച്ച്, കേരള പുനര്‍നിര്‍മ്മാണം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ പദ്ധതിയിടുന്ന ഗ്ലോബല്‍ മലയാളി റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്, ഭാവി പദ്ധതിയായ യോഗ റീഹാബിലിറ്റേഷന്‍ സെന്റര്‍ എന്നിവയാണ് ചര്‍ച്ച ചെയ്തത്.
Post Your Comments