GeneralKollywoodLatest News

അന്ന് നയന്‍താര തനിക്ക് തന്ന ഉപദേശം വലുതാണ്‌; വിഘ്‌നേഷ്

സിനിമാ ലോകത്തെ താര പ്രണയങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഇപ്പോഴത്തെ പ്രണയ ജോഡികളാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും. പ്രണയത്തിലാണെന്ന് ഇരുവരും തുറന്നു സമ്മതിച്ചിട്ടില്ലെങ്കിലും ഒരുമിച്ചു ആഘോഷിക്കുന്ന അവധികാല ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ഇരുവരും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഞാനും റൗഡി താന്‍ എന്ന വിഘ്‌നേഷ് ചിത്രത്തിലൂടെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം നയന്‍താര വീണ്ടും സിനിമയില്‍ സജീവമാകുന്നത്. വിഘ്‌നേഷിന്റേയും കരിയറിലെ വഴിത്തിരിവായിരുന്നു ആ ചിത്രം.

nayanthara

നയന്‍താരയെക്കുറിച്ച് തുറന്നു പറയുകയാണ്‌ വിഘ്‌നേഷ്. തന്റെ ജീവിതത്തില്‍ ഏറ്റവും ബഹുമാനിക്കുന്ന വ്യക്തികളില്‍ ഒരാളാണ് നയന്‍താരയെന്നു വിഘ്‌നേഷ് പറയുന്നു. സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ…

‘ഞാനൊരു വിജയിച്ച സംവിധായകനല്ല. നാനും റൗഡി താന്‍ ചെയ്യുന്നതുവരെ പറയാന്‍ മാത്രം ഹിറ്റുകള്‍ ഒന്നും തന്നെ എനിക്കില്ല. മാഡം എന്നായിരുന്നു ഞാന്‍ നയന്‍താരയെ വിളിച്ചിരുന്നത്. അവര്‍ വലിയ ആര്‍ട്ടിസ്റ്റാണ്. അതുകൊണ്ടു തന്നെ അഭിനയത്തെ സംബന്ധിച്ച്‌ നിര്‍ദേശങ്ങള്‍ നല്‍കാന്‍ എനിക്ക് ഭയമായിരുന്നു. അവര്‍ എന്തു കരുതും എന്ന ചിന്തയായിരുന്നു മനസ്സു നിറയെ. ഒരിക്കല്‍ നയന്‍താര എന്നോട് പറഞ്ഞു, നീ സംവിധായകനാണ്, ഇങ്ങനെ ചിന്തിക്കരുത്. നീ തലകീഴായി നില്‍ക്കാന്‍ പറഞ്ഞാലും ഒരു അഭിനേതാവ് എന്ന നിലയില്‍ ഞാനത് ചെയ്‌തേ പറ്റൂ. അതെന്റെ ആത്മവിശ്വാസം ഇരട്ടിയാക്കി. ഞാന്‍ അവരെ വല്ലാതെ ബഹുമാനിക്കുന്നു. ഒരു അഭിനേതാവ് എന്ന നിലയിലും, ഒരു വ്യക്തിയെന്ന നിലയിലും”, വിഘ്‌നേഷ് പറയുന്നു.

nayanthara vignesh sivan

എന്നാല്‍ അവര്‍ സാധാരണ ഒരു പെണ്‍കുട്ടിയാണെന്നും അവരുടെ വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും മാത്രമേ യഥാര്‍ത്ഥ നയന്‍താരയെ അറിയുകയൊള്ളൂവെന്നും വിഘ്‌നേഷ് കൂട്ടിച്ചേര്‍ത്തു. വിവാഹം ഒരിക്കല്‍ നടക്കുമെന്നും എല്ലാവരേയും മുന്‍കൂട്ടി അറിയിച്ചായിരിക്കും വിവാഹം കഴിക്കുകയെന്നും വിഘ്‌നേഷ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button