നാടകാചാര്യന്‍ എന്‍.എന്‍ പിള്ള ‘ഗോഡ്ഫാദര്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി കോഴിക്കോട് എത്തിയപ്പോള്‍ നടന്‍ മാമുക്കോയയോട് ആദ്ദേഹം ഒരു കാര്യം ആവശ്യപ്പെടുകയുണ്ടായി. കോഴിക്കോടിന്‍റെ കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീറിനെ ഒന്ന് പരിചയപ്പെടണം. ഇത് കേട്ട മാമുക്കോയ അന്തംവിട്ടു. നിങ്ങള്‍ ഇതുവരെയും വൈക്കം മുഹമ്മദ് ബഷീറിനെ കണ്ടിട്ടില്ലേ? ഞാന്‍ അത് ഒരിക്കലും വിശ്വസിക്കില്ലാ… എന്നായിരുന്നു മലയാളത്തിന്റെ സ്വന്തം ഗഫൂര്‍ഖാന്റെ മറുപടി. പക്ഷേ എന്‍.എന്‍ പിള്ള വൈക്കം മുഹമ്മദ് ബഷീറിനെ ഒരിക്കല്‍പോലും കണ്ടിട്ടില്ല എന്നതായിരുന്നു പച്ചയായ സത്യം. അങ്ങനെ എന്‍.എന്‍ പിള്ളയുടെ വലിയൊരു ആഗ്രഹം സാധിക്കുന്നതിനായി മാമുക്കോയ വൈക്കം മുഹമ്മദ് ബഷീറിനെ വീട്ടില്‍ പോയികണ്ടു കാര്യം അറിയിച്ചു. എന്‍.എന്‍ പിള്ള കോഴിക്കോട് വന്നത് എന്തിനാണെന്ന് വൈക്കം മുഹമ്മദ് ബഷീര്‍ അന്വേഷിച്ചു. ഒരു സിനിമയില്‍ അദ്ദേഹം ഹീറോയായി അഭിനയിക്കുന്നുണ്ടെന്ന് മാമുക്കോയയുടെ മറുപടി കേട്ടതും വൈക്കം മുഹമ്മദ് ബഷീറൊന്ന് ഞെട്ടി. എന്നിട്ട് ആദ്ദേഹം ഭാര്യയോടായി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു “എടീയെ എന്‍.എന്‍ പിള്ള ഒരു ചിത്രത്തില്‍ ഹീറോയായി അഭിനയിക്കുന്നുണ്ട്, നമ്മുടെയൊക്കെ കാലം തെളിയുമെന്നാ തോന്നുന്നത്”. ഇത് കേട്ടതും കോഴിക്കോടിന്റെ സ്വന്തം മാമുക്കോയയ്ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല . അടുത്ത ദിവസം തന്നെ എന്‍.എന്‍ പിള്ളയേയുംകൂട്ടി മാമുക്കോയ വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടിലെത്തി. അങ്ങനെ വലിയ രണ്ടു കലാകാരന്മാര്‍ ആദ്യമായി ഒന്നിച്ചതിനു മാമുക്കോയ കാരണക്കാരനായി. എന്‍.എന്‍ പിള്ള വൈക്കം മുഹമ്മദ് ബഷീറിനെ ആദ്യമായിട്ടാണ് കാണുന്നതെന്ന് ആ കൂടികാഴ്ചയ്ക്ക് ശേഷവും മാമുക്കോയയ്ക്ക് വിശ്വസിക്കാനായില്ല .
Post Your Comments