മലയാള സിനിമയിലെ പ്രതിനായകന്റെ സ്ഥിരം രൂപഭാവത്തില്‍ നിന്ന് വ്യതി ചലിച്ച് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ കലാകാരനായിരുന്നു ക്യാപ്റ്റന്‍ രാജു. അതിരാത്രവും, ആവനാഴിയും, ആഗസ്റ്റ് ഒന്നും ക്യാപ്റ്റന്‍ രാജുവിന്റെ കരിയറിലെ കരുത്തുറ്റ സിനിമകളായി മാറി. ജോഷി സംവിധാനം ചെയ്ത ‘രക്തം’ എന്ന ചിത്രത്തിലൂടെയാണ് ക്യാപ്റ്റന്‍ രാജു സിനിമാ ലോകത്തെത്തുന്നത്. പ്രധാന വില്ലന്റെ സഹായിയായി, നായകനില്‍ നിന്ന് തല്ലു കൊള്ളാന്‍ വിധിക്കപ്പെടുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്കായിരുന്നു ക്യാപ്റ്റന്‍ രാജു തന്റെ തുടക്കകാലത്ത് ജീവന് നല്‍കിയത്.
പ്രേം നസീര്‍, ജയന് തുടങ്ങിയ അതുല്യ താരങ്ങള്‍ക്കൊപ്പവും ക്യാപ്റ്റന്‍ രാജു അഭിനയിച്ചു തകര്‍ത്തു. പകയുടെ പാവം വില്ലനായ ‘നാടോടിക്കാറ്റി’ലെ പവനായിയായിരുന്നു ക്യാപ്റ്റന്‍ രാജു എന്ന നടനെ കൂടുതല്‍ ജനപ്രിയനാക്കി മാറ്റിയത്.
പിന്നീടു തെന്നിന്ത്യന്‍ സിനിമയില്‍ കളംവാണ ക്യാപ്റ്റന്‍ രാജു അഞ്ഞൂറോളം സിനിമകളില്‍ നിറഞ്ഞാടി. തമിഴും, തെലുങ്കും, കന്നഡയുമൊക്കെ ക്യാപ്റ്റന്‍ രാജുവിലെ നടനെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. മിലിട്ടറിയില്‍ നിന്ന് വെള്ളിത്തിരയുടെ ഗ്ലാമര്‍ ലോകത്തേക്ക് എത്തിയ ക്യാപ്റ്റന്‍ രാജു കടുത്ത ഒരു ദൈവവിശ്വാസികൂടിയായിരുന്നു, വില്ലന്റെ വിപ്ലവ വേഷങ്ങളില്‍ വിരാചിക്കുമ്പോഴും സെന്റിമെന്‍സ് വേഷങ്ങളും ചരിത്ര വേഷങ്ങളും തനിക്ക് ഭംഗിയായി ഇണങ്ങുമെന്ന് ക്യാപ്റ്റന്‍ രാജു തെളിയിച്ചു. ‘കാബൂളിവാല’യും, ‘പുതുക്കോട്ടയിലെ പുതുമണവാളനും’, ‘വടക്കന്‍ വീരഗാധ’യിലെ അരിങ്ങോടരും ക്യാപ്റ്റന്‍ രാജുവിലെ നടന്റെ ആഴം കണ്ടു.
ആരോടും പരിഭവങ്ങളോ, പ്രശ്നങ്ങളോ ഇല്ലാത്ത പ്രകൃതക്കാരനായിരുന്നു ക്യാപ്റ്റന്‍. മമ്മൂട്ടിയും, മോഹന്‍ലാലും ഉള്‍പ്പടെയുള്ള താരങ്ങളുമായി മികച്ച സ്നേഹംബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം സിനിമാക്കാരുടെ സ്നേഹിക്കപ്പെട്ട സുല്‍ത്താനായിരുന്നു.
‘ഇതാ ഒരു സ്നേഹ ഗാഥ’, ‘മിസ്റ്റര്‍ പവനായി’ തുടങ്ങിയ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. കാലത്തിനൊത്ത കരുത്തുറ്റ വില്ലനായിരുന്നു ക്യാപ്റ്റന്‍ രാജു, പ്രേക്ഷകര്‍ക്ക് കലിപൂണ്ട കൊള്ളരുതാത്ത പ്രതിനായക വേഷങ്ങള്‍ കെട്ടിയാടുമ്പോഴും ക്യാപ്റ്റന്‍ രാജുവില്‍ എന്നും ഒരു ചിരിയുണ്ടായിരുന്നു കാലം മായ്ക്കാത്ത കലാകാരന്റെ സത്യമുള്ള പുഞ്ചിരി…
Post Your Comments