GeneralLatest NewsMollywood

അങ്ങനെയൊരു സംഭാഷണം സിനിമയിൽ ഉണ്ടായിരുന്നില്ല; ജഗതി ദിലീപ് ഹിറ്റ് ചിത്രത്തെക്കുറിച്ച് ലാല്‍ ജോസ്

ട്രോളന്മാരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് മലയാളത്തിന്റെ ഹാസ്യ താരം ജഗതി ശ്രീകുമാര്‍. ദിലീപ് കാവ്യ ജോഡിക്കൊപ്പം ജഗതി അഭിനയിച്ച ഹിറ്റ് ചിത്രമാണ് മീശമാധവന്‍. ചിത്രത്തിലെ ഒരു ഹിറ്റ് ഡയലോഗാണ് ”പുരുഷു എന്നെ അനുഗ്രഹിക്കണം”. ഇന്നും ട്രോളുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ രംഗത്തെക്കുറിച്ച് സംവിധായകന്‍ പറയുന്നു.  തിരക്കഥയില്‍ ഇല്ലാതിരുന്ന ആ ഡയലോഗിനു പിന്നിലെ രസകരമായ കഥ  ലാല്‍ ജോസ് വ്യക്തമാക്കി.

അങ്ങനെയൊരു സംഭാഷണം സിനിമയിൽ ഉണ്ടായിരുന്നില്ല. ആ സീനും അങ്ങ‌നെ ആയിരുന്നില്ലെന്ന് ഒരു ചാനല്‍ പരിപാടിയില്‍ ലാല്‍ ജോസ് പറയുന്നു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ.. ” അമ്പിളിച്ചേട്ടൻ‌ (ജഗതി ശ്രീകുമാർ) വീടിനുള്ളലേക്ക് കയറുന്നു. ദിലീപ് പുരുഷുവിനെ കാണിച്ചുകൊടുക്കുന്നു, അയാൾ അടിക്കുന്നു. അത്ര മാത്രമേ തിരക്കഥയില്‍ ഉണ്ടായിരുന്നുള്ളൂ. സ്ഥിരം വരുന്ന വഴിയിലൂടെ വേലി ചാടി അമ്പിളിച്ചേട്ടനെത്തും. വേലി ചാടി വരാന്തയിലേക്കു കേറുമ്പോൾ ദേ പട്ടി കുരക്കുന്നു എന്നൊരു ഡയലോഗ് പറയണമെന്നും അപ്പോള്‍ സ്വന്തമായി എന്തെങ്കിലും ചെയ്തോളാമെന്നും ചേട്ടൻ പറ‍ഞ്ഞു.

പറഞ്ഞതുപോലെ ആ ഷോട്ട് എടുക്കാൻ നേരത്ത് ദേ പട്ടി കുരക്കുന്നു എന്നു പറഞ്ഞു. അപ്പോഴേക്കും ചേട്ടൻ താഴെ വീണ് നാലു കാലിൽ പോകുകയാണ്. ആ നാലു കാലിൽ പോകുന്നതിന്റെ ഫൺ ആണ് ചേട്ടൻ ഉദ്ദേശിച്ചത്. അങ്ങനെ വീണാൽ ആളെ കാണില്ല. ആ രംഗം ഉപയോഗപ്പെടുത്തണമെന്ന് എനിക്കു തോന്നി. അങ്ങനെയാണ് ആ സീൻ വീണ്ടും ഡെവലപ്പ് ചെയ്യുന്നത്.

നാലുകാലിൽ പോകുന്ന അമ്പിളി ചേട്ടൻ നേരെ ദിലീപിന്റെയും പുരുഷുവിന്റെയും കാലിലേയ്ക്കാണ് ചെല്ലുന്നത്. രണ്ടു പേരുടെയും മുന്നിലേക്ക് അമ്പിളിച്ചേട്ടൻ വരുമ്പോൾ തോക്കെടുത്ത് പുരുഷു അടിക്കണം. അതാണ് വേണ്ടത്. എന്നാൽ അമ്പിളിച്ചേട്ടന്റെ ആ നോട്ടം കണ്ടപ്പോൾ അവിടെ ഒരു ഡയലോഗിന് സാധ്യത ഉണ്ടെന്ന് തോന്നി. അങ്ങനെ ഉണ്ടായ ഡിസ്കഷനിൽ നിന്നാണ് ‘പുരുഷു എന്നെ അനുഗ്രഹിക്കണം’ എന്ന ഡയലോഗ് ഉണ്ടായത്. അവിടെ അതല്ലാതെ വേറൊന്നും പറയാനില്ല’.

കടപ്പാട്: മഴവില്‍ മനോരമ

shortlink

Related Articles

Post Your Comments


Back to top button