GeneralLatest NewsMollywood

ആ സീന്‍ കണ്ടപ്പോള്‍ എന്റെ ചങ്ക് തകര്‍ന്ന് പോയി. പാടി മുഴുപ്പിക്കാതെ സ്റ്റുഡിയോയില്‍ നിന്നുമിറങ്ങി!!

അകാലത്തില്‍ അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്. സംവിധായകന്‍ വിനയം ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന പേരില്‍ ഒരുക്കുന്ന ചിത്രത്തെ ക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മണിയുടെ സഹോദരന്‍ ആര്‍ എല്‍വി രാമകൃഷ്ണന്‍. ചിത്രത്തില്‍ ‘ചാലക്കുടി ചന്തയ്ക്ക്’ പോകുമ്പോള്‍ എന്ന മണിയുടെ ഗാനം ആലപിച്ചിരിക്കുന്നത് രാമകൃഷ്ണനാണ്. ചിത്രത്തെക്കുറിച്ചും ഗാനത്തെക്കുറിച്ചും സഹോദരന്‍ മണിയെക്കുറിച്ചുമുള്ള രാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌ ഇങ്ങനെ..

”ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ലൊക്കേഷനിൽ ചെന്നപ്പോൾ എടുത്ത ഫോട്ടോ വിനയൻ സാർ ഇന്ന് വാട്സ പ്പിൽ അയച്ചു തന്നു. പലരും എന്നോടു ചോദിച്ചിരുന്നു വിനയൻ സാർ പടത്തിലേക്ക് വിളിച്ചില്ലെ എന്ന്.ഈ ചിത്രത്തിൽ എന്റെ വേഷം ചെയ്യാൻ വിനയൻ സാർ എന്നെ ക്ഷണിച്ചിരുന്നു.പക്ഷെ ഞങ്ങൾ ജീവിച്ച ജീവിതത്തിൽ ഇനി അഭിനയിക്കാൻ വയ്യ എന്ന് പറഞ്ഞ് ഞാനൊഴിയുകയായിരുന്നു.

മണി ചേട്ടൻ പാടിയ ചാലക്കുടി ചന്തയ്ക്ക് പോയപ്പോൾ എന്ന പാട്ട് പഴയ റെക്കോഡിങ്ങ് ആയതിനാൽ അതിന്റെ പുതിയ റീമിക്സിങിൽ പാടാൻ ക്ഷണിച്ചു .വളരെ പേടിയുണ്ടായിരുന്നു ഈ ഉദ്യമം ഏറ്റെടുക്കാൻ .വിനയൻ സാറും മാരുതി കാസറ്റ്സ് സതീഷേട്ടനും വളരെ ധൈര്യം തന്നു. തൃശൂരിലായിരുന്നു റെക്കോഡിങ്ങ്.4വരി പാടി ആദ്യം അയച്ചുകൊടുത്തു. കുറച്ചു കഴിഞ്ഞ് സാർ വിളിച്ചു പറഞ്ഞു ധൈര്യമായിട്ട് മുഴുവനും പാടിയിട്ട് പോയാ മതിയെന്ന്.

മണി ചേട്ടനോളം ഞാൻ എത്തില്ല എന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു. എങ്കിലും വിനയൻ സാർ എന്നെ വിട്ടില്ല. എന്റെ സഹോദരന്റെ ഗുരു അങ്ങനെ എനിക്കും ഗുരുവായി അതും ഞാനൊട്ടും പ്രതീക്ഷിക്കാത്ത മേഖലയിൽ… വിനയൻ സാർ കുട്ടി….. എന്ന് വിളിക്കുമ്പോൾ നമ്മുടെ എല്ലാ വിഷമവും പോകും. ചേട്ടന്റെ വിയോഗശേഷം ഒരു കുടുംബാഗം എന്ന പോലെ സാർ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാറുണ്ട്. ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ഡബ്ബിങ്ങ് സമയത്ത് സാർ വിളിച്ചു കുട്ടി…. നീയൊന്ന് എറണാകുളത്തേക്ക് വരണം.

ഞാൻ കാര്യം അറിയാതെ എറണാകുളത്തേക്ക് ചെന്നു. അവിടെ ചെന്ന് ഒരു സീൻ കാണിച്ചു തന്നിട്ട് പറഞ്ഞു ചേട്ടൻ പാടിയ “മേലേ പടിഞ്ഞാറു സൂര്യൻ ” എന്ന പാട്ടിന്റെ ഒരു വരി പാടണമെന്ന് .ആ സീൻ കണ്ടപ്പോൾ എന്റെ ചങ്ക് തകർന്ന് പോയി. പാടി മുഴുപ്പിക്കാതെ, തൊണ്ടയിടറി റെക്കോഡിങ് സ്യൂട്ടിൽ നിന്ന് പുറത്ത് വന്ന് പൊട്ടി കരഞ്ഞു.വിനയൻ സാർ വന്ന് കെട്ടി പിടിച്ച് സമാധാനിപ്പിച്ചു.മണി ചേട്ടന് കൊടുക്കുന്ന ഒരു ആദരമാണ് ഈ സിനിമ. “എനിക്ക് അവന് കൊടുക്കാൻ പറ്റുന്ന വലിയ ഒരു ആദരം”സാർ വികാരത്തോടെ പറഞ്ഞു.ഒരു പക്ഷെ ചരിത്രത്തിലാദ്യമായിരിക്കും ഒരു ഗുരു ശിഷ്യനെ ആദരിക്കുന്നത്. എന്റെ ചേട്ടന് ജീവസുറ്റ കഥാപാത്രങ്ങൾ നൽകി കലാഭവൻ മണിയെ ഇന്ത്യയിലെ കഴിവുറ്റ നടന്മാർക്കൊപ്പം എത്തിച്ച പ്രിയ ഗുരു, സംവിധായകൻ, അതിലുമപ്പുറം ഇപ്പോൾ ഞങ്ങൾക്ക് കൂടപിറപ്പിന്റെ സ്നേഹം കൂടി തരുന്ന മനുഷ്യ സ്നേഹി എന്തു പറഞ്ഞാലും മതിവരില്ല. ഈ ചിത്രം തിയറ്ററിൽ വരുമ്പോൾ ഞങ്ങൾക്ക് അതു കാണാനുള്ള ചങ്കുറപ്പില്ല .. എങ്കിലും ഒരു ഗുരു ശിഷ്യന് നൽകുന്ന ആദരവ് ചരിത്രത്തിന്റെ ഭാഗമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.’

shortlink

Related Articles

Post Your Comments


Back to top button