ഫ്ലവേഴ്സ് ചാനലിന്റെ പ്രോഗ്രാം വേദികളിലൂടെയാണ് അശ്വതി ശ്രീകാന്ത് എന്ന അവതാരകന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. അധ്യാപക ദിനത്തില്‍ തന്റെ ഗുരു സ്നേഹം വിശദീകരിച്ച് താന്‍ നേരെത്തെ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി ശ്രദ്ധ നേടുന്നത്, എഴുത്തുകാരികൂടിയായ അശ്വതിയുടെ ശിഷ്യ സ്നേഹം വര്‍ണിച്ചു കൊണ്ടുള്ള അശ്വതിയുടെ കുറിപ്പ് അദ്ധ്യാപക ദിനമായ ഈ വേളയില്‍ വായനക്കാരിലേക്ക് സമര്‍പ്പിക്കുന്നു.
പെട്ടെന്നുണ്ടായൊരു തോന്നലിലാണ് വണ്ടി എടുത്തൊരു യാത്ര പുറപ്പെട്ടത്. ജനിച്ചു വളർന്ന നാട്ടിലേയ്ക്ക് വർഷങ്ങൾക്ക് ശേഷമൊരു യാത്ര. ഒന്നാം ക്ലാസ്സിൽ പഠിപ്പിച്ച ശാന്ത ടീച്ചറിന്റെ വീട്ടു മുറ്റത്താണ് വണ്ടി നിന്നത്. ടീച്ചറേന്നു നീട്ടി ഒന്ന് വിളിച്ചപ്പോൾ ‘ചിന്നു മോളേ’ ന്നു തിരികെ വിളിച്ച്, തിമിരത്തിന്റെ പാടയെയും എന്നെയും ടീച്ചർ ഒന്നു പോലെ ഞെട്ടിച്ചു കളഞ്ഞു. പിന്നെ നീയെന്നെ കാണാൻ വന്നല്ലോ ന്നു കണ്ണ് നിറച്ചു. മോളെ കൂടി കൂട്ടമായിരുന്നൂന്ന് പരാതി പറഞ്ഞു. ‘പത്മ’ നല്ല പേരാണല്ലോന്നു സന്തോഷം പറഞ്ഞു. എന്റെ കൈ പിടിച്ചു മടിയിൽ വച്ചു വാതോരാതെ വിശേഷം പറഞ്ഞു. കറിയൊന്നുമില്ലേലും ഇച്ചിരി ഉണ്ണാമെന്ന് നിർബന്ധിച്ചു. വൃദ്ധ ദമ്പതികളുടെ ഉച്ചയുറക്കത്തിലേയ്ക്ക് മുന്നറിയിപ്പില്ലാതെ കയറിച്ചെന്നത് കൊണ്ട് ഉണ്ടില്ലെങ്കിലും ഉണ്ടെന്നു കള്ളം പറയേണ്ടി വന്നു. പോരാനിറങ്ങുമ്പോൾ കവിള് നിറയെ ഉമ്മ തന്നു. ‘ഇനി എന്നാ ന്റെ കൊച്ചിനെ കാണുന്നേ’ ന്നു നെടുവീർപ്പിട്ടു….
പോരും മുൻപേ ടീച്ചറിന്റെ കൈകളിൽ ഞാൻ ഒരിക്കൽ കൂടി അമർത്തി പിടിച്ചു. പണ്ടൊരു ജൂൺ മാസത്തിൽ അമ്മ സ്കൂൾ മുറ്റത്തു വിട്ടു പോയപ്പോൾ ആകെയുണ്ടായിരുന്ന ആശ്രയം അന്നേ ചുളിവ് വീണു തുടങ്ങിയിരുന്ന ഈ കൈകളായിരുന്നല്ലോ എന്നോർത്തു…
കണ്ണ് നിറഞ്ഞു….മനസ്സ് നിറഞ്ഞു… ഒരു ഒന്നാം ക്ലാസ്സുകാരി തിരികെ പോന്നു !!
അതി സാധാരണമായേക്കാവുന്ന ചില ദിവസങ്ങൾ അസാധാരണമാകുന്നത് ഇങ്ങനെയൊക്കെയാണ്…അത് വലത്തേക്ക് പോകേണ്ട വണ്ടിയെ പെട്ടെന്ന് ഇടത്തേക്ക് തിരിക്കുന്നത്ര അപ്രതീക്ഷിതമായേക്കാം…!!
Post Your Comments