പ്രളയ ദുരിതത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ആശ്രയമായി ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും സഹായം എത്തുകയാണ്. പുതു കേരള നിര്‍മ്മിതിയ്ക്ക് വേണ്ടു തന്റെ കുഞ്ഞു കുടുക്കയിലെ സമ്പാദ്യം സമ്മാനിച്ച ഒൻപത് വയസുകാരി ഷാദിയയെ കാണാൻ നടി മഞ്ജു വാര്യര്‍ എത്തി. ഷാദിയയുടെ പ്രിയപ്പെട്ട നടിയാണു മഞ്ജു. ഇക്കാര്യമറിഞ്ഞ മഞ്ജു ഷാദിയയെ നേരിൽ കാണാനെത്തുകയായിരുന്നു. തലച്ചോറിലെ ട്യൂമറിനു ചികിൽസ തുടരുന്ന ഷാഹിദയ്ക്ക് ചിത്രങ്ങൾ വരയ്ക്കാനുള്ള കളറിംഗ് സെറ്റ് സമ്മാനിച്ച മഞ്ജുവിനു താന്‍ വരച്ച ചിത്രവും നല്‍കിയാണ് ആ പെണ്‍കുട്ടി മടങ്ങിയത്.
മഞ്ജുവിന്റെ കുറിപ്പ്
ഷാദിയയെ നമ്മള് ആദ്യം കാണുന്നത് രോഗക്കിടക്കയില്‍നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണവുമായെത്തിയപ്പോഴാണ്. തലച്ചോറിലെ ട്യൂമറിന് ശസ്ത്രക്രിയയും ചികിത്സയുമായി കഴിയുകയാണ് ഈ ഒമ്പതുവയസുകാരി. ആശുപത്രിയില്‍ ചെന്നവരും പെരുന്നാളിന് ബന്ധുക്കളും നൽകിയ നോട്ടുകളും നാണയത്തുട്ടുകളും കൂട്ടിവച്ച കുടുക്ക അവളുടെ നിധിയായിരുന്നു. അതില്‍ രണ്ടായിരത്തിലധികം രൂപയുണ്ടായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മുന്‍കരുതലുകളിലായതിനാല്‍ അവളുടെ കണ്ണുകള്‍ മാത്രമേ നമുക്ക് കാണാനാകൂ. കുടുക്ക പൊട്ടിക്കുന്നത് നോക്കിയിരിക്കുന്ന അവളുടെ ചിത്രത്തില്‍ ആ കണ്ണുകളില്‍നിന്നുള്ള പ്രകാശം നിറയുന്നുണ്ടായിരുന്നു. ഇന്ന് ഷാദിയ എന്നെ കാണാനെത്തി. അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്നെ കാണുക എന്നറിഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു.
AROH എന്ന സംഘടനയിലെ എന്റെ സുഹൃത്ത് ബിന്ദുവാണ് ഷാദിയയെ കൂട്ടിക്കൊണ്ടുവന്നത്. ഉമ്മ സിയ നേരത്തെ മരിച്ചു. എട്ടുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ വല്യുമ്മ ആമിനയാണ് അവള്‍ക്കെല്ലാം. രോഗത്തിന്റെയും ജീവിതത്തിന്റെയും വേദനയ്ക്കിടയിലും നിറമുള്ള സ്വപ്നങ്ങള്‍ ഒരുപാടുണ്ട് അവള്‍ക്ക്. ഒപ്പം കരുണയുള്ള ഹൃദയവും. നന്നായി ചിത്രംവരയ്ക്കും,നിറംകൊടുക്കും.
എന്റെ ഒരു ചിത്രം അവളുടെ സ്നേഹത്തിന്റെ അലുക്കുകളോടെ എനിക്ക് സമ്മാനിച്ചു. ഉദാഹരണം സുജാത നന്നായി ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞപ്പോള്‍ വീണ്ടും ആ കണ്ണുകളില്‍ പ്രകാശം. ഞാൻ വല്യുമ്മയോട് സംസാരിക്കുമ്പോൾ ഷാദിയ എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. പിന്നീട് ഫോട്ടോ കണ്ടപ്പോഴാണ് അത് ഞാൻ ശ്രദ്ധിച്ചത്. അപ്പോൾ അവളുടെ കണ്ണിൽ നിഷ്ക്കളങ്കതയുടെ നിലാവുള്ളതുപോലെ….സൂക്ഷിച്ചു നോക്കിയാൽ കണ്ണുകൾ ചിരിക്കുന്നതു കാണാം
Post Your Comments