പ്രകൃതിയുടെ രോഷവും ജനദുരിതവും കേരളീയരുടെ ജീവിതത്തില്‍ കറുത്ത അദ്ധ്യായമായി മാറിയപ്പോള്‍ മാസങ്ങള്‍ക്ക് മുന്‍പേ മഴ കൊണ്ട് പൊള്ളലേറ്റ ഒരുകൂട്ടം പേരുടെ ദുരിത ജീവിതം സ്ക്രീനിലെത്തിച്ച് ജനമനസ്സുകളെ ഞെട്ടിക്കാന്‍ തയ്യാറെടുക്കുകയാണ് ഛായാഗ്രാഹകനായ അനില്‍ നായര്‍. ‘സമത്വ’മെന്ന ഹ്ര്വസ ചിത്രത്തിലൂടെയാണ് അനില്‍ നായര്‍ മര്‍ത്യമനസ്സില്‍ ശ്രദ്ധ നേടാന്‍ ഒരുങ്ങുന്നത്. കാലത്തിനും മുന്‍പേ പിറന്ന ഈ കലാസൃഷ്ടി ഫെബ്രുവരിയിലാണ് അനില്‍ നായര്‍ ചിത്രീകരിക്കുന്നത്. ‘മൈബോസ്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ക്യാമറമാനായ അനില്‍ നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രം കൂടിയാണ് ‘സമത്വം’. ചതയദിനമായ ഇന്ന് പതിനൊന്ന് മണിയോടെ ഈസ്റ്റ് കോസ്റ്റിന്റെ ഒദ്യോഗിക യുട്യൂബ് ചാനല്‍ വഴി ‘സമത്വം’ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. സൂപ്പര്‍ താരം മോഹന്‍ലാലിന്റെ ശബ്ദ സാന്നിധ്യമാണ് ഈ ഷോര്‍ട്ട് ഫിലിമിന്റെ മറ്റൊരു ആകര്‍ഷണം.
ഹരിനായര്‍ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗും, ഛായാഗ്രഹണവും നിര്‍വഹിക്കുന്നതും അനില്‍ നായര്‍ തന്നെയാണ്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് വിഷ്ണു ടിഎസ്, കലാസംവിധാനം സുജിത് രാഘവ്, വിഷൽ എഫക്സ് വിഭാഗം കൈകാര്യം ചെയ്യുന്നത് മഹേഷ് കേശവും എഫക്സ് കണ്ണനും നിർവഹിക്കുന്നു. കളറിംഗ് സുജിത് സദാശിവൻ, കാസ്റ്റിംഗ് ഡയറക്ടർ പ്രിയ അനിൽ നായർ, ചമയം പ്രദീപ് രംഗൻ, നിർമ്മാണ നിർവ്വഹണം വർഗ്ഗീസ് ആലപ്പാട്ട്, ശിവൻ പൂജപ്പുര, സൗണ്ട് മിക്സിംഗ് ഹാപ്പി ജോസ്, കവിത ദിലീപ് തിരുവട്ടാർ എന്നിവരും നിർവഹിക്കുന്നു.
മഴക്കെടുതിയില്‍ മനംനൊന്ത മനുഷ്യ ജീവനുകളുടെ നേര്‍സാക്ഷ്യം ഇനി കേരളം ചര്‍ച്ച ചെയ്യട്ടെ, പ്രകൃതിയുടെ പക തിരിച്ചറിയട്ടെ….
സമത്വമെന്ന ഹ്രസ്വചിത്രത്തെക്കുറിച്ച് അനില്‍ നായര്‍
ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം വളരെ അവിചാരിതമായാണ് മനസ്സിലേക്കെത്തുന്നത്. മിഴി തുറക്കൂ എന്ന സിനിമയുടെ പ്രൊഡ്യൂസറും തന്റെ സുഹ്യത്തുമായ റെജി തമ്പിയാണ് അതിനുള്ള ഒരു അവസരം നല്‍കിയത്.
കഴിഞ്ഞ 6 മാസങ്ങൾക്കു മുമ്പ് , കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ ഫെബ്രുവരി 18-ന് താന്‍ ചിത്രീകരിച്ച ഈ ഷോർട്ട് ഫിലിമിന്റെ അതേ ദൃശ്യങ്ങളാണ് ഇപ്പോൾ കേരളം അഭിമുഖീകരിക്കുന്നത്. ചിത്രത്തിന്റെ ഫൈനല്‍ എഡിറ്റ് കഴിഞ്ഞപ്പോള്‍ ഈ ചിത്രം ഉൾക്കൊള്ളുന്ന സന്ദേശം അടിവരയിട്ടു പറയുവാൻ ഒരു പവര്‍ഫുള്‍ വോയ്സ് വേണമെന്ന് തോന്നി. അങ്ങനെയാണ് മോഹന്‍ലാലിലേക്ക് എത്തിയത്.
മോഹന്‍ലാലാലിനെ കാണാന്‍ താനും നിര്‍മ്മാതാവ് റെജി തമ്പിയും കൂടി ലൂസിഫറിന്റെ ലൊക്കേഷനില്‍ എത്തിയപ്പോള്‍, ക്രിസ്ത്യൻ ബ്രെദേഴ്സ് എന്ന ജോഷി സർ ചിത്രത്തിൽ താന്‍ അടുത്തറിഞ്ഞ ലാൽ സാറിനെക്കാളും എത്രയോ മടങ്ങ് എനർജിയിലാണ് അദ്ദേഹം ഇപ്പോഴും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നത് തന്നെ അത്ഭുതപ്പെടുത്തി.
തന്റെ വ്യക്തിതാല്പര്യങ്ങൾക്ക് അതീതമായി ആരെയും വേദനിപ്പിക്കാതെ എല്ലായിടത്തും ഓടിയെത്തി പൂർണ്ണതയ്ക്കു വേണ്ടി ശ്രമിക്കുന്ന, തന്റെ പ്രോജക്ടിനോടുള്ള അതിരു കടന്ന ആത്മാർത്ഥതയും, കഠിന പ്രയത്നവും അർപ്പിക്കുന്ന മോഹന്‍ലാലിനെയാണ് എനിക്കവിടെ കാണാന്‍ കഴിഞ്ഞത്.
പറഞ്ഞറിയിക്കുവാൻ കഴിയാത്ത അദ്ദേഹത്തിനോടുള്ള ആരാധന ഇനി എത്ര ദിവസം വേണമെങ്കിലും കാത്തിരിക്കുവാൻ തന്നെ പര്യാപ്തനാക്കി. കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ എത്തി തന്റെ ചിത്രം കാണുകയും അഭിനന്ദിയ്ക്കുകയും ശബ്ദം നല്കി അനുഗ്രഹിക്കുകയും ചെയ്തു- അനില്‍ നായര്‍ ഏറെ വൈകാരികതയോടെ പങ്കുവെയ്ക്കുന്നു.
Post Your Comments