പ്രളയവും പേമാരിയും കൊണ്ട് ദുരിതത്തിലായ ആയിരക്കണക്കിന് ആളുകള്‍ ദുരിതാശ്വാസക്യാമ്പില്‍ നിന്നും വീടുകളിലേയ്ക്ക് പോയി ത്തുടങ്ങുന്നതേയുള്ളൂ. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് തങ്ങളാല്‍ കഴിയുന്ന വിധത്തിലുള്ള സഹായങ്ങള്‍ ചെയ്യാന്‍ പലരും മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നു. വെള്ളിത്തിരയിലെ സൂപ്പര്‍ താരങ്ങള്‍ പോലും സാധാരണ മനുഷ്യരായി അവര്‍ക്കൊപ്പമുണ്ട്.
കൊച്ചിയിലെ രക്ഷാപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും കലക്ഷന്‍ സെന്ററുകളില്‍ സാധനം സ്വീകരിക്കാനും ക്യാംപുകളിലേക്ക് എത്തിക്കാനുമായി എത്തിയവരില്‍ യുവ നടന് ആസിഫ് അലിയുമുണ്ടായിരുന്നു. ജയസൂര്യ, നീരജ് മാധവ്, ഗണപതി, നിവിന്‍ പോളി, അജു വര്‍ഗീസ് തുടങ്ങിയവരും കൊച്ചിയിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. സുഹൃത്തുക്കളെ കൂടാതെ ഭാര്യയും മകനും ആസിഫിന് ഒപ്പമുണ്ടായിരുന്നു. പൂര്‍ണ്ണിമയും ഇന്ദ്രജിത്തും കുടുംബസമേതമായിരുന്നു ക്യാംപിലേക്ക് എത്തിയത്.
വ്യക്തി ജീവിതത്തില്‍ വലിയൊരു പാഠമാണ് ഈ അനുഭവം നല്‍കിയതെന്നു ആസിഫ് പറയുന്നു. താരത്തിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. ബാലുവും ഗണപതിയും അര്‍ജുനുമൊപ്പം താനും ചേര്‍ന്ന് ഒരു വണ്ടിയുമെടുത്ത് 3 ദിവസം മുന്‍പ് ഇറങ്ങിയതായിരുന്നു. ജയസൂര്യയാണ് ഇങ്ങനൊരു കാര്യത്തെക്കുറിച്ച് തങ്ങളോട് പറഞ്ഞതും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയത്. ഇതോടെയാണ് തങ്ങളുടെ ധൈര്യം കൂടിയതെന്നും താരം പറയുന്നു.
ഇവിടെയുള്ള വോളണ്ടിയേര്‍സെല്ലാം ആത്മാര്‍ത്ഥമായാണ് ജോലി ചെയ്തത്. വീട്ടില്‍പ്പോലും പോവാതെ, ഒരു മടിയും കൂടാതെയാണ് എല്ലാവരും പ്രവര്‍ത്തിച്ചത്. നമ്മളെല്ലാവരും വിശ്വസിക്കുന്ന ദൈവം അതിനുള്ള അനുഗ്രഹം തരും. വലിയ കാര്യമാണ് നമ്മള് ചെയ്തതെന്ന് ഒരിക്കലും കരുതരുത്. നമ്മളെക്കൊണ്ടാവുന്ന തരത്തിലുള്ള കാര്യങ്ങള്‍ ചെയ്തുവെന്നോര്‍ത്ത് അഭിമാനിക്കുകയാണ് വേണ്ടതെന്നും പറഞ്ഞ താരം വെള്ളവും ബ്രെഡും നല്കുമ്പോള് കണ്ണ് നിറഞ്ഞ് നന്ദി പറയുന്നൊരവസ്ഥ തങ്ങളുടെ കണ്ണുകള്‍ നിറയ്ക്കുന്ന കാഴ്ചയാണെന്നും ആസിഫ് അലി പറയുന്നു.
Post Your Comments