തന്റെ വേഷങ്ങള്‍ പലതും നെടുമുടി വേണു തട്ടിയെടുത്തുവെന്ന് മലയാളത്തിന്റെ മഹാനടന്‍ തിലകന്‍ പല അഭിമുഖ സംഭാഷണങ്ങളിലും വ്യക്തമാക്കിട്ടുണ്ട്, ‘ഹിസ്‌ഹൈനസ് അബ്ദുള്ള’ എന്ന ചിത്രത്തിലെ നെടുമുടി വേണു ചെയ്ത പ്രധാന റോള്‍ താന്‍ ചെയ്യേണ്ടിയിരുന്നതാണെന്നും, പക്ഷെ നെടുമുടി വേണുവിന്റെ ഇടപെടലിലൂടെ അത് പോലെയുള്ള പല കഥാപാത്രങ്ങളും തനിക്ക് നഷ്ടമായെന്നും തിലകന്‍ പറഞ്ഞിട്ടുണ്ട്.
സൂപ്പര്‍ താരം മോഹന്‍ലാല്‍ പോലും തന്നെ മാറ്റി നെടുമുടി വേണുവിനെ കാസ്റ്റ് ചെയ്യുന്നതില്‍ താല്‍പ്പര്യം കാണിച്ചിട്ടുണ്ടെന്നും, തിലകന്‍ ഒരു ടിവി അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു. ഭദ്രന്‍ സംവിധാനം ചെയ്ത ‘സ്ഫടികം’ എന്ന ചിത്രത്തില്‍ ‘ചാക്കോ മാഷ്’ എന്ന കഥാപാത്രത്തെ നെടുമുടിക്ക് നല്‍കിക്കൂടെ എന്ന് സംവിധായകന്‍ ഭദ്രനോട് മോഹന്‍ലാല്‍ ചോദിച്ചിരുന്നുവെന്ന് തിലകന്‍ പറയുന്നു.
നെടുമുടിക്ക് ചിത്രത്തില്‍ മറ്റൊരു നല്ല വേഷമുണ്ടെന്നും ചാക്കോ മാഷായി മനസ്സിലുള്ളത് തിലകന്‍ മാത്രമാണെന്നും തിലകനില്ലാതെ ഈ സിനിമ ചെയ്യാന്‍ സാധ്യമല്ലെന്നും ഭദ്രന്‍ മോഹന്‍ലാലിന് മറുപടി നല്‍കിയതായും തിലകന്‍ വെളിപ്പെടുത്തിയിരുന്നു.
തിലകന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു സ്ഫടികത്തിലെ കര്‍ക്കശക്കാരനായ ചാക്കോ മാഷ്, മറ്റൊരു നടനും ഇത്തരമൊരു കഥാപാത്രം ചെയ്യാന്‍ സാധ്യമല്ലെന്ന് തിലകന്‍ തന്റെ അഭിനയ സിദ്ധിയിലൂടെ പ്രേക്ഷകര്‍ക്ക് കാണിച്ചു തന്നിരുന്നു.
Post Your Comments