തിയറ്ററില്‍ ചിരിപ്പൂരം തീര്‍ത്ത ആടിന്റെ സംവിധായകനാണ് മിഥുന് മാനുവല്‍ തോമസ്. ഇപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി കോട്ടയം കുഞ്ഞച്ചന് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുകയാണ് മിധും. എന്നാല്‍ സിനിമാ മോഹവുമായി നടന്ന നാള് താന്‍ മമ്മൂട്ടിയുടെ അടുത്ത് കഥ പറയാന്‍ പോയെന്നും അന്ന് അത് നടക്കാതെ വന്നപ്പോള്‍ ആകെ നിരാശനായെന്നും മിഥുന് പറയുന്നു.
ഒരു പ്രമുഖ ചാനലിനു നല്കിയ അഭിമുഖത്തില്‍ താരം പറയുന്നതിങ്ങനെ… “മമ്മൂക്കയുടെ അടുത്ത് കഥ പറയാന്‍ വേണ്ടി എന്റെ ഒരു ബന്ധുവിന്റെ സുഹൃത്തിനെ സമീപിച്ചു. അദ്ദേഹം ചെന്നൈയില്‍ പണ്ടു കാലത്ത് ഒരു പ്രൊഡക്ഷന്‍ കമ്ബനിയില്‍ ജോലി നോക്കിയിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തെ ചെന്നൈയില്‍ പോയി കണ്ട് കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്നു. അങ്ങനെ അദ്ദേഹം എന്നെ മമ്മൂക്കയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് കൊണ്ടു പോയി. എനിക്കാണെങ്കില്‍ സിനിമാക്കാരന് ആയേ പറ്റൂ. മറ്റൊരുവഴിയുമില്ല. കാലിന്റെ ചുവട്ടിലെ മണ്ണ് ഒലിച്ചുപോയി കൊണ്ടിരിക്കുകയാണ്. മമ്മൂക്കയുടെ അടുത്ത് കഥ പറയുന്ന കാര്യത്തില്‍ എനിക്ക് ഭയമില്ലായിരുന്നു.”
“മമ്മൂക്ക എന്റെ കൂടെ ഉണ്ടായിരുന്ന ആളെ കണ്ടപ്പോള്‍ സംസാരിച്ചു, വിശേഷങ്ങള്‍ ചോദിച്ചു. അപ്പോള്‍ എനിക്ക് സമാധാനമായി. അടുത്തഘട്ടം എന്നെ പരിചയപ്പെടുത്തുക പിന്നെ കഥ പറയുക എന്നതാണ്. പക്ഷേ അദ്ദേഹം ഒന്നും മിണ്ടിയില്ല, ഞാന്‍ വയനാട്ടില്‍ നിന്നുള്ള ഒരു പയ്യനാണ് എന്ന് മാത്രം മമ്മൂക്കയോട് പറഞ്ഞു. കഥയുടെ കാര്യം പറഞ്ഞില്ല. അതുകഴിഞ്ഞ് പോകാം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു, കഥപറയണ്ടേ എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു, അങ്ങനെ ഒറ്റ അടിക്ക് കഥ പറച്ചില് ഒന്നും നടക്കില്ല. ഇങ്ങനെ സെറ്റില്‍ വന്ന് നില്‍ക്കണം, മമ്മൂക്കയുമായി പരിചയം ഉണ്ടാക്കണം, എന്നിട്ട് പതുക്കെ കഥപറയണമെന്ന്. അതുകേട്ടപ്പോള്‍ എനിക്ക് കടുത്ത നിരാശയായി.”
Post Your Comments