1978-ല്‍ പുറത്തിറങ്ങിയ ‘ആരവം’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് നടി സുചിത്ര മുരളി വെള്ളിത്തിരയിലെത്തുന്നത്. ജോഷി സംവിധാനം ചെയ്തു ഡെന്നിസ് ജോസഫ് തിരക്കഥ എഴുതിയ ‘നമ്പര്‍ 20 മദ്രാസ് മെയില്‍’ എന്ന ചിത്രത്തിലൂടെയാണ് സുചിത്ര നായികയായി തുടക്കം കുറിച്ചത്. നായികയായുള്ള ആദ്യ ചിത്രം തന്നെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിക്കും, മോഹന്‍ലാലിനുമൊപ്പം ചെയ്യാന്‍ കഴിഞ്ഞത് സുചിത്രയിലെ നടിക്ക് ഭാവി പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘അഭിമന്യു’ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ സുചിത്ര മലയാള സിനിമയിലെ സജീവ സാന്നിധ്യമായി മാറി. ‘മിമിക്സ് പരേഡ്’ എന്ന ചിത്രത്തില്‍ ജഗദീഷിന്റെ നായികയായതോടെ സുചിത്ര പിന്നീടു നിരവധി ചിത്രങ്ങളില്‍ ജഗദീഷിന്റെയും സിദ്ധിഖിന്റെയുമൊക്കെ ടൈപ്പ് ചെയ്യപ്പെട്ട കാമുകി കഥാപാത്രങ്ങളായി തളക്കപ്പെട്ടു. പിന്നീടു അതില്‍ നിന്നും ഒരു മോചനം ഉണ്ടായിട്ടേയില്ല.
മുന്‍നിര നായകന്മാരായ മോഹന്‍ലാലിന്റെയും, ജയറാമിന്റെയുമൊക്കെ സഹോദരി വേഷങ്ങള്‍ അവതരിപ്പിച്ച സുചിത്രയ്ക്ക് നല്ല വേഷങ്ങളൊന്നും അധികം ലഭിച്ചതുമില്ല . സിദ്ധിഖ്, ജഗദീഷ്, മുകേഷ് ചിത്രങ്ങളില്‍ നായകന്‍റെ കാമുകിയായി മാത്രം പ്രത്യക്ഷപ്പെട്ട സുചിത്രയ്ക്ക് മരംചുറ്റി പ്രണയത്തിനും, പൈങ്കിളി പ്രണയത്തിനുമപ്പുറം മലയാള സിനിമയില്‍ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിടപറഞ്ഞ സുചിത്ര അമേരിക്കയിലെ ഡാലസിലാണ് താമസിക്കുന്നത്. അമേരിക്കയിലെ തിരക്കേറിയ നഗരങ്ങളില്‍ ഒന്നായ ഡാലസ് ഒരു മിനി ഇന്ത്യ ആണെന്നും ഇഷ്ടംപ്പോലെ മലയാളികള്‍ ഉള്ളതിനാല്‍ നാടിന്റെ നഷ്ടം അനുഭവപ്പെടാറില്ലെന്നും സുചിത്ര പറയുന്നു. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവും കുടികള്‍ക്കുമൊപ്പം കുടുംബ ജീവിതം അസ്വദിക്കുന്നതിന്റെ ത്രില്ലിലാണ് മലയാള സിനിമാ പ്രേക്ഷകരുടെ സ്വന്തം സുചിത്ര.
Post Your Comments