“കലൈഞ്ജർ” എന്നാൽ കലാകാരൻ എന്നാണ് അർഥം. കരുണാനിധിയുടെ സിനിമകളും രാഷ്ട്രീയവും എന്നും ഒരുമിച്ചു ചേർത്ത് വയ്ക്കാൻ കഴിയുന്ന ഒന്നായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയം തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ സിനിമകളും. എംജിആറും ശിവാജി ഗണേശനും ഇന്നും തമിഴ് സൂപ്പർതാരങ്ങളായി തുടരാൻ കാരണം കലൈഞ്ജർ എന്ന് നമ്മൾ വിശേഷിപ്പിക്കുന്ന എം.കരുണാനിധിയാണ്. അദ്ദേഹത്തിന്റെ സിനിമകളാണ് അവർക്ക് പ്രേക്ഷകരുടെ സ്നേഹം നേടി കൊടുത്തത്. ദ്രാവിഡൻ രാഷ്ട്രീയവും തമിഴ് സിനിമയും വളർന്നത് ഒരേപോലെ ആണ്. അതിൽ കരുണാനിധിയുടെ പങ്ക് വളരെ വലുതാണ്.
“പരാശക്തി” എന്ന ചിത്രം ആണ് തമിഴ് സിനിമകളിൽ കണ്ടു വന്നിരുന്ന പല ക്ലിഷേകളെയും തല്ലി തകർത്തത്. ഒരുകാലത്തു 40 ൽ അധികം ഗാനങ്ങൾ ഉള്ളവയായിരുന്നു തമിഴ് സിനിമകൾ. അതിനെ തച്ചു തകർത്തു കൊണ്ടാണ് പരാശക്തി എന്ന കരുണാനിധി ചിത്രം എത്തിയത്. ഗാനങ്ങൾക്ക് പകരം ആയി രാഷ്ട്രീയം നിറഞ്ഞ സംഭാഷണങ്ങൾക്ക് തുടക്കം കുറിച്ചത് ആ ചിത്രത്തിൽ ആയിരുന്നു. ദൈവത്തെയും ബ്രാഹ്മിണിക്കൽ സമൂഹത്തെയും ചോദ്യം ചെയ്ത ചിത്രം ആയിരുന്നു പരാശക്തി. ദ്രാവിഡൻ ഐഡിയോളജിയുടെ പ്രാധാന്യം വിളിച്ചു പറയുക ആയിരുന്നു ഈ ചിത്രം. ചിത്രം ഒരുപാട് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അന്നത്തെ കോൺഗ്രസ് സർക്കാർ ചിത്രത്തെ നിരോധിച്ചെങ്കിലും അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ചിത്രത്തിന് പ്രദർശനാനുമതി നൽകിയിരുന്നു. ശിവാജി ഗണേശൻ ആയിരുന്നു ചിത്രത്തിലെ നായകൻ.
പിന്നീട് അദ്ദേഹം എത്തിയത് ശിവാജി ഗണേശൻ തന്നെ നായകനായ “മനോഹര” എന്ന ചിത്രവും ആയി ആണ്. ഷേക്‌സ്പിയറിന്റെ “ഹാംലെറ്” നെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം ആയിരുന്നു മനോഹര.
എംജിആറും ആയുള്ള കൂട്ടുകെട്ടാണ് പിന്നീട തമിഴ് സിനിമയുടെയും തമിഴ് രാഷ്ട്രീയത്തിന്റെയും ചരിത്രം ആയി മാറിയത്.തങ്ങളുടെ മേഖലയിൽ മികച്ചവരായ രണ്ടു പേര് , ഒരുമിച്ചു നിന്നു, ഒരുമിച്ചു വളർന്നു, രാഷ്ട്രീയത്തിൽ ഒരേപോലെ ശോഭിച്ചു.
1954 ൽ എംജിആർ നായകൻ ആയി കരുണാനിധി എഴുതി പുറത്തിറങ്ങിയ ചിത്രം ആണ് “മലൈകള്ളൻ”. രാഷ്ട്രപതിയുടെ സ്വർണ മെഡൽ നേടിയ ആദ്യ തമിഴ് ചിത്രവും മലൈകള്ളനാണ്. പക്ഷെ ഇവർ തമ്മിലുള്ള കൂട്ടുകെട്ട് ഉറച്ചത് “രാജകുമാരി”, “അഭിമന്യു” എന്നി ചിത്രങ്ങളിലൂടെ ആണ്.
എംജിആർ ജനങ്ങൾക്ക് ഇടയിൽ ഒരു ആൾദൈവം ആയി മാറിയതും പിന്നീട് രാഷ്ട്രീയത്തിൽ ശോഭിച്ചതും കരുണാനിധിയുടെ വാക്കുകൾ കൊണ്ടാണ്. ഇവരുടെ സൗഹൃദം ഇവരുടെ ജീവിതത്തെ അടിസ്ഥാനമാക്കി മണി രത്‌നം സംവിധാനം ചെയ്ത “ഇരുവരി”ൽ പറയുന്നുണ്ട്.
കരുണാനിധിയെ മാറ്റി നിർത്തി തമിഴ് സിനിമയെകുറിച്ചു ഒരിക്കലും സംസാരിക്കാൻ ആകില്ല. ഈ ഇടക്ക് ഇറങ്ങിയ കാല എന്ന രജനികാന്ത് ചിത്രം പറയുന്ന രാഷ്ട്രീയം പോലും പരാശക്തിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വന്നതാണെന്ന് പറയാതെ വയ്യ. 75 സിനിമകൾക്ക് തിരക്കഥ ഒരുക്കിയ കരുണാനിധി കവിത, നാടകം, സാഹിത്യം എന്നി മേഖലകിളിലും അഗ്രഗണ്യൻ ആയിരുന്നു.
തമിഴ് സിനിമയുടെ മാറ്റത്തിനു ചുക്കാൻ പിടിച്ച കലൈഞ്ജർക്ക് ആദരാഞ്ജലികൾ
Post Your Comments