Film ArticlesGeneralMollywood

മലയാളത്തിന്റെ ഗസല്‍ ചക്രവര്‍ത്തി ഓര്‍മ്മയാകുമ്പോള്‍

മലയാളി മനസുകളെ ഗസല്‍ സാന്ദ്രമാക്കിയ ഗസല്‍ ചക്രവര്‍ത്തി ഉമ്പായി വിടവാങ്ങി. പ്രണയവും വിരഹവും ഗൃഹാതുരത്വവുമൊക്കെ ഗസല്‍ മഴയില്‍ ഒരുക്കിയ ഉമ്പായി അര്‍ബുദ ബാധയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആലുവയിലെ സ്വകാര്യ സാന്ത്വന ചികിത്സാ കേന്ദ്രത്തില്‍ വച്ച്‌ ഇന്ന് വൈകുന്നേരം 4.40 ഓടെയായിരുന്നു അന്ത്യം.

നാലു പതിറ്റാണ്ടായി സ്വന്തം സൃഷ്ടികളിലൂടെയും പഴയ ചലച്ചിത്ര ഗാനങ്ങളുടെ ഗസൽ ആവിഷ്കാരത്തിലൂടെയും വലിയ ആസ്വാദകവൃന്ദത്തെ നേടിയെടുത്ത ഉമ്പായി ഗസല്‍ സംഗീതത്തെ മലയാളത്തില്‍ ജനപ്രിയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തികൂടിയാണ്. ഉമ്പായിയുടെ ആദ്യ സംഗീത ആല്‍ബം പുറത്തിറങ്ങിയത് 1988ലാണ്. ഇരുപതോളം സംഗീത ആല്‍ബങ്ങള്‍ അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. പാടുക സൈഗാള്‍,ഒരിക്കല്‍ നീ പറഞ്ഞൂ.. തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ പ്രശസ്തമായ ഗസലുകള്‍. എം ജയചന്ദ്രനുമായി ചേര്‍ന്ന് നോവല്‍ എന്ന സിനിമയ്ക്ക് അദ്ദേഹം സംഗീതവും നല്‍കിയിട്ടുണ്ട്. നോവലിലെ യേശുദാസും മഞ്ജരിയും ആലപിച്ച ‘ഉറങ്ങാന്‍ നീയെനിക്കരികില്‍’ എന്നു തുടങ്ങുന്ന ഗാനം ഗസല്‍ രീതിയിലല്ല, പകരം മെലഡിയിലാണ് ഉമ്പായി ചിട്ടപ്പെടുത്തിയത്.

മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയുമാണ് ഉമ്പായി എന്ന ഗസല്‍ ഗായകന്റെ പിറവിക്ക് കാരണമായത് എന്ന് ഓരോ വേദിയിലും ആവര്‍ത്തിച്ചു പറഞ്ഞിരുന്ന അദ്ദേഹം സൈഗാളിനും മുഹമ്മദ് റഫിക്കും പിന്നാലെ ‘ഒരിക്കല്‍ നീ പറഞ്ഞു’ എന്ന ഗാനവുമായി ഗസല്‍ ആസ്വാദക മനസ്സുകള്‍ കീഴടക്കി. കൽവത്തി സർക്കാർ സ്‌കൂളിൽ പഠിക്കുമ്പാൾ തബലയോടായിരുന്നു താൽപര്യം. എങ്ങനെയും ഒരു തബലിസ്‌റ്റാകാനായിരുന്നു മോഹം. ‘സ്വന്തമായി ഒരു റേഡിയോ പോലും വീട്ടിലില്ലായിരുന്നു. സ്‌കൂൾ വിട്ടാൽ മട്ടാഞ്ചേരി സ്‌റ്റാർ തിയറ്ററിനു മുന്നിലേക്കോടും, പാട്ടു കേൾക്കാൻ. ഏറ്റവും പുതിയ ഹിന്ദി ചലച്ചിത്ര ഗാനങ്ങളുടെ റെക്കോർഡ് സ്‌റ്റാർ തിയറ്ററിൽവയ്‌ക്കുമായിരുന്നു. സിലാൺ റേഡിയോയിലെ ‘ബിനാക്ക ഗീത് മാല’കേൾക്കാനായി പരീക്കുട്ടി ഇക്കയുടെ ചായക്കടയിലും ബാവക്കിന്റെ ബാർബർ ഷാപ്പിലും പതിവായി ഞാൻ പോകുമായിരുന്നു. ഇന്നും ആസ്വാദകർ ഏതു ഗസൽ പാടാൻ ആവശ്യപ്പെട്ടാലും എനിക്കു പാടാനാകുന്നത് അന്ന് ഓർമയിൽ ആഴത്തിൽ പതിഞ്ഞതുകൊണ്ടാണ്’ – ഉമ്പായി മുന്‍പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഒരു സിനിമാക്കഥ പോലെ ആരാധകരെ അതിശയപ്പിക്കുന്നതാണ് ഉമ്പായിയുടെ യഥാര്‍ത്ഥ ജീവിതം. ചുമട്, കള്ളക്കടത്ത്, ഗുണ്ടായിസം തുടങ്ങി അദ്ദേഹം കടന്നുപോകാത്ത ജീവിതാനുഭവങ്ങളില്ല. തന്റെ ദുരിത ജീവിതത്തിന്റെ, കലാ വഴികളെക്കുറിച്ച് അദ്ദേഹം രാഗം ഭൈരവി എന്ന ആത്മകഥയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘ഒരിക്കല്‍ നീ പറഞ്ഞു പ്രണയം ദിവ്യമെന്ന്….’ എന്ന ഗാനം ഗസല്‍ സന്ധ്യകളില്‍ നിറഞ്ഞ ഹര്‍ഷാരവത്തോടെ ആസ്വാദകര്‍ ഏറ്റെടുത്തിരുന്നു. ഈസ്റ്റ് കോസ്റ്റ് പുറത്തിറക്കിയ “നീയല്ലെങ്കില്‍ മറ്റാരാണ് സഖീ’, ഓര്‍മ്മകളില്‍ മെഹബൂബ്, ഒരിക്കല്‍ നീ പറഞ്ഞു, പ്രിയേ പ്രണയിനി, ഒറ്റയ്ക്ക് നിന്നെയും നോക്കി, അകലം മൗനംപോല്‍, ഗസല്‍ പൂക്കള്‍, ഇതുവരെ സഖീ നിന്നെ കാത്തിരുന്നു, നന്ദി പ്രിയ സഖി നന്ദി, നീയല്ലെങ്കില്‍ മറ്റാരാണ്‌ സഖീ, ഒരു മുഖം മാത്രം, പിന്നെയും പാടുന്നു സൈഗാള്‍ എന്നിവയാണ് പ്രധാന ആല്‍ബങ്ങള്‍.

കവിതകള്‍ക്കായി സച്ചിദാനന്ദന്‍, യൂസുഫലി കേച്ചേരി തുടങ്ങിയ പ്രഗല്‍ഭരെ സമീപിച്ചുവെങ്കിലും കടുത്ത എതിര്‍പ്പാണ്​ ഉമ്പായിക്ക് ആദ്യം​ നേരിടേണ്ടി വന്നത്​. പക്ഷെ ‘അകലം മൗനംപോല്‍’ എന്ന സച്ചിദാനന്ദനന്‍റെ രചനയിലുള്ള ആല്‍ബത്തിലൂടെ മലയാളി മനസ്സുകളില്‍ ഉമ്പായി സ്ഥാനം നേടി. ഒഎന്‍ വിയുടെ ഒമ്പത് കവിതകളുമായി ‘പാടുക സൈഗാള്‍ പാടൂ’ എന്ന ആല്‍ബം പുറത്തിറങ്ങി. ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷന്‍സ് ആണ് ഈ ആല്‍ബം പുറത്തിറക്കിയത്.

shortlink

Related Articles

Post Your Comments


Back to top button