ചുവന്ന മെഴുതിരിയുടെ രഹസ്യം പങ്കുവച്ച  എന്റെ മെഴുതിരി അത്താഴങ്ങള്‍

അനൂപ് മേനോന്‍ തിരക്കഥ രചിച്ച് സൂരജ് തോമസ് സംവിധാനം ചെയ്ത എന്റെ മെഴുതിരി അത്താഴങ്ങള്‍ പ്രേക്ഷപ്രീതി നേടി മുന്നേറുകയാണ്. പ്രണയവും സംഗീതവും ചേർന്നൊരുക്കുന്ന മനോഹരമായ ഈ കുടുംബസിനിമയ്ക്ക് ഒരിടവേളയ്ക്ക് ശേഷം അനൂപ് മേനോന്‍ തിരക്കഥ ഒരുക്കുന്ന ചിത്രമാണെന്ന പ്രത്യേകത കൂടിയുണ്ട്.

ഭക്ഷണത്തിന്റെ പുത്തന്‍ രുചിക്കൂട്ടുകള്‍ തേടുന്ന സഞ്ജയ് പോളിന്റേയും മെഴുതിരികള്‍ക്ക് വര്‍ണവും സുഗന്ധവും നല്‍കി അലാങ്കര മെഴുതിരികള്‍ ഒരുക്കുന്ന ഡിസൈനറായ അഞ്ജലിയുടേയും പ്രണയ കാലത്തിലൂടെ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുകയാണ് സൂരജ് തോമസ് എന്ന സംവിധായകന്‍. ഇരുവരും തമ്മിലുള്ള സൗഹൃദവും പ്രണയവും പറയുന്ന ചിത്രത്തിന് ഏറ്റവും അനുയോജ്യമായ പേര് തന്നെയാണ് നല്‍കിയിരിക്കുന്നത്. അഞ്ജലി സഞ്ജയ്ക്ക് കൈമാറുന്ന ഒരു രഹസ്യമുണ്ട്, ചുവന്ന മെഴുതിരിയുടെ രഹസ്യം. അത് സഞ്ജയ് എന്ന ഷെഫിന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ ഒന്നായ് മാറുകയാണ്.

മനോഹരമായ പ്രണയ ഗാനങ്ങളിലൂടെ മലയാളി മനസ്സുകളില്‍ ഇടം നേടുകയാണ്‌ ഈ മെഴുതിരി വിഭവങ്ങള്‍. എം ജയചന്ദ്രന്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് വിജയ്‌ യേശുദാസ് ആണ്. സിനിമയുടെ ഗാനങ്ങളും ട്രെയിലറും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. അനൂപ് മേനോന്‍, മിയ, പുതുമുഖം ഹന്ന എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സംവിധായകരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

999 എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിർമിക്കുന്നത്.

Share
Leave a Comment