സിനിമ ഇപ്പോഴും ഒരു കഥയെ അടിസ്ഥാനമാക്കിയാകും മുന്നോട്ട് നീങ്ങുക. അതിനായി നിരവധി കഥാപാത്രങ്ങളെ സംവിധായകന് ഒരുക്കാറുണ്ട്. എന്നാല്‍ ചിലപ്പോള്‍ സമയ ദൈര്‍ഘ്യത്തിന്റെയും മറ്റും പേരില്‍ ചില കഥാപാത്രങ്ങളുടെ സീനുകള്‍ അവസാന സമയങ്ങളില്‍ വെട്ടിക്കുറയ്ക്കുക സ്വാഭാവികമാണ്.
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളില്‍ ഒന്നാണ് പ്രിയദര്ശന് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ കിലുക്കം. ജോജിയും നിശ്ചലും ചിരിയുടെ മാലപ്പടക്കം ഒരുക്കിയ കിലുക്കത്തില്‍ രണ്ടേ രണ്ട് അപ്രധാന രംഗങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരാളുണ്ട്. ജഗദീഷ്. അക്കാലത്ത് യുവ നടന്മാരില് ശ്രദ്ധേയനായി തീര്‍ന്ന ജഗദീഷ് ഡയലോഗ് പോലുമില്ലാതെയാണ് ആ ചിത്രത്തില്‍ അഭിനയിച്ചത്. തിക്കുറുശി അവതരിപ്പിക്കുന്ന ചായക്കടക്കാരന്റെ സീനിലും, ഊട്ടിപ്പട്ടണം എന്ന പാട്ടിന്റെ ഒരു രംഗത്തിലുമാണ് ജഗദീഷ് എത്തുന്നത്.
എന്നാൽ ജഗദീഷിന് സിനിമയിൽ 15 ഓളം സീനുകൾ ഉണ്ടായിരുന്നതായി ജഗദീഷ് തന്നെ വെളിപ്പെടുത്തി. ചിത്രത്തിൽ ഒരു ഫോട്ടോഗ്രാഫറിനെയാണ് ജഗദീഷ് അവതരിപ്പിച്ചത്. ജഗതി ശ്രീകുമാറും ഒത്തുള്ള മത്സര ഫോട്ടോഗ്രഫി രംഗങ്ങളും കോമ്പിനേഷൻ സീനുകളും കോമഡി രംഗങ്ങളുമായിരുന്നു അധികവും. എന്നാൽ ഇതൊന്നും സിനിമ റിലീസ് ആയപ്പോൾ വന്നില്ല. അതിന്റെ കാരണം ജഗദീഷ് പറയുന്നത് ഇങ്ങനെ.
“സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് എഡിറ്റിംഗ് സമയത്ത് ചിത്രത്തിന്റെ തിരക്കഥാകൃത്ത് വേണു നാഗവള്ളി വിളിച്ചു, അദ്ദേഹം പറഞ്ഞു സിനിമ എഡിറ്റിംഗ് ചെയ്ത് വന്നപ്പോൾ 5 മണിക്കൂറിൽ അധികമുണ്ട്. അതിനാൽ അപ്രധാനമായ രംഗങ്ങൾ എല്ലാം ഒഴിവാക്കുകയാണ്. ജഗദീഷിന് സിനിമയിലെ കഥാഗതിയിലെ പ്രധാന വേഷം അല്ലാത്തതിനാൽ ജഗദീഷിന്റെ രംഗങ്ങൾ മിക്കതും ഒഴിവാക്കും. ഒന്നും തോന്നരുത് എന്ന്.” അങ്ങനെയാണ് മുഴുനീള വേഷം ചെയ്ത ജഗദീഷ് ചിത്രത്തിൽ നിന്ന് പുറത്തായത്. കേട്ടപ്പോൾ ഒരുപാട് വിഷമം തോന്നിയിരുന്നു. പിന്നെ വേറെ നിവർത്തിയില്ലാതെ സഹിക്കുകയായിരുന്നു. സിനിമ റിലീസ് ആയി സൂപ്പർ ഹിറ്റായി ചരിത്രമായി മാറിയപ്പോൾ നഷ്ടബോധം തോന്നിയിരുന്നതായും ജഗദീഷ് പറഞ്ഞു. ചാനൽ പരിപാടിക്കിടെയാണ് ജഗദീഷ് ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്. എന്നാല്‍ ജഗദീഷിനുണ്ടായ സമാന അനുഭവം തനിക്കും ഉണ്ടായതായി നന്ദുവും വെളിപ്പെടുത്തി. അപ്രധാന കഥാപാത്രമായതിനാൽ ചിത്രത്തിന്റെ എഡിറ്റിംഗ് സമയത്ത് നന്ദുവിനെയും ഒഴിവാക്കുകയായിരുന്നുവെന്ന് നന്ദു ഒരു ചാനൽ പരിപാടിക്കിടെ പറഞ്ഞിരുന്നു.
Post Your Comments