തെലുങ്ക് സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയ വിവാദമായിരുന്നു നടി ശ്രീ റെഡ്ഡിയുടെ ലൈംഗിക ആരോപണം. തമിഴ്, തെലുങ്ക് മേഖലയിലെ പ്രമുഖ നടന്മാര്ക്കും സംവിധായകര്‍ക്കും എതിരേ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ച ശ്രീറെഡ്ഡിയുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടന് കാര്‍ത്തി. ശ്രീറെഡ്ഡി ഉയര്‍ത്തുന്നത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും തെളിവുണ്ടെങ്കില്‍ അവര്‍ നിയമപരമായി നേരിടുകയാണ് വേണ്ടതെന്നും കാര്‍ത്തി പറയുന്നു. നടിക്കെതിരേ പരാതി നല്കിയാല് നടപടി എടുക്കുമെന്നും നടികര്‍ സംഘത്തിന്റെ ട്രഷറര്‍ കൂടിയായ കാര്‍ത്തി വ്യക്തമാക്കി.
നടന്റെ വാക്കുകള്‍ ഇങ്ങനെ… ‘ശ്രീറെഡ്ഡി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ അവര്‍ നിയമപരമായി നേരിടുകയാണ് വേണ്ടത്. അവര്‍ ഉയര്‍ത്തുന്നത് യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ആണ്. അംഗങ്ങള്‍ ആരെങ്കിലും പരാതി തരാതെ നടികര്‍ സംഘത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും, പരാതി ലഭിക്കുന്ന മുറയ്ക്ക് നടപടികളുമായി മുന്നോട്ടു പോകും”.
കാര്‍ത്തിയ്ക്ക് മറുപടിയുമായി ശ്രീറെഡ്ഡി രംഗത്തെത്തി. . ‘നടികര്‍ സംഘവുമായി സംസാരിക്കാന്‍ ശ്രമിക്കുകയാണ്. എല്ലാം ശാന്തമായി നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, അല്ലെങ്കില്‍ എന്റെ വേദന എന്താണെന്ന് ഞാന്‍ താങ്കളെ മനസ്സിലാക്കിക്കും. ആര്‍ട്ടിസ്റ്റുകളുടെ പ്രശ്നം പരിഹരിക്കാനാണ് നടികര്‍ സംഘം, അല്ലാതെ പ്രയോജനമില്ലാത്ത നിര്‍ദ്ദേശങ്ങള്‍ നല്‍കാനല്ല. എന്റെ വേദനയെക്കുറിച്ച് ആലോചിച്ച് നോക്കു’ ശ്രീറെഡ്ഡി ഫേയ്സ്ബുക് പോസ്റ്റിലൂടെ പറഞു
Post Your Comments