CinemaMollywoodMovie ReviewsNEWS

‘കൂടെ’ ; കൈയ്യടിക്കേണ്ട അഞ്ജലി മേനോന്‍ ക്രാഫ്റ്റ്- Film Review

അഞ്ജലി മേനോന്‍ എന്ന പേരില്‍ തന്നെ മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് ഒരു വിശ്വാസമുണ്ട്, നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ‘കൂടെ’ എന്ന ചിത്രവുമായി അഞ്ജലി മേനോന്‍ വീണ്ടും മലയാള സിനിമയില്‍ ഉദയം ചെയ്തിരിക്കുകയാണ്. മാനുഷിക മൂല്യങ്ങള്‍ക്കുള്ള പ്രാധാന്യത്തിന്‍റെ വെളിച്ചം ചൊരിയനായി ഇത്തവണ അഞ്ജലി തെരഞ്ഞെടുത്തത് ഊട്ടിപ്പട്ടണത്തെ കുഞ്ഞനുജത്തിയുടെയും, ചേട്ടന്‍റെയും സ്നേഹം തുളുമ്പുന്ന വൈകാരിക സ്പര്‍ശമാണ്.

ഒരു മറാത്തി സിനിമയുടെ കഥാ പശ്ചാത്തലമാണ് ‘കൂടെ’ എന്ന സിനിമയിലേക്ക് അഞ്ജലി മേനോനെ നയിച്ചത്. സഹോദരങ്ങളായ ജോയുടെയും, ജെനിയുടെയും ആഘോഷത്തിന്‍റെയും, കൂട്ടിരിപ്പിന്‍റെയും കഥയാണ് അഞ്ജലി പറയാന്‍ ശ്രമിച്ചത്. അവതരണത്തിലെ ലാളിത്യമാണ് അഞ്ജലി മേനോന്‍ എന്ന ഫിലിം മേക്കറുടെ ഭംഗി. മഞ്ചാടിക്കുരുവും, ബംഗ്ലൂര്‍ ഡേയ്സുമെല്ലാം അത്തരം സൂര്യകാന്തി പ്രഭ വിളിച്ചോതിയവയാണ്.

സ്വഭാവികതയും ഒരു കടുകോളം നാടകീയതയും മിക്സ് ചെയ്യുന്ന അഞ്ജലിയുടെ സംവിധാന ശൈലിയില്‍ കമിഴ്ന്നു വീഴാത്ത ആസ്വാദകര്‍ വിരളമാണ്!. മഞ്ചാടിക്കുരുവിനു ബാല്യത്തിന്‍റെ ഗന്ധമായിരുന്നുവെങ്കില്‍ ‘കൂടെ’യ്ക്ക് നൊമ്പരത്തിന്‍റെയും അതിലുപരി വ്യക്തമായ വ്യക്തി സ്നേഹങ്ങളുടെ തിരിച്ചറിവിന്‍റെയും സ്നേഹ മണമാണ്.

കസിന്‍സിന്‍റെ ആത്മാര്‍ഥമായ ഇഴയടുപ്പം ‘ബംഗ്ലൂര്‍ ഡേയ്സി’ല്‍ അഞ്ജലി വിഷയമാക്കിയപ്പോള്‍ ‘കൂടെ’യില്‍ സഹോദരി-സഹോദര സ്നേഹത്തിന്‍റെ ആഴമാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നു കാട്ടുന്നത്. കൗമാര കാലത്ത് കുടുംബത്തിന്‍റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത ജോഷ്വയ്ക്ക് നഷ്ടമായത് കുഞ്ഞനുജത്തിയുടെ പുഞ്ചിരിയാണ്, അവളുടെ പിണക്കത്തിന്‍റെ ഇണക്കവും, കുസൃതിയുടെ കുലുക്കുവുമാണ്. ഒടുവില്‍ തനിക്ക് മാത്രം കാണാന്‍ കഴിയുന്ന കുട്ടി പെങ്ങള്‍ക്കൊപ്പം ജീവിതത്തിന്‍റെ സുന്ദര വാസന ജോഷ്വ ആസ്വദിക്കുന്നതാണ് ചിത്രത്തിന്‍റെ സാരാംശം.
 
ബഹളങ്ങളേതുമില്ലാതെ ഒരു കൂട്ടം നല്ല കലാകാരന്‍മാരെ അണിനിരത്തി അഞ്ജലി മേനോന്‍ വളരെ ലഘുവായി ആവിഷ്കരിച്ച ‘കൂടെ’ കൈയ്യടിക്കേണ്ടതും, ആങ്ങളമാര്‍ പെങ്ങന്മാരെ കൈ പിടിച്ചിരുത്തി കാട്ടി കൊടുക്കേണ്ട സിനിമയുമാണ്.
കേരളം വിട്ടു ഊട്ടിയിലേക്ക് കഥ പറിച്ച് നട്ടിട്ടും, പൂര്‍ണ്ണമായും കേരം തിങ്ങുന്ന കേരള നാടിന്‍റെ ഭംഗിയുണ്ടായിരുന്നു എല്ലാ അര്‍ത്ഥത്തിലും ‘കൂടെ’യ്ക്ക്. മനസ്സ് കടം കൊടുക്കാവുന്ന നൊമ്പര സ്നേഹത്തിന്‍റെ നിലാവ് പൊഴിച്ച അന്തസ്സുള്ള ആനച്ചന്ത സിനിമയായിരുന്നു ‘കൂടെ’. അഞ്ജലി ബിഗ്‌ സ്ക്രീനില്‍ ചിത്രം തെളിച്ചപ്പോള്‍ കാഴ്ചക്കാര്‍ ഒറ്റ മനസ്സോടെ മന്ത്രിച്ചു. ഇത് ഹൃദയമുള്ള സിനിമ, ഹൃദയം കൊണ്ട് നോക്കേണ്ട സിനിമ.!
 
കഥാസന്ദര്‍ഭത്തിനു യോജ്യമായ നിലവാരമുള്ള സംഭാഷണങ്ങളും, ഏറെ ശ്രദ്ധയോടെയും സമയം കണ്ടെത്തിയും എഴുതിയെടുത്ത തിരക്കഥയും ‘കൂടെ’ എന്ന ചിത്രത്തിന്‍റെ ശോഭ വര്‍ദ്ധിപ്പിക്കുന്നു. ടോട്ടലി ഒരു സൈലന്റ് സ്റ്റൈല്‍ ആണ് അഞ്ജലി സിനിമയ്ക്കായി ക്രിയേറ്റ് ചെയ്തിരിക്കുന്നത്, ‘കലപില’ ശബ്ദത്തോടെയുള്ള നസ്രിയയുടെ ‘ജനി’ എന്ന കഥാപാത്രത്തിന് വരെ നിശബ്ദമായ ഒരു വാത്സല്യം നല്‍കിയിട്ടുണ്ട്. ജീവിതത്തില്‍ അധികം അനങ്ങാത്തതും, ഇണങ്ങാത്തതുമായ ജോഷ്വ എന്ന ‘ജോ’ അനിയത്തിയുടെ കുരുത്തക്കെടില്‍ മദം പൊട്ടുന്നതും. കാമുകിയുടെ കരം ചേര്‍ത്തു സായിപ്പിന്‍റെ വാനില്‍ കറങ്ങുന്നതും ആത്മാവുള്ള സിനിമാ ചിത്രീകരണമായിരുന്നു.
 
 
വാനും, പട്ടിയും മുത്തശ്ശിയും, പരദൂഷണക്കാരിയും, ഫുട്ബോള്‍ പരിശീലകനുമൊക്കെ ‘കൂടെ’യുടെ പ്രകാശം ഇരട്ടിയാക്കിയപ്പോള്‍ മണ്‍സൂണ്‍ സമയത്ത് പ്രേക്ഷകര്‍ക്കായി അഞ്ജലി സമ്മാനിച്ച കുതിര പവനായി മാറുന്നു കാഴ്ചയില്‍ സുന്ദരമായ ‘കൂടെ’.
രണ്ടര മണിക്കൂറില്‍ പറഞ്ഞു നീങ്ങുന്ന ലളിത സുന്ദരമായ ഒതുക്കമുള്ള സിനിമയാണ് ‘കൂടെ’, ഏതു തരം പ്രേക്ഷകര്‍ക്കും കൈ കൊടുക്കാവുന്ന അഭിമാന സൃഷ്ടി. അഞ്ജലി മേനോന്‍ എന്ന ഒറ്റ പേര് കൊണ്ട് തിയേറ്റര്‍ സദസ്സ് നിറയുമ്പോള്‍ ആ വിശ്വാസ്യതയെ ചോദ്യം ചെയ്യാത്ത മിതത്വമുള്ള ചിത്രമായി മാറുന്നു ‘കൂടെ’.
സിനിമയുടെ ലാഗ് പറഞ്ഞു നെറ്റി ചുളിക്കുന്ന പ്രേക്ഷകര്‍ സിനിമാ ശാലയിലേക്ക് കടന്നു ചെല്ലാതിരിക്കുക്കുക .ചിത്രത്തിന്‍റെ കഥാ സന്ദര്‍ഭത്തിനു ചേരുന്ന സമയ ദൈര്‍ഘ്യത്തോടെയാണ് അഞ്ജലി തന്റെ പുതിയ സിനിമ ആവിഷ്കരിച്ചിരിക്കുന്നത്.
പ്രകടനത്തില്‍ ഏറെ പക്വതയുള്ള അഭിനയ രീതിയാണ്‌ എല്ലാവരില്‍ നിന്നും ലഭിച്ചത്, രഞ്ജിത്തിന്റെ അച്ഛന്‍ വേഷവും, മാല പാര്‍വതിയുടെ അമ്മ വേഷവും പ്രേക്ഷക ഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങന്നുണ്ട്. തന്നില്‍ ഏല്‍പ്പിച്ച കഥാപാത്രത്തെ വളരെ ലാഘവത്തോടെ രഞ്ജിത്ത് കൈകാര്യം ചെയ്തിട്ടുണ്ട്. മാല പാര്‍വതിയുടെ സ്വഭാവിക അഭിനയം കണ്ടിരിക്കാന്‍ വല്ലാത്ത ചാരുത.
 
അമിതാഭിനയത്തിന്‍റെ പടി കടന്നാലും നസ്രിയയുടെ മുഖത്തെ കുട്ടിത്വ രീതിക്ക് അഴക്‌ ഏറെയാണ്‌, നല്ല അഭിനയം മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന പോലെ വളരെ ക്യൂട്ടായി പെര്‍ഫോം ചെയ്യാന്‍ കഴിയുക പ്രയാസകരമാണ്, നസ്രിയ തന്നെയാണ് ‘കൂടെ’യുടെ ആവേശവും ആഘോഷവും, ആഹ്ലാദവും.!
പൃഥ്വിരാജിലെ നടനെ അഞ്ജലി മേനോന്‍ നന്നായി മൂര്‍ച്ച കൂട്ടി എടുക്കാറുണ്ട്. ‘കൂടെ’യില്‍ പൃഥ്വിരാജ് ആക്ടര്‍ എന്ന നിലയില്‍ ഏറെ മികവു പുലര്‍ത്തിയിരിക്കുന്നു. അതുല്‍ കുല്‍ക്കര്‍ണി, പോളി വത്സന്‍ തുടങ്ങിയവരുടെ പ്രകടനവും നിലവാരം കൈവരുത്തി.
 
ചിത്രത്തിലെ ഗാനങ്ങളെല്ലാം ഭേദപ്പെട്ട നിലവാരം തീര്‍ത്തപ്പോള്‍ ഹൃദയ താളത്തോടെ സിനിമയുലടനീളം മുഴങ്ങിയ ‘പശ്ചാത്തല ഈണം’ ഏറെ മികവുറ്റതായിരുന്നു. ലിറ്റില്‍ സ്വയമ്പിന്‍റെ ക്യാമറയും ചിത്രത്തിലേക്ക് ആസ്വാദകരെ ആകര്‍ഷിച്ചു!. മലയാള സിനിമയില്‍ അടുത്തിടെ കണ്ട ഏറ്റവും പെര്‍ഫക്റ്റായ കലാസംവിധാനമായിരുന്നു ‘കൂടെ’യിലേത്. ‘ജനി’യുടെ മുറിയൊക്കെ അലങ്കരിച്ചിരിക്കുന്ന രീതി ഒരു പത്മരാജന്‍ സിനിമയുടെ ഫീല്‍ സമ്മാനിച്ചു.
 
അവസാന വാചകം
 
‘കൂടെ’ കൂടെ കൂട്ടേണ്ട സിനിമയാണ്, ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി ഓമനിക്കേണ്ട അഞ്ജലി മേനോന്‍റെ സിനിമാ വിരുന്നാണ്. കാണാത്തവര്‍ക്ക് സധൈര്യം കടന്നുചെല്ലാം…
 
 നിരൂപണം ; പ്രവീണ്‍.പി നായര്‍
 

shortlink

Related Articles

Post Your Comments


Back to top button