മറ്റുനടന്മാരില്‍ നിന്ന് ഒട്ടേറെ സവിശേഷതകളുള്ള സൂപ്പര്‍ താരമാണ് രജനികാന്ത്
അവയില്‍ ചിലത് ഇങ്ങനെ
രജനികാന്തിന്റെ യഥാര്‍ത്ഥ നാമം ‘ശിവാജി റാവു ഗെക്ക്വാദ്’ എന്നാണ്. തെന്നിന്ത്യയിലെ മറ്റു താരങ്ങള്‍ക്ക് പരിചിതമല്ലാത്ത മാറാത്തി, കന്നഡ എന്നീ ഭാഷകള്‍ രജനീകാന്ത് കൈകാര്യം ചെയ്യും.
സിനിമയില്‍ വരുന്നതിനു മുന്‍പ് കൂലിപ്പണിക്കാരനായും, കാര്‍പെന്ററായും ബസ് കണ്ടക്ടറായും രജനീകാന്ത് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആക്ടിംഗില്‍ മദ്രാസ് ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് ഡിപ്ലോമ കോഴ്സ് പൂര്‍ത്തികരിച്ച താരം 1981-ലാണ് വിവാഹിതനാകുന്നത്.തന്നേക്കാള്‍ എട്ടു വയസ്സിനു ഇളയതായ ലതാ രംഗാചാരിയെയാണ് രജനീകാന്ത് വിവാഹം ചെയ്തത് . സൗന്ദര്യ,ഐശ്വര്യ എന്നീ രണ്ടുമക്കളാണ് രജനീകാന്തിനുള്ളത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം നടന്‍ ധനുഷ് ആണ് ഐശ്വര്യയെ വിവാഹം ചെയ്തിരിക്കുന്നത്.
സിനിമയിലെത്തി ആദ്യ രണ്ടു വര്‍ഷങ്ങളില്‍ നെഗറ്റിവ് റോളുകളാണ് രജനീകാന്തിന് ലഭിച്ചിരുന്നത്, മുന്‍കോപിയായ ഭര്‍ത്താവിന്റെ റോളിലും, ബലാല്‍സംഗ പ്രതിനായകനായും രജനീകാന്ത് ചിത്രങ്ങളില്‍ നിറഞ്ഞു നിന്നു. രജനീകാന്തിന് ആദ്യമായൊരു വില്ലനിസമില്ലാത്ത വേഷം ലഭിക്കുന്നത് 1977-ല്‍ പുറത്തിറങ്ങിയ ‘ഭുവന ഒരു കേള്‍വിക്കുറി’ എന്ന ചിത്രത്തിലൂടെയാണ്.
അമിതാഭ് ബച്ചന്‍ നായകനായി അഭിനയിച്ച ഒട്ടേറെ ബോളിവുഡ് ചിത്രങ്ങളുടെ തമിഴ് റീമേക്കില്‍ രജനീകാന്ത് നായകനായി അഭിനയിച്ചു, മറ്റൊരു നടനും ലഭിച്ചിട്ടില്ലാത്ത അപൂര്‍വ റെക്കോര്‍ഡാണിത്. 2007-ല്‍ പുറത്തിറങ്ങിയ ‘ശിവാജി’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ 26 കോടിയെന്ന പ്രതിഫലം കൈപ്പറ്റിയതോടെ രജനീകാന്ത് ജാക്കിജാന് ശേഷം ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ താരമായി മാറി.
ലോകമെങ്ങുമുള്ള രജനീകാന്തിന്റെ ഫാന്‍സ് സംഘടനകള്‍ ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്, രക്തദാനം, നേത്രദാനം, പാവപ്പെട്ട കുടുംബംങ്ങള്‍ക്കുള്ള സഹായധനം തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തങ്ങള്‍ രജനീകാന്ത് ഫാന്‍സ് നിര്‍വഹിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയിലേയും മിന്നും താരമാണ് രജനീകാന്ത്. ട്വിറ്റര്‍ അക്കൗണ്ടില്‍ നാല്‍പ്പത് ലക്ഷത്തോളം ആരാധകരാണ് താരത്തെ പിന്തുടരുന്നത്. യോഗയും മെഡിറ്റേഷനും നിത്യ ജീവിതത്തില്‍ പാലിച്ചു പോരുന്ന തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ കടുത്ത ദൈവ വിശ്വാസി കൂടിയാണ്.
Post Your Comments