കഴിഞ്ഞ കുറച്ച് വര്‍ഷമായി മലയാള സിനിമയില്‍ നിന്നും താന്‍ നേരിടുന്ന അപ്രഖ്യാപിത വിലക്കിനെക്കുറിച്ച് സംവിധായകന് അലി അക്ബര്‍. നടന് തിലകനെ സിനിമയിലേക്ക് തിരിച്ചുകൊണ്ടുവന്നു എന്ന തെറ്റിനാണ് തന്റെ കരിയര്‍ അവര്‍ നശിപ്പിച്ചതെന്ന് അലി തുറന്നു പറയുന്നു. സംവിധായകന് എന്ന നിലയില്‍ കത്തി നില്ക്കുന്ന സമയത്താണ് ഫെഫ്ക അദ്ദേഹത്തെ വിലക്കുന്നത്. ആ അപ്രഖ്യാപിത വിലക്ക് ഇപ്പോഴും തുടരുന്നതിനാല്‍ ഒരു സിനിമ എടുത്താല്‍ പോലും അത് തീയറ്ററില്‍ എത്തിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇപ്പോള്‍ മലയാള സിനിമയില്‍ ചേരി തിരിഞ്ഞുള്ള വാഗ്വാദങ്ങള്‍ നടക്കുമ്പോള്‍ സിനിമയിലെ മാഫിയ സാമ്രാജ്യം കടപുഴകിയാല്‍ താന്‍ തിരിച്ചുവരുമെന്ന് വ്യക്തമാക്കുകയാണ് സംവിധായകന്.
2009 ല്‍ സംവിധാനം ചെയ്ത അച്ഛന് എന്ന സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് തിലകനാണ്. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തിലകനെ ക്ഷണിച്ചതാണ് ഫെഫ്കയെ പ്രകോപിപ്പിച്ചത്. ആ സംഭവത്തെക്കുറിച്ച് സംവിധായകന് പറയുന്നതിങ്ങനെ… ‘ഞാന്‍ വീട്ടില്‍ ചെന്നു കണ്ട് അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ ‘എന്നെക്കൊണ്ട് നീ പുലിവാല് പിടിക്കണ്ട. പോയി മറ്റു വല്ലവരേയും അഭിനയിപ്പിച്ചിച്ച് സിനിമ തിയേറ്ററിലെത്തിക്കാന്‍ നോക്ക് ‘ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. എന്നാല്‍ തിലകന് ചേട്ടനില്ലാതെ അച്ഛന് എന്ന സിനിമ ഇല്ല എന്ന എന്റെ സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിന് അദ്ദേഹം വഴങ്ങി. അന്നു മുതല്‍ എനിക്ക് മലയാള സിനിമയില്‍ അപ്രഖ്യാപിതമായ വിലക്കുമായി.’
കൂടാതെ തന്നോട് സഹകരിച്ചിരുന്ന സാങ്കേതിക വിദഗ്ധരേയും നടീനടന്മാരെയും സിനിമകളില്‍ നിന്ന് അകറ്റിയെന്നും ഇതിനെ മറികടന്ന് പുതുമുഖങ്ങളെ വെച്ച് പടമെടുത്തപ്പോള്‍ തീയറ്റര്‍ കിട്ടാതാക്കിയെന്നും അദ്ദേഹം പറയുന്നു. വീണ്ടും 2011 ല്‍ തിലകനെ നായകനാക്കി ഐഡ്യല്‍ കപ്പിള്‍ എന്ന സിനിമ എടുത്തതോടെയാണ് അലി അക്ബറിന് ഫെഫ്ക സസ്പെന്‍ഷനും ഔദ്യോഗിക വിലക്കും ഏര്‍പ്പെടുത്തുന്നത്. മൂന്ന് മാസത്തേക്കായിരുന്നു വിലക്ക്. തിലകനെ മാറ്റിയാല്‍ വിലക്ക് പിന്‍വലിക്കാമെന്ന് ഇവര്‍ പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
Post Your Comments