തന്റെ സിനിമകളിലെ ഡയലോഗുകള്‍ക്ക് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തുകയാണ് ഹിറ്റുകളുടെ സംവിധായകന്‍ രണ്‍ജി പണിക്കര്‍. പണ്ട് സിനിമകളുടെ തിരക്കഥയും ഡയലേഗുകളുമെഴുതുമ്പോള്‍ മനസിലുണ്ടായിരുന്ന കാര്യമെന്തെന്ന് രണ്‍ജി പണിക്കര്‍ വെളിപ്പെടുത്തിയത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു.
സിനിമയില്‍ വന്നിട്ടുള്ള സ്ത്രീ വിരുദ്ധമായ ഡയലേഗുകളില്‍ പശ്ചാത്താപമുണ്ടെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. സിനിമയ്ക്ക് വേണ്ടി മാത്രം എഴുതിയ വാക്കുകളാണവ. മമ്മൂട്ടിയുടെ ദി കിംഗ് എന്ന സിനിമയ്ക്ക് തിരക്കഥ എഴുതുമ്പോള്‍ കൈയ്യടി മാത്രമായിരുന്നു ഉള്ളിലുണ്ടായിരുന്നത്. ഇന്നായിരുന്നെങ്കില്‍ അത്തരത്തിലുള്ള ഡയലോഗുകള്‍ എഴുതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അത്തരം സിനിമ കാണുന്ന ഒരു സ്ത്രീയ്ക്ക് സിനിമയിലെ ഡയലോഗുകള്‍ അവഹേളനമായി തോന്നുന്നുവെങ്കില്‍ അത് തെറ്റാണെന്ന് തുറന്ന് സമ്മതിക്കുന്നു. സ്ത്രീകളെ ചെറുതായി കാണിക്കണമെന്ന് കരുതിയല്ല അതെഴുതിയത്. അങ്ങനെ ചിന്തിച്ചിട്ടുമില്ല. കഥാപാത്രത്തിന്റെ സ്വാഭാവികത മൂലം അങ്ങനെ സംഭവിച്ച് പോയതാണ്. അങ്ങനെ എഴുതാന്‍ പാടില്ലായിരുന്നുവെന്ന് ഇന്ന് തോന്നുന്നു. ചെമ്മാന്‍, ചെരുപ്പുകുത്തി തുടങ്ങിയ വാക്കുകള്‍ സിനിമയില്‍ വരുന്നത് ആളുകളെ വേദനിപ്പിക്കുമെന്ന് പിന്നീടാണ് മനസിലായത്. അതിന് ശേഷം താന്‍ അത്തരം വാക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും രണ്‍ജി പണിക്കര്‍ വ്യക്തമാക്കി.
Post Your Comments