CinemaGeneralLatest NewsMollywood

ഫുഡ്‌ബോള്‍  ലോകകപ്പിനെ കുറിച്ച് മോഹന്‍ലാലിന്റെ ഒരു ഇന്റര്‍വ്യൂ ഒരു സഹൃദയന്റെ നര്‍മ്മ ഭാവനയില്‍

നമസ്കാരം ലാലേട്ടാ, ലോകം മുഴുവൻ ഇപ്പോൾ ലോകകപ്പ് ഫുട്ബോൾ കണ്ടുകൊണ്ടിരിക്കുകയാണ്, എന്താണ് ലാലേട്ടന് തോന്നുന്നത്?’

‘ലോകകപ്പ് നല്ലതല്ലേ, എപ്പോഴും ലോകത്തിനു നല്ലതു മാത്രം സംഭവിക്കണം എന്നാഗ്രഹിക്കുന്നവരാണ് നമ്മളൊക്കെ, അല്ലേ? കൂടുതൽ കൂടുതൽ ലോകകപ്പുകൾ ഉണ്ടാവട്ടെ, നല്ല നല്ല ലോകകപ്പുകൾ സംഭവിക്കട്ടെ, അത് നമ്മൾക്ക് കാണാൻ കഴിയട്ടെ. ‘

‘എപ്പോഴാണ് ലാലേട്ടന് ഫുട്ബോൾ ഒരു ഹരമാകുന്നത്? ആ ഓർമ്മകൾ ഒന്നയവിറക്കാമോ?’

‘നോക്കൂ, പന്ത് എന്താണ്? അതിനകത്തു കാറ്റാണ്, അല്ലേ? കാറ്റ് നമ്മുടെ ശ്വാസമാണ്, നമ്മൾ അങ്ങനെയാണ് കരുതുന്നത്. അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് ഞാനും. ഈ നിമിഷം ആ പന്ത് അവിടെയുണ്ട്, അടുത്ത നിമിഷം ആ പന്ത് അവിടെയില്ല. കാലിൽ നിന്നും കാലിലേക്കുള്ള ഒരു യാത്രയാണത്. യാത്ര എല്ലാവർക്കും ഇഷ്ടമാണ്, എനിക്കും ഇഷ്ടമാണ്. ഞാനും യാത്ര ചെയ്യുന്ന ആളാണ്, ഒരുപാടു യാത്ര ചെയ്യാനിഷ്ടപ്പെടുന്ന ഒരാളാണ്. അപ്പോഴാണ് നമ്മുടെ കാഴ്ച കൂടുതൽ കൂടുതൽ സുന്ദരമാകുന്നത്, ഈ ലോകം തന്നെ സുന്ദരമാകുന്നത്. ലോകം കൂടുതൽ കൂടുതൽ സുന്ദരമാകട്ടെ. നമുക്ക് രണ്ടാൾക്കും അതിനുവേണ്ടി ഒരുമിച്ചു പ്രാർത്ഥിക്കാം, അല്ലേ?’

‘ലാലേട്ടന്റെ ഫേവറേറ്റ് ടീമേതാണ്?’

‘അങ്ങനെ എന്റെ ഇഷ്ടം എന്നൊരു ഇഷ്ടം അല്ലല്ലോ, അതു മാറിക്കൊണ്ടിരിക്കും, അല്ലേ? നേരത്തെ പ്ലാൻ ചെയ്ത് ഒരു ടീമിനെ ഇഷ്ടപ്പെടുകയല്ലല്ലോ. ഞാൻ അങ്ങനെ ഒന്നും പ്ലാൻ ചെയ്യാത്ത ഒരാളാണ്. ഇപ്പോൾ ആരെയാണ് ഇഷ്ടം എന്നേ നമുക്ക് പറയാൻ കഴിയൂ. ഫുട്‍ബോളിനെയാണ് നമ്മൾ ഇഷ്ടപ്പെടുന്നത്, അല്ലേ? അപ്പോൾ അത് കളിക്കുന്ന ആരോടും നമുക്ക് പ്രണയം തോന്നാം. ഞാനിപ്പോഴും പ്രണയത്തിലാണ്. എല്ലാവരെയും ഇഷ്ടപ്പെടാൻ കഴിയുമ്പോഴാണ് ഫുട്ബോൾ ഒരു വിസ്മയമാകുന്നത്. വിസ്മയം എന്നവാക്കാണ് എനിക്ക് ഏറ്റവും ഇഷ്ടം, ഞാൻ ഇതിനുമുൻപും പറഞ്ഞിട്ടുണ്ട്. പ്രണയത്തിലായിരിക്കുക, വിസ്മയമുള്ളവരായിരിക്കുക. ‘

‘എന്നാലും ഇപ്പോഴത്തെ ഏറ്റവും ഇഷ്ടപ്പെട്ട ആ ടീം?’

‘ഇതൊന്നും നമ്മൾ ചെയ്യുകയല്ലല്ലോ, നമ്മുടെ ഉള്ളിലിരുന്നു നമുക്കറിയാത്ത ഏതോ ഒരു ശക്തി ചെയ്യിക്കുകയാണ്, അല്ലേ. അതിനു നിങ്ങൾക്കും കഴിയട്ടെ, ഈ ലോകത്തു എല്ലാവർക്കും കഴിയട്ടെ. നമുക്ക് ഒരുമിച്ചു അതിനുവേണ്ടി ശ്രമിക്കാം.’

‘ലാലേട്ടൻ ഒഴിഞ്ഞു മാറരുത്, ഈ ലോകകപ്പിലെ ലാലേട്ടൻ ഫോളോ ചെയ്യുന്ന ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരൻ ആരാണ്? ഞങ്ങടെ ചങ്കും ചങ്കിടിപ്പുമാണ് ലാലേട്ടൻ, ആ ലാലേട്ടന്റെ ചങ്കിടിപ്പ് ആരാണ്?’

‘നോക്കൂ, ചങ്കിടിപ്പെന്നു പറഞ്ഞാൽ നമ്മൾ നമ്മുടെ തന്നെ ശ്വസന പ്രക്രിയയുടെ ഭാഗമായി കേൾക്കുന്ന ഒരു ചെറുശബ്ദമാണ്,‌ അല്ലേ? നമ്മളിൽ തന്നെയുള്ള, നമ്മളുടെ ഒപ്പമുള്ള ഒരു ശബ്ദവിസ്മയമാണത്. നല്ല ശ്രദ്ധയുള്ളവരായിരിക്കുമ്പോഴാണ് അത് നമുക്ക് കേൾക്കാൻ കഴിയുക. അല്ലേ? അതവിടെ ഉണ്ട്, നമ്മൾ കേട്ടാലും കേട്ടില്ലെങ്കിലും അതവിടെ ഉണ്ട്. ഹാർട്ട് ബീറ്റ്‌സ് എന്നൊക്കെ ആളുകൾ വിളിക്കാറുണ്ട്, എല്ലാം ഒന്നാണെന്ന് കരുതുന്ന ഒരാളാണ് ഞാൻ. എല്ലാവരും ശ്രദ്ധയുള്ളവരായിരിക്കട്ടെ, എല്ലാവർക്കും ചങ്കിടിപ്പ് ആസ്വദിക്കാൻ കഴിയട്ടെ, നല്ലതല്ലേ. അങ്ങനെ ആവാൻ പറ്റുക, ആളുകൾ അങ്ങനെയൊക്കെ നമ്മളെയും സ്നേഹിക്കുക, അതൊക്കെ വളരെ നല്ല കാര്യമാണ്, അതവരുടെ സ്നേഹമാണ്. ഞാൻ അതൊക്കെ ആസ്വദിക്കുന്ന ഒരാളാണ്.’

‘എന്നാലും ലാലേട്ടന്റെ കളിക്കാരൻ?’

‘ഞാൻ പറഞ്ഞല്ലോ, ഞാൻ കളി ഇഷ്ടപ്പെടുന്ന ഒരാളാണ്, പന്തിനോട് എനിക്ക് പ്രണയമാണ്. അത് ഈ ഭൂമിയുടെ തന്നെ ഒരു ചെറുരൂപമാണ്, അല്ലേ? അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. മാത്രമല്ല, അതുരുളുകയും ചെയ്യുകയാണ്. ഫുട്ബോൾ കളിക്കുന്ന എല്ലാവരും ചങ്കിടിപ്പാവട്ടെ എന്ന് നമുക്കു പ്രാർത്ഥിക്കാം, അങ്ങനെ ഗ്രൗണ്ടും ഗാലറിയും എല്ലാം ഒരു വലിയ വിസ്മയമാവട്ടെ. എല്ലാവരെയും എല്ലാവരും സ്നേഹിക്കട്ടെ, എല്ലാവരും പ്രിയപ്പെട്ട കളിക്കാരാവട്ടെ. അതിനു വേണ്ടി നമുക്ക്, അങ്ങനെ ആയിത്തീരാൻ ആഗ്രഹിച്ചുകൊണ്ടേയിരിക്കാം.’

‘ലാലേട്ടാ, ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്, ഇന്നു അർജന്റീന പ്രീ ക്വാർട്ടറിൽ എത്തി. മിശിഹാ തിരിച്ചു വരുമോ എന്ന് എല്ലാവരും ഉറ്റുനോക്കുകയാണ്. ലാലേട്ടൻ ആർക്കൊപ്പമാണ്? ‘

‘എല്ലാവരും തിരിച്ചുവരണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. നോക്കൂ, ജീവിതം തന്നെ അങ്ങനെയല്ലേ? എല്ലാവരും തിരിച്ചുവരട്ടെ. അയാൾ മികച്ച പ്ലെയറാണ്, നിങ്ങളെ എല്ലാവരെയും പോലെ അയാൾ നന്നായി കളിക്കണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാനും. എല്ലാം സംഭവിക്കട്ടെ, സംഭവിക്കുന്നതെല്ലാം നല്ലതിനാവട്ടെ. നല്ല നല്ല ഗോളുകൾ ഉണ്ടാവട്ടെ. അല്ലേ?’

‘എന്നാലും ഏത് ടീം ജയിക്കുമെന്നാണ് ലാലേട്ടൻ..?’

‘ജയവും തോൽവിയും ആപേക്ഷികമാണ്, അല്ലേ? ജയം എന്നുപറഞ്ഞാൽ സന്തോഷമാണ്. സന്തോഷം ആഗ്രഹിക്കാത്ത ആരാണുള്ളത്. അതിന്റെ അന്വേഷണത്തിലാണ് നമ്മൾ എല്ലാവരും, ഞാനും നിങ്ങളും എല്ലാം. കൂടുതൽ കൂടുതൽ സന്തോഷങ്ങളുണ്ടാവട്ടെ, അപ്പോൾ തീർച്ചയായും എല്ലാവർക്കും സന്തോഷമാകും, അല്ലേ? രണ്ടുപേരും ജയിക്കട്ടെ. അതിനു വേണ്ടി നമുക്ക് രണ്ടാൾക്കും ഒരുമിച്ചു പ്രാർത്ഥിക്കാം.’

നന്ദി ലാലേട്ടാ.’

‘നന്ദി. നമ്മളെ പോലെ എല്ലാവരും നന്ദിയുള്ളവരായിരിക്കട്ടെ. ലോകം മുഴുവൻ നന്ദിയോടെ ഇരിക്കട്ടെ. അതിനു വേണ്ടി നമുക്ക് ആഗ്രഹിക്കുകയും ചെയ്യാം.’

ശരി

കടപ്പാട് : ഷിബു ഗോപാലകൃഷ്ണൻ

shortlink

Related Articles

Post Your Comments


Back to top button