CinemaLatest NewsMollywood

ആഷിക് അബുവിന്റെ വിമർശനം; തെളിവു സഹിതം മറുപടിയുമായി ഫെഫ്ക

താര സംഘടനയായ അമ്മയിലേക്ക് നടൻ ദിലീപിനെ തിരിച്ചെടുക്കുന്നതിനെതിരെ വിമർശനവുമായി താരങ്ങൾ രംഗത്തെത്തി. ഇത്‍ഗിനെ തുടർന്ന് രാജി വെച്ച നടിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംവിധായകൻ ആഷിക്ക് അബു ഫെഫ്കയ്ക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ ആ കുറിപ്പിൽ പറഞ്ഞിരുന്ന വാദങ്ങൾക്ക് കാരണം കാണിക്കൽ നോട്ടിസും മറ്റു വാദങ്ങളുമായി ഫെഫ്ക ആഷിക്ക് അബുവിന് മറുപടി കൊടുത്തിരിക്കുകയാണ്. ആവശ്യമുള്ളപ്പോൾ ഫെഫ്കയുടെ ആനുകൂല്യങ്ങൾ കൈപ്പറ്റിയ ആഷിക്ക് ഇപ്പോൾ സംഘടനയെ തള്ളിപ്പറയുകയാണ് ആഷിക്

ഫെഫ്ക 29.6.2018ൽ ആഷിക്കിന് അയച്ച കത്ത്

പ്രിയ ആഷിഖ് അബു,

ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയന്റെ ഒരംഗത്തിന് എക്സിക്യൂട്ടീവ് കമ്മിറ്റി ഇങ്ങനെ ഒരു തുറന്ന കത്ത് എഴുതുന്നത്‌ ആദ്യമായാണ്. ഇന്നലെ താങ്കളുടെ ഫെയ്സ്ബുക്ക്‌ പോസ്റ്റിൽ യൂണിയന്റെ വേദി താങ്കള്‍ക്ക് ഇപ്പോൾ ലഭ്യമല്ലെന്ന വ്യാജവാദം മുന്നോട്ടുവെച്ച് താങ്കൾ യൂണിയനെതിരെ ചില ആരോപണങ്ങള്‍ ഉന്നയിക്കുകയുണ്ടായി. യൂണിയന്‍ വേദി ഇപ്പോൾ ലഭ്യമല്ലെന്ന തോന്നല്‍ താങ്കള്‍ക്കുണ്ടാവാൻ കാരണമായി താങ്കൾ തന്നെ ചൂണ്ടിക്കാണിച്ചത് എക്സിക്യൂട്ടീവ് കമ്മിറ്റി താങ്കള്‍ക്കൊരു കാരണം കാണിക്കൽ നോട്ടീസ് തന്നിട്ടുണ്ടെന്നും അതിന് താങ്കൾ ഇതുവരെ മറുപടി നല്‍കിയിട്ടില്ല എന്നുമാണ്.

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഫെഫ്ക ഇരയോടോപ്പമല്ല എന്നും പക്ഷപാതപരമായ നിലപാടുകള്‍ എടുത്തു എന്നും പ്രസ്തുത കുറിപ്പിൽ താങ്കൾ ആരോപിക്കുന്നു. നടന്‍ ദിലീപ് കുറ്റാരോപിതനായി അറസ്റ്റ്ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിൽ ദിലീപിനെ ഫെഫ്കയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻറ് ചെയ്ത്കൊണ്ട് സംഘടനാതലത്തിൽ ആദ്യം നടപടി സ്വീകരിച്ചത് ഫെഫ്കയാണ്. വിചാരണപൂര്‍ത്തിയാക്കി ദിലീപ് നിരപരാധിത്വം തെളിയിക്കുന്നുണ്ടെങ്കിൽ മാത്രമേ ആ തീരുമാനം പുന:പരിശോധിക്കേണ്ടതുള്ളു എന്നതാണ് ഫെഫ്കയുടെ സുനിശ്ചിതമായ നിലപാട്. അന്നും ഇന്നും എന്നും ഫെഫ്ക ആക്രമണത്തിനിരയായ പെണ്‍കുട്ടിക്കൊപ്പമാണെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും ബോധ്യമുള്ളതാണ്.

താങ്കളുടെ ആദ്യ ചിത്രമായ ഡാഡികൂൾ മുതൽ എക്കാലവും ഫെഫ്കയുടെ സഹായ സഹകരണങ്ങൾ താങ്കൾക്കുണ്ടായിട്ടുണ്ട്. ഡാഡികൂളിന്റെ സെറ്റിൽ മറ്റൊരു സംഘടനയുടെ പേരിൽ ഗുണ്ട ആക്രമണമുണ്ടായപ്പോൾ താങ്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സംരക്ഷണമൊരുക്കിയതും നിയമപരമായ പരിരക്ഷ ഏര്‍പ്പാടാക്കിയതും ഫെഫ്കയാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ പിന്നിടും താങ്കൾ ഫെഫ്കയുടെ സഹായം തേടിയിട്ടുണ്ട്.

ഫെഫ്കയുടെ കാരണംകാണിക്കൽ നോട്ടീസിനെക്കുറിച്ച് താങ്കൾ സമൂഹമാധ്യമങ്ങളിൽ വസ്തുതാ വിരുദ്ധമായി പരാമര്‍ശിച്ച നിലയ്ക്ക്, താങ്കൾ തന്ത്രപരമായി മറച്ചുവെച്ച ആ നോട്ടിസിന്റെ ഉള്ളടക്കം കേരളത്തിലെ പൊതുസമുഹത്തെ അറിയിക്കണമെന്ന് സംഘടന തീരുമാനിച്ചിരിക്കുന്നു. ഈ വിഷയത്തില്‍ യൂണിയന്‍റെയും താങ്കളുടെയും ധാർമ്മികതയേയും സത്യസന്ധതയേയും പൊതുസമൂഹം ഓഡിറ്റ് ചെയ്യട്ടെ.

ചട്ടപ്പടി തന്ന കാരണംകാണിക്കൽ നോട്ടിസിന് ഇതുവരെ മറുപടി നല്‍കാതെ സമൂഹ മാധ്യമങ്ങളിലൂടെ സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന താങ്കളെ ഒന്നോര്‍മ്മിപ്പിക്കുന്നു, മേല്‍പറഞ്ഞ നോട്ടിസിന് കാരണമായ സംഭവം നടന്നതിന് ശേഷം അധികാരമേറ്റ ഭരണസമിതിയിൽ ഒരംഗമായി രണ്ടുവര്‍ഷം താങ്കള്‍ പ്രവത്തിച്ചിട്ടുണ്ട്. ആ പദവി വഹിക്കുന്നതിന് താങ്കള്‍ ആരോപിക്കുന്ന ഫെഫ്കയുടെ “ദുഷിപ്പുകള്‍” താങ്കള്‍ക്ക് തടസ്സമായില്ല എന്നതും പൊതുസമൂഹം വിലയിരുത്തട്ടെ.

ടി കാലയളവിൽ താങ്കൾ യൂണിയനു നല്‍കിയ സംഭാവനകളെക്കുറിച്ച് ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. ടി കാലയളവിൽ ചേര്‍ന്ന കമ്മിറ്റി യോഗങ്ങളിൽ എത്രയെണ്ണത്തിൽ താങ്കളുടെ സാന്നിധ്യം ഉണ്ടായിരുന്നു..?

താങ്കള്‍ ഇപ്പോഴും ഫെഫ്കയിൽ അംഗമായി തുടരുന്നുണ്ടെന്നും, ഒരംഗത്തിന് ഈ യൂണിയന്‍ കൊടുക്കുന്ന എല്ലാ അധികാര അവകാശങ്ങളും താങ്കൾക്കും ലഭ്യമാണെന്നും, സംഘടനയുടെ ഇടങ്ങൾ ജനാധിപത്യപരമായ ഏതൊരു സംവാദത്തിനും താങ്കൾക്കും കൂടി തുറന്നിട്ടിരിക്കുകയാണെന്നും സംഘടന അറിയിക്കുന്നു.

രണ്‍ജിപണിക്കർ

പ്രസിഡന്റ്

ജി എസ് വിജയൻ

ജനറൽ സെക്രട്ടറി

ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയൻ

 

shortlink

Related Articles

Post Your Comments


Back to top button