Latest NewsMollywood

ലോഹിത ദാസിന്റെ ഓർമകൾക്ക് ഒമ്പത് വർഷം

മലയാള സിനിമാ ചരിത്രത്തിൽ മാറ്റിനിർത്താനാകാത്ത ഒരു അതുല്യ പ്രതിഭയാണ് സംവിധായകൻ ലോഹിത ദാസ്. സമൂഹത്തിന്റെ എല്ലാ മേഖലയിൽപ്പെട്ടവരും തന്റെ സിനിമ കാണണമെന്ന് മോഹിച്ച ആളായിരുന്നു അദ്ദേഹം . അഭ്രപാളിയുടെ ലോകത്ത് ജീവിക്കുമ്പോഴും ലോഹിതദാസ് കര്‍ഷകനോടും കല്ലുവെട്ടുക്കാരനോടും മീന്‍പിടിത്തക്കാരനോടും ലോഹ്യംപറഞ്ഞുനടന്നു.

പത്മരാജനും ഭരതനും എം.ടിയ്ക്കും ശേഷം മലയാളചലച്ചിത്രത്തിൽ ശക്തമായ തിരക്കഥകൾ സംഭാവന ചെയ്ത എഴുത്തുകാരനായാണ് ഇദ്ദേഹത്തെ വിലയിരുത്തുന്നത്.തിരക്കഥാകൃത്ത്, സംവിധായകൻ എന്നിവയ്ക്കുപുറമെ ഗാനരചയിതാവ്, നിർമ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളിൽ ഇദ്ദേഹം പ്രതിഭ തെളിയിച്ചു.

1955 മേയ് 10-ന് തൃശൂർ ജില്ലയിലെ ചാലക്കുടിയ്‌ക്കടുത്ത്‌ മുരിങ്ങൂരിൽ അമ്പഴത്തുപറമ്പിൽ വീട്ടിൽ കരുണാകരന്റെയും മായിയമ്മയുടെയും മകനായി ജനിച്ചു. എറണാകുളം മഹാരാജാസിൽ നിന്ന് ബിരുദപഠനവും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നു ലാബറട്ടറി ടെക്‌നീഷ്യൻ കോഴ്‌സും പൂർത്തിയാക്കി.

lohithadas

ലോഹി എന്ന് അറിയപ്പെട്ടിരുന്ന ലോഹിതദാസ് ചെറുകഥകൾ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. എന്നാൽ സാഹിത്യത്തിൽ ശ്രദ്ധേയനാകുവാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. തോപ്പിൽ ഭാസിയുടെ നേതൃത്വത്തിലുള്ള കെ.പി.എ.സിക്കു വേണ്ടി 1986-ൽ നാടകരചന നിർവഹിച്ചുകൊണ്ട് അദ്ദേഹം മലയാള നാടകവേദിയിൽ പ്രവേശിച്ചു. തോപ്പിൽ ഭാസിയുടെ ഇടതുപക്ഷ (സി.പി.ഐ) ചായ്‌വുള്ള ‘കേരള പീപ്പിൾസ് ആർട്സ് ക്ലബ്’ എന്ന നാടകവേദിക്കായി ആയിരുന്നു ആദ്യ നാടകരചന. സിന്ധു ശാന്തമായൊഴുകുന്നു ആയിരുന്നു ആദ്യനാടകം. ഈ നാടകത്തിന് അദ്ദേഹത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു. പിന്നീട് അവസാനം വന്ന അതിഥി, സ്വപ്നം വിതച്ചവർ തുടങ്ങിയ നാടകങ്ങളും എഴുതി.

lohithdas

സമകാലിക കേരളീയ ജീവിതത്തെ ചിത്രീകരിക്കുന്നതിൽ ലോഹിതദാസിനുള്ള കഴിവ് കൂടുതലായിരുന്നു. പൊതുവേ ഗൗരവമുള്ള വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നതെങ്കിലും ലോഹിതദാസിന്റെ ചിത്രങ്ങളിലേറെയും വാണിജ്യപരമായി വിജയം നേടുകയും ചെയ്തു. പശ്ചാത്തലം, ഗാനങ്ങൾ, ഹാസ്യം തുടങ്ങിയവയ്ക്ക് ലോഹിതദാസ് ചിത്രങ്ങളിൽ പ്രാധാന്യം കുറവാണ്. കൂടുതലും കഥാപാത്രത്തെ ആസ്പദമാക്കിയുള്ള വീക്ഷണമാണ് ലോഹിതദാസ് ചിത്രങ്ങൾക്ക്.

തുടക്കത്തിൽ ഒരു വർഷം നാല് തിരക്കഥകളോളം ലോഹിതദാസ് രചിക്കാറുണ്ടായിരുന്നു. പിന്നീട് സംവിധാനത്തിലേക്ക് തിരിഞ്ഞതോടെ ഇദ്ദേഹത്തിന്റെ തിരക്കഥകളുടെ എണ്ണം കുറഞ്ഞുവന്നു. 1997-ൽ ഭൂതക്കണ്ണാ‍ടി എന്ന ചലച്ചിത്രത്തിലൂടെയാണ് ലോഹിതദാസ് സംവിധാന രംഗത്തേക്ക് കടന്നുവന്നത്. കാരുണ്യം ,കന്മദം , തനിയാവർത്തനം , ചക്രം കസ്തൂരിമാൻ ,നിവേദ്യം ,സൂത്രാധാരൻ, വീണ്ടും ചില വീട്ടുകാര്യങ്ങൾ ,പാഥേയം ,സാഗരം സാക്ഷി ,ഭൂതക്കണ്ണാടി, വാത്സല്യം ,ചെങ്കോൽ, കിരീടം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾക്കാണ് അദ്ദേഹം ജീവൻ നൽകിയത്.2009 ജൂൺ 28-നാണ് ഹൃദയാഘാതത്തെത്തുടർന്ന് ലോഹിതദാസ് മലയാള സിനിമയോട് വിട പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button