താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് പദവി മോഹൻലാൽ ഏറ്റെടുത്തു. അതിനു പിന്നാലെ നടൻ ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. ഈ തീരുമാനത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാള സിനിമയിലെ വനിതാ സംഘടനയായ വുമൻ ഇൻ സിനിമാ കളക്ടീവ്. ദിലീപ് എന്ന നടനെ എന്തിനാണ് അമ്മ പുറത്താക്കിയതെന്നും തിരിച്ചെടുക്കുമ്പോൾ നേരത്തേ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളതെന്നും ഇവർ ചോദിക്കുന്നു.
വനിതാ സംഘടനയുടെ കുറിപ്പ് പൂർണ്ണ രൂപം
ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാൻ അമ്മയുടെ ജനറൽ ബോഡി തീരുമാനിച്ചതായി വാർത്താ മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞു. അത് ശരിയാണെങ്കിൽ വുമൻ ഇൻ സിനിമാ കളക്ടീവ് ചില കാര്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു.
1,അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?
2. സംഘടനയിലേക്ക് ഇപ്പോൾ തിരിച്ചെടുക്കുവാൻ തീരുമാനിക്കുമ്പോൾ നേരത്തേ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്?
3. ബലാൽസംഗം പോലുള്ള ഒരു കുറ്റകൃത്യത്തിൽ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂർത്തിയാവുന്നതിനു മുമ്പ് നിങ്ങൾ തിരിച്ചെടുക്കുന്നത്. അതിൽ നിങ്ങൾക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ?
4. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ ?
5. ഇപ്പോൾ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ നിങ്ങൾ ചെയ്യുന്നത്?
6. ഒരു ജനാധിപത്യ സംഘടന എന്ന നിലയിൽ ഇപ്പോൾ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നൽകുക?
7. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസിൽ ഉൾപ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങൾ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ?
നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങൾ അപലപിക്കുന്നു. WCCഅവൾക്കൊപ്പം
Post Your Comments