മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്‍റെ അഭിനയ ജീവിതത്തിലെ ചില അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. ഐവി ശശി സംവിധാനം മൃഗയയിലെ വാറുണ്ണി എന്ന കഥാപാത്രം മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച വേഷങ്ങളില്‍ ഒന്നാണ്. 1989 ല്‍ റിലീസ് ചെയ്ത ഈ ചിത്രത്തില്‍ വരുത്തിയ ചില മാറ്റങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് മമ്മൂട്ടി. വാറുണ്ണിയുടെ രൂപമാറ്റം ഷൂട്ടിംഗിനു തൊട്ടു മുമ്പ് വരുത്തിയതാണെന്നും എന്നാല്‍ ഈ രൂപം കണ്ട പ്രൊഡ്യൂസര്‍ക്ക് അത് ഇഷ്ടമായില്ലെന്നും മമ്മൂട്ടി ഒരു ചാനല്‍ അഭിമുഖത്തില്‍ പറയുന്നു.
മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ.. ‘മൃഗയയുടെ ഷൂട്ടിങ് തുടങ്ങുന്ന സമയത്ത് ഒരു സാധാരണ രൂപത്തിലായിരുന്നു ഞാന്‍. ആദ്യത്തെ ഒന്നു രണ്ട് സീന്‍ അഭിനയിച്ചപ്പോള്‍ ആകെ ഒരു വിഷമം. അതില്‍ പുതിയതായി ഒന്നും അഭിനയിക്കാന്‍ സാധിക്കുന്നില്ല. ഈ സങ്കടം സംവിധായകനോടും തിരക്കഥാകൃത്തിനോടും പറഞ്ഞപ്പോള്‍ അവര്‍ക്കൊന്നും പറയാനില്ല. രണ്ടാമത്തെ ദിവസം ഷൂട്ടിങ് തുടങ്ങാന്‍ വരട്ടെ എന്ന് ഞാന്‍ പറഞ്ഞു. എം ഒ ദേവസ്യ ആണ് മേക്കപ്പ്മാന്‍. പാലക്കാട് ഒരു ചെറിയ വില്ലേജില്‍ ആണ് ഷൂട്ടിങ്. കുറേ ജനങ്ങള്‍ കൂടി നില്‍പ്പുണ്ട്. കൂടി നിന്ന ജനങ്ങള്‍ക്കിടയില്‍ മിലിറ്ററി ഗ്രീന്‍ഷര്‍ട്ടിട്ട, മുറുക്കി പല്ല് ഒക്കെ ചുവന്ന് പ്രാകൃതവേഷക്കാരനായ ഒരു കറുത്ത മനുഷ്യനെ കണ്ടു. ദേവസ്യേട്ടനെ വിളിച്ചിട്ട് ചോദിച്ചു നമുക്ക് അയാളാക്കി എടുക്കാന്‍ പറ്റുമോ ദേവസ്യേട്ടന്‍ എന്നെ കെട്ടിപ്പിടിച്ചു. എന്നെ വിളിച്ചുകൊണ്ടുപോയി, പഴയ പടത്തില്‍ ആരോ ഉപയോഗിച്ച ഒരു വിഗ്, ആ പടത്തില്‍ ആരോ ഉപയോഗിച്ച മീശ. പിന്നെ എന്നെ കറുപ്പിക്കണം എന്നു പറഞ്ഞപ്പോള്‍ ഭയങ്കര വൈമനസ്യമായിരുന്നു അദ്ദേഹത്തിന്.
നീഗ്രോബ്ലാക്ക് കളര്‍ ആണ് ഉപയോഗിച്ച് കറുപ്പിച്ച് മുഖത്തൊരു ഉണ്ണി വച്ചു. പിന്നെ പല്ല് ഇല്ലാണ്ട് തരത്തില്‍ കറുപ്പിച്ചു. ചുണ്ടും കറുപ്പിച്ചു. മിലിറ്ററി ഗ്രീന്‍ ഷര്‍ട്ട് കോസ്റ്റ്യൂമറിനെക്കൊണ്ട് തയ്പ്പിച്ചു. ആ ഷര്‍ട്ട് കല്ലില്‍ ഇട്ട് ഇരച്ച് ഓയില്‍ ഒക്കെ ഇട്ട് അലക്കി. കീറിയ പാന്റും കാലിനൊക്കെ രോഗം വന്ന ആളുകള്‍ ഇടുന്ന രീതിയിലുള്ള ചെരുപ്പും ഇട്ട് സെറ്റില്‍ ചെന്നിട്ട് എന്നെ ആരും അറിയുന്നില്ല. പ്രൊഡ്യൂസറും, റൈറ്ററും, ഡയറക്ടറും വന്ന് കണ്ടപ്പോള്‍ പ്രൊഡ്യൂസര്‍ സമ്മതിക്കില്ല. ഇങ്ങനെയൊരാളെയല്ല ബുക്ക് ചെയ്തത് എന്നൊക്കെ പറഞ്ഞു. കെആര്‍ജി എന്ന നല്ല മനുഷ്യനോട് ഞാന്‍ പറഞ്ഞു( അദ്ദേഹം മരിച്ചുപോയി), ഈ സിനിമ ഓടിയില്ലെങ്കില്‍ അടുത്ത പടം ഫ്രീ ആയി അഭിനയിക്കാം എന്ന് പറഞ്ഞു. അങ്ങനെയാണ് ആ സിനിമയില്‍ അഭിനയിച്ചത്.’
കടപ്പാട്: മനോരമ ചാനല്‍
Post Your Comments