
ആരാധകരെ ഏറെ കണ്ണീരിലാഴ്ത്തിയ സംഭവമാണ് ബോളിവുഡ് താരം ഇർഫാന് ഖാൻ അർബുദത്തിന് ചികിത്സ തേടിയെന്ന വാർത്ത. ശരീരത്തിലെ ആന്തരികാവയവങ്ങളെ ബാധിക്കുന്ന ന്യൂറോ എൻഡോക്രെയ്ൻ അർബുദമെന്ന അപൂർവ്വ രോഗത്തിന്റെ ചികിതയിലാണ് താരം. വിദേശത്ത് ചികിത്സയിലുള്ള താരം കഴിഞ്ഞ ദിവസം തന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും ആരാധകർക്കായി ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.
ഇർഫാൻ ഖാന്റെ കുറിപ്പ്
‘ന്യൂറോഎൻഡോക്രയ്ൻ ക്യാൻസർ എന്ന രോഗം എനിക്കുണ്ടെന്നറിഞ്ഞിട്ടു കുറച്ചുനാളുകളായി. എന്റെ നിഘണ്ടുവിൽ കൂട്ടിചേർക്കപ്പെട്ട പുതിയ പേര് അപൂർവവും പ്രവചനാധീതവുമായ രോഗമാണെന്നു എനിക്കറിയാം.
വേഗം പാഞ്ഞു കൊണ്ടിരുന്ന തീവണ്ടിയിൽ സ്വപ്നങ്ങളും പ്രതീക്ഷകളും പദ്ധതികളുമായി ഞാനിരിക്കുകയായിരുന്നു. പെട്ടന്ന് ടിക്കറ്റ് പരിശോധിക്കാന്‍ വന്ന ആൾ നിങ്ങളുടെ സ്റ്റേഷനെത്തിയെന്നും ഉടനെ ഇറങ്ങാനും പറയുന്നു. പക്ഷേ ഇതല്ലായിരുന്നു എന്റെ ലക്ഷ്യ സ്ഥാനം. ഇങ്ങനെയാണു പലപ്പോഴും.
വളരെ തളർന്ന അവസ്ഥയിലാണു ഞാൻ ആശുപത്രിയിൽ പ്രവേശിക്കുന്നത്. വൈകിയാണ് ഞാന്‍ അത് മനസ്സിലാക്കിയത്.
എന്റെ ബാല്യകാല സ്വപ്നങ്ങളുടെ പറുദീസയായ ലോഡ്സ് ക്രിക്കറ്റ് സ്റ്റേഡിയമാണ് ആശുപത്രിയുടെ എതിർവശത്തുള്ളത്. പുഞ്ചിരി തൂകി നിൽക്കുന്ന വിവിയൻ റിച്ചാർഡ്സിന്റെ ചിത്രം ഞാൻ കണ്ടു. ഒന്നും സംഭവിച്ചില്ല. ഇൗ ലോകം ഒരിക്കലും എന്റേതായിരുന്നില്ല.
ആശുപത്രിയില്‍ ഞാൻ കിടക്കുന്ന മുറിയുടെ തൊട്ടുമുകളിൽ കോമ വാർഡ് ഉണ്ട്. ഒരു വശത്ത് ആശുപത്രിയും മറുവശത്ത് മൈതാനവുമുള്ളതു പോലെ ജീവിതത്തിന്റെയും മരണത്തിന്റെയും കളിക്കിടയിൽ ഒരു പാതയുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത് ആശുപത്രിയിലെ ബാൽക്കണിയിൽ നിൽക്കുമ്പോഴാണ്. . ഒന്നിന്റെയും ഭാഗമാകാതെ നില്ക്കുമ്പോള്ത്തന്നെ നിശ്ചിതമായ ഒരിടമുണ്ട്. അത് ആശുപത്രിയുമല്ല സ്റ്റേഡിയവുമല്ല. അതെന്നെ അഗാധമായി പിടിച്ചു കുലുക്കി.
ഇതിനിടെ എനിക്ക് ചെയ്യാവുന്നത് ഒരുകാര്യമാണ്, എന്റെ ശക്തി തിരിച്ചറിഞ്ഞ് നന്നായി തന്നെ പോരാടുക. പ്രപഞ്ചത്തിന്റെ മഹത്തായ ശക്തിയും ബുദ്ധിശക്തിയും എന്നെ വല്ലാതെ സ്വാധീനിച്ചു.ഒന്നിന്റെയും ഭാഗമാവാതെ നിന്നാലും നിങ്ങൾക്കായി നിശ്ചയിക്കപ്പെട്ട സ്ഥലമുണ്ട്. അനശ്ചിതത്വമാണു നിശ്ചയമായിട്ടുള്ളത്. പരിണിതഫലങ്ങൾ ആലോചിച്ചിരിക്കാതെ സമർപ്പിക്കാനും കരുത്ത് മനസ്സിലാക്കി പോരാടാനും അതെനിക്ക് ശക്തി നൽകി. എന്റെ ആശങ്കകൾ മാഞ്ഞു പോയിരിക്കുന്നു.
എട്ടുമാസം, നാല് മാസം അല്ലെങ്കില്‍ രണ്ട് വര്‍ഷങ്ങള്‍ എടുത്താലും അനന്തരഫലം എന്തു തന്നെയായാലും അതില്‍ സമര്‍പ്പിച്ച് കീഴടങ്ങാന്‍ ഈ തിരിച്ചറിവ് എന്നെ സഹായിച്ചു. ആദ്യമായി സ്വാതന്ത്ര്യത്തിന്റെ അർത്ഥം എന്താണെന്നു ഞാൻ തിരിച്ചറിഞ്ഞു..
ഈ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഞാന്‍ ആശുപത്രിയിലേക്ക് പോകുമ്പോള്‍ മകനോട് പറയാറുണ്ട്. ‘എന്നില്‍ നിന്ന് ഞാന്‍ ഒരു കാര്യം മാത്രമാണ് പ്രതീക്ഷിക്കുന്നത്. ഒരു പേടിയും ആശങ്കകളും നമ്മെ ഭരിക്കാന്‍ പാടില്ല.’
READ ALSO: അർബുധ ബാധിതനായ നടന് മരിച്ചുവെന്ന് വ്യാജ പ്രചരണം
Post Your Comments