യേശുദാസിന്റെ ശബ്ദത്തോട് സാമ്യമെന്ന കാരണത്താൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നിഷേധിച്ച യുവഗായകനു രാജ്യാന്തര പുരസ്കാരം. ടൊറന്റോ ഇന്റർനാഷണൽ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018–ലെ മികച്ച ഗായകനുള്ള പുരസ്കാരം നേടിയിരിക്കുകയാണ് അഭിജിത് വിജയ്.
ആകാശമിഠായി എന്ന ചിത്രത്തിലെ ‘ആകാശപ്പാലക്കൊമ്പത്ത്’ എന്നു തുടങ്ങുന്ന ഗാനമാണ് അഭിജിത്തിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ആകാശ മിഠായിയിലെ നായകൻ ജയറാം അഭിജിത്തിന്റെ പുരസ്കാര നേട്ടം ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചു. പ്രേക്ഷകരുടെ വോട്ടെടുപ്പിലൂടെയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ‘അഭിജിത് വിജയന് എല്ലാ വിധ ആശംസകളും നേരുന്നു. അഭിജിത്തിന്റെ വിനയവും ആത്മാർത്ഥതയും ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കുമെന്ന് ഉറപ്പാണ്’ അവാർഡ് വാർത്ത പങ്കു വച്ച് ജയറാം കുറിച്ചു.
കേരളം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപന സമയത്ത് അഭിജിത്തിന് അവാർഡ് കൊടുക്കാത്തത് വിവാദമായിരുന്നു. ഭയാനകം എന്ന സിനിമയിലെ അഭിജിത് പാടിയ ‘കുട്ടനാടൻ കാറ്റു ചോദിക്കുന്നു’ എന്ന ഗാനം പുരസ്കാരത്തിനായി അവസാന റൗണ്ടിൽ എത്തിയിരുന്നു. എന്നാൽ അവാർഡ് നിർണയ വേളയുടെ അവസാനഘട്ടത്തിലാണ് യേശുദാസല്ല, മറ്റൊരാളാണ് പാടിയെതെന്ന് ജൂറി അംഗങ്ങൾക്കു മനസ്സിലായതെന്നും തുടർന്ന് അവാർഡ് നിഷേധിക്കുകയായുരുന്നുമെന്നായിരുന്നു ആരോപണം.
Post Your Comments