സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാലാ തിയേറ്ററുകളില്‍ നിറഞ്ഞോടുന്നതിനൊപ്പം ജന മനസുകളില്‍ ചിന്തകളുടെ അംശം കൂടി തരുകയാണ്. കറുപ്പിന്റെ രാഷ്ട്രീയം, കറുത്തവന്റെ രാഷ്ട്രീയം, വെളുപ്പണിഞ്ഞ് ഉള്ളില്‍ തിന്മയുടെ കറുപ്പണിഞ്ഞ രാഷ്ട്രീയം. ഇത്രയധികം തലക്കെട്ടുകള്‍ കയറിക്കൂടിയിരിക്കുകയാണ് സിനിമാ പ്രേമികളുടെ മനസില്‍. എന്താണ് ഇനി സംഭവിക്കാന്‍ പോകുന്നത് എന്ന ചിന്ത കരിമുകില്‍ കൂടുന്നത് പോലെ കരികാലന്‍ ജനമനസുകളില്‍ സൃഷ്ടിച്ചു കഴിഞ്ഞു. സിനിമയിറങ്ങി ഏതാനും ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രം പരാജയമെന്ന വാര്‍ത്ത ഇല്ലാതായി. ചിത്രം വിജയം തന്നെ. എന്നാല്‍ കാലാ തന്നത് രജനീ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നതല്ല എന്ന ശ്രുതിയും സജീവമാണ്.
കാലങ്ങളായി കണ്ടു വന്ന രജനി പടങ്ങളില്‍ നിന്നും കാല വ്യത്യസ്ഥമായത് തനിക്കും വലിയ മാറ്റം സംഭവിക്കാന്‍ പോകുന്നുവെന്ന രജനിയുടെ വെളിപ്പെടുത്തലാണോ.? ആണെങ്കില്‍ തന്നെ രാഷ്ട്രീയ പ്രവേശനത്തിലേക്കാണെന്ന് പ്രഖ്യാപിച്ച ആ ചുവട് മാറ്റത്തിന് തമിഴകം എത്രനാള്‍ കാത്തിരിക്കണം. കറുത്തവന്റെ രാഷ്ട്രീയത്തിന് കാവലാളായി നില്‍ക്കുന്ന ജന നേതാവിനെ രജനിയില്‍ നിന്ന് പ്രതീക്ഷിക്കൊമോ ? ഇത്രയും ചോദ്യങ്ങളാണ് ഇപ്പോള്‍ കാലയെ ചുറ്റിപ്പറ്റി നില്‍ക്കുന്നത്.
കാണാത്ത കാര്യങ്ങളെ ചിന്താചക്രവാളത്തിലിട്ട് കീറിമുറിക്കുന്നതിന് മുന്‍പ് കണ്ടകാര്യങ്ങള്‍ ഒന്ന് അവലോകനം ചെയ്യാം. അതേ, കാല സ്‌ക്രീന്‍ നിറയെ തന്നതെന്ത്?. അത് പരിശോധിച്ചാല്‍ മേല്‍പറഞ്ഞ തലക്കെട്ടുകള്‍ വെച്ച് കൃത്യമായ അവലോകനം നടത്തുവാന്‍ ഒരു പക്ഷേ രജനിയെ നെഞ്ചോട് ചേര്‍ക്കുന്ന ഓരോ മനുഷ്യനും സാധിക്കും.തമിഴ്‌നാട്ടിലെ തിരുനല്‍വേലിയില്‍നിന്നും ധാരാവിയിലെത്തി തന്റെ സാമ്രാജ്യം കെട്ടിപ്പടുത്ത വെങ്കയ്യന്റെ മകനാണ് കാലാ. തമിഴ് മക്കളുടെ ഭൂമിയില്‍ രാഷ്ട്രീയ കണ്ണ് വീണപ്പോള്‍ കരികാലനെന്ന കാലയ്ക്ക് വെല്ലുവിളികളും പ്രതികാര മൂര്‍ത്തിയുടെ ഭാവവും തന്നിലേക്ക് ആവാഹിക്കേണ്ടി വരുന്നു. സ്റ്റൈല്‍മന്നന്റെ മക്കള്‍ തലൈവന്‍ ഇമേജിന് കോട്ടം തട്ടിയിട്ടില്ലെങ്കിലും രജനി പടം എന്ന നിലയില്‍ തുടര്‍ച്ചയായി കണ്ടു വന്ന രീതിക്ക് സഡണ്‍ബ്രേക്ക് ഇടുന്ന ഒന്നായി മാറി കാലാ.
കാലാ റിവ്യൂ കാണാം (വീഡിയോ)
രജനി പടത്തിന്റെ മസാലക്കൂട്ടുകള്‍ ഉണ്ടെങ്കിലും രജനിക്കായി ഷങ്കറും, കെ.എസ്.രവികുമാറുമൊക്കെ തയാറാക്കുന്ന തട്ടുപൊളിപ്പന്‍ ഫോര്‍മുല പാ രഞ്ജിത്ത് പരീക്ഷിച്ചതേയില്ല. എന്നാല്‍ മുരളിയുടെ ചായാഗ്രഹണം, സന്തോഷ് നാരായണന്റെ സംഗീതം എന്നീ ചേരുവകള്‍ സാങ്കേതിക തലത്തില്‍ കാലായെ മികച്ചതാക്കി. ഹുമ ഖുറേഷി എന്ന താരത്തിന്റെ കഥാപാത്രം കാലയിലെ പ്രണയത്തെയും സമുദ്രകനിയുടെ കഥാപാത്രം സൗഹൃതത്തില്‍ കാല കാണിയ്ക്കുന്ന ആഴത്തേയും ചൂണ്ടിക്കാട്ടി. ഏഴകള്‍ക്ക് തോഴനാവാന്‍ ജനിച്ചവന്‍ എന്ന രജനി ഇമേജ് ധാരാവി എന്ന ചേരിയിലേക്ക് പറിച്ച് നട്ടത് തമിഴ് രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍ രജനിക്ക് രൗദ്രഭാവവും സ്വീകരിക്കാനറിയാം എന്ന് ഓര്‍മ്മിപ്പിക്കാനാണെന്ന് പ്രേക്ഷന് തോന്നിപ്പോകും.
ഭൂമാഫിയ എന്ന രീതിയില്‍ കാണിക്കുന്ന വില്ലന്‍ കഥാപാത്രത്തിന് അധികാരത്തിന്റെ മേമ്പൊടി കൂടി നല്‍കി രാഷ്ട്രീയ ശത്രുക്കളെ നേരിടാന്‍ തലൈവന്‍ തയാറാണെന്ന് വരുത്താനും പാ രഞ്ജിത്ത് മറന്നില്ല. രജനി പടത്തിനായി ടിക്കറ്റെടുത്തവര്‍ക്ക് അടുത്തതായി എടുക്കേണ്ടി വരുന്നത് ബാലറ്റാണോ എന്ന ചിന്ത ആരംഭിച്ച് കഴിഞ്ഞു. തമിഴ് മണ്ണിന്റെ മകളായ ജയലളിത സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവട് മാറി അധികാരത്തില്‍ തിളങ്ങുന്ന സമയം രജനിയും ജയലളിതയും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. അത് രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന് സൂചനയാണെന്ന് തമിഴകം ഒന്നാകെ പറഞ്ഞെങ്കിലും അന്നത് സംഭവിച്ചില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം കൃത്യമായ ആസൂത്രണത്തോടെ സിനിമയും രാഷ്ട്രീയ പ്രഖ്യാപനവും നടത്താന്‍ രജനിക്ക് സാധിച്ചു.
കാലാ… പ്രേക്ഷക പ്രതികരണം ഇങ്ങനെ (വീഡിയോ)
പ്രഖ്യാപനം നടപ്പിലാക്കാന്‍ സാധിക്കുന്ന ആളാണെന്ന് ഇതിലൂടെ തെളിയിച്ച രജനി ജനങ്ങള്‍ക്കായി പ്രഖ്യാപനം നടത്തുകയും രാഷ്ട്രീയരംഗത്ത് തിളങ്ങി അത് നടപ്പാക്കുകയും കൂടി ചെയ്താല്‍ മതി. എംജിആറിനും , ജയലളിതയ്ക്കും പിന്നാലെ മുഖ്യമത്രി പദത്തിലെത്തുന്ന തലൈവനെ കാത്തിരിക്കുകയാകാം തമിഴ് മക്കള്‍. ഏതായാലും കാലയെന്ന ചിത്രം കാലത്തിന് മുന്‍പേ പറക്കുന്നതായി മാറി. ഇനി കാണേണ്ടത് രജനിയുടെ രാഷ്ട്രീയം തന്നെ. സിനിമ കാണാന്‍ തിയേറ്ററില്‍ പോകുന്നവരോട് ഒരു ഓര്‍മ്മപ്പെടുത്തല്‍…. തട്ടുപൊളിപ്പന്‍ രജനിയേക്കാള്‍ ജനനേതാവ് രജനിയെ കാണാനായി തിയേറ്ററില്‍ പോവുക. മനസ് നിറഞ്ഞ് തിയേറ്ററിലിരുന്ന് കണ്ട രജനി പടങ്ങളുടെ കൂട്ടത്തില്‍ കാലയും സ്ഥാനം പിടിക്കുമെന്ന് ഉറപ്പ്.
Post Your Comments