തന്റെ മകനായ കാളിദാസന് അബ്ദുല്‍ കലാമിന്റെ കയ്യില്‍ നിന്നു മികച്ച ബാലതാരത്തിനുള്ള നാഷണല്‍ അവാര്‍ഡ് ഏറ്റുവാങ്ങിയ സന്ദര്‍ഭത്തെക്കുറിച്ച് പറയുകയാണ് നടന് ജയറാം.
ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തിലാണ് ജയറാം ഈ അനുഭവം പങ്കുവെച്ചത്. കണ്ണനെക്കുറിച്ച് എന്തെങ്കിലുമൊരു കോമഡി ഓര്‍ക്കുന്നുണ്ടോ ? എന്ന ചോദ്യത്തിനായിരുന്നു ജയറാം മറുപടി നല്‍കിയത്.
കണ്ണന് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് കിട്ടിയത് ഒരിക്കലും മറക്കാനാകില്ല. അന്നത്തെ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ കയ്യില്‍ നിന്നാണ് അവന് അവാര്‍ഡ് ഏറ്റുവാങ്ങുന്നത്. എല്ലാ റിഹേഴ്സലും കഴിഞ്ഞു. വേദിയിലെത്തുന്നു, അവാര്‍ഡ് വാങ്ങുന്നു, ഇറങ്ങുന്നു അത്രയും കൃത്യമാണ് കാര്യങ്ങള്‍. കണ്ണന് സ്റ്റേജിലേക്ക് കയറി. അവാര്‍ഡ് വാങ്ങി കഴിഞ്ഞു കണ്ണന് എന്തോ കലാം സാറിനോട് പറഞ്ഞു. അദ്ദേഹം കവിളില്‍ തട്ടി മറുപടിയും പറഞ്ഞു. പെട്ടാന്നാണ് ഇവന് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കോട്ടിനുള്ളില്‍ കൈയിട്ടത്. ഞാനൊന്നു ഞെട്ടി റിഹേഴ്സലില്‍ ഇല്ലാത്ത ഒരു കാര്യം കണ്ടാല്‍ സെക്യൂരിറ്റിക്കാര്‍ ചാടി വീഴും എന്നുറപ്പാണ്. കോട്ടിനുള്ളില്‍ നിന്ന് അവന് പുറത്തെടുത്തത് കുഞ്ഞുകടലാസാണ്. കലാം സാറിന്റെ ചെവിയില്‍ എന്തോ പറഞ്ഞപ്പോള്‍ അദ്ദേഹം സ്നേഹത്തോടെ ചേര്‍ത്തുപിടിച്ചു കടലാസ്സില്‍ എന്തോ കുറിച്ചു കൊടുത്തു. അവാര്‍ഡും കൊണ്ട് അവന് ഓടി അടുത്തു വന്നപ്പോള്‍ ഞാനാകെ ടെന്‍ഷനടിച്ച് ചോദിച്ചു ‘കണ്ണാ നീ എന്താ അവിടെ ചെയ്തത്’. ഒരു കുലുക്കവുമില്ലാതെ അവന്റെ മറുപടി “ഹേയ് ഞാനൊന്നും ചെയ്തിലല്ലോ. ഒരു ഓട്ടോഗ്രാഫ് വാങ്ങിച്ചതല്ലേ”.
Post Your Comments