BollywoodWOODs

സത്യമറിയാതെ പങ്കുവച്ച വീഡിയോയുടെ പേരില്‍ പുലിവാലു പിടിച്ച് നടി ശബാന ആസ്മി

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ ബോളിവുഡ് നടി ശബാന ആസ്മിയ്ക്ക് നല്‍കിയത് ഒരു കിടിലന്‍ പണിയാണ്. അഴുക്കുവെള്ളത്തിന് സമീപമിരുന്ന് പാത്രം കഴുകുന്ന ഹോട്ടല്‍ ജീവനക്കാരുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ വീഡിയോ കണ്ടതോടെ ഇത് ഇന്ത്യന്‍ റെയില്‍വേ ചെയ്തതാണെന്ന് തോന്നിയ നടി ട്വിറ്ററിലൂടെ വീഡിയോ പോസ്റ്റ് ചെയ്യുകയും റെയില്‍വേ കുറ്റപ്പെടുത്തുകയും ചെയ്തു. പീയുഷ് ഗോയല്‍ ദയവു ചെയ്ത് ഇതൊന്ന് കാണൂ എന്ന് കുറിച്ചുകൊണ്ട് മന്ത്രിയെ ടാഗ് ചെയ്തായിരുന്നു നടിയുടെ പോസ്റ്റ്.

വളരെപെട്ടന്ന് തന്നെ വൈറലായി മാറിയ ആ വീഡിയോയില്‍ ഉണ്ടായിരുന്നത് മലേഷ്യയിലെ ഒരു ഹോട്ടലിലെ ദൃശ്യമായിരുന്നു. എന്നാല്‍ ഇത് തിരിച്ചറിയാതെ ഇന്ത്യന്‍ റയില്‍വേയെ കുറ്റപ്പെടുത്തുകയായിരുന്നു താരം. മലേഷ്യയിലെ ഒരു ഹോട്ടലാണെന്നും സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചിരിക്കുകയാണെന്നും പറഞ്ഞുകൊണ്ടുള്ള പോസ്റ്റില്‍ ക്വാലാലംപൂരില്‍ രാജ്‌സ് ബനാന റെസ്‌റ്റോറന്റ് എന്ന ഹോട്ടലിനെ കുറിച്ച്‌ വന്ന വാര്‍ത്തയുടെ ലിങ്കും ചേര്‍ത്ത് നടിക്ക് റയില്‍വേ മറുപടി നല്‍കി.

സത്യം പുറത്തുവന്നതോടെ റെയില്‍വേയെ അധിക്ഷേപിച്ചു എന്നാരോപിച്ചു നടക്കെതിരേ നിരവധി പേര്‍ രംഗത്തെത്തിയിരിക്കുകയാണ്. വിശദീകരണത്തിന് നന്ദി. ഞാന്‍ അത് തിരുത്തുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നുവെന്നും ശബാന ട്വീറ്റ് ചെയ്തു. ഒരു ഫേയ്‌സ്ബുക് പേജാണ് ഇന്ത്യന്‍ റെയില്‍വേയെ കുറ്റപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്തത്. വിവാദമായതോടെ ഈ പേജ് ഡിലീറ്റ് ചെയ്തു. എന്നാല്‍ യാഥാര്‍ത്ഥ്യം പുറത്തുവന്നിട്ടും ട്വീറ്റ് ഡിലീറ്റ് ചെയ്യാത്തതും പ്രതിഷേധത്തിന് കാരണമായി.

 

shortlink

Post Your Comments


Back to top button