നിര്‍മാതാവിന്റെ അറസ്റ്റ് തടയാന്‍ ശ്രമിച്ച പ്രമുഖ നടന്‍ ഒളിവില്‍

ബാംഗളൂര്‍; നിര്‍മാതാവിന്റെ അറസ്റ്റ് തടയാന്‍ ശ്രമിച്ച പ്രമുഖ നടന്‍ ഒളിവില്‍. രണ്ട് വര്‍ഷം മുന്‍പ് ഷൂട്ടിങ്ങിനിടെ രണ്ട് സ്റ്റണ്ട് മാസ്റ്റര്‍മാര്‍ മുങ്ങി മരിച്ച സംഭവത്തില്‍ നിര്‍മാതാവ് സുന്ദര്‍ പി ഗൗഡയെ അറസ്റ്റ് ചെയ്യാന്‍ എത്തിയ പൊലീസുകാരെയാണ് പ്രമുഖ കന്നഡ നടന്‍ ധുനിയ വിജയും ഒരു സംഘം ആളുകളും തടഞ്ഞത്. ഇതോടെ സംഭവത്തില്‍ സികെ അച്ചുകാട്ടു പൊലീസ് കേസ് എടുത്തതോടെയാണ് താരം ഒളിവില്‍ പോയത്.

2016 നവംബറില്‍ സുന്ദര്‍ പി ഗൗഡ നിര്‍മിച്ച ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അശ്രദ്ധമൂലം അനില്‍, ഉദയ് എന്നീ സ്റ്റണ്ട് മാസ്റ്റര്‍മാര്‍ കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് അശ്രദ്ധമായി ഷൂട്ടിങ്ങ് നടത്തിയതിന് ഗൗഡയ്‌ക്കെതിരേ കേസെടുക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കോടതിയില്‍ ഹിയറിങ്ങിനെത്താതെ ഒഴിഞ്ഞു മാറിയിരുന്ന നിര്‍മാതാവിനെതിരേ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. അറസ്റ്റ് വാറന്റിനെ തുടര്‍ന്ന് ഒരു സംഘം പൊലീസുകാര്‍ വീട്ടില്‍ എത്തി.

എന്നാല്‍ ധുനിയ വിജയും ഒരു സംഘം ആളുകളും വീടിന് പുറത്തെത്തി പൊലീസിനെ പ്രകോപിപ്പിക്കുകയായിരുന്നു. കാര്യമറിയാനായി പൊലീസ് വെളിയിലേക്ക് ഇറങ്ങിയ സമയത്ത് ഗൗഡ വീടിന്റെ മതില്‍ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടര്‍ന്നാണ് താരത്തിനെതിരേ കേസ് എടുത്തത്. തുടര്‍ന്ന് ധുനിയ വിജയിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സംഘം വീട്ടില്‍ എത്തിയെങ്കിലും കണ്ടെത്താനായില്ല. നടനെ പടികൂടാനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

Share
Leave a Comment