ചക്ക പഴുത്തോയെന്നു നോക്കാനെന്ന വ്യാജേന പറമ്പില്‍ കാത്തിരുന്ന ആനിയുമായി സുരേഷ് ഗോപിയുടെ വീട്ടിലെത്തി; സാഹസികമായ വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് താര ദമ്പതികള്‍

ആക്ഷന്‍ സിനിമകളുടെ തമ്പുരാന്‍ ഷാജി കൈലാസും മലയാളികളുടെ പ്രിയ നടി ആനിയും (ചിത്ര) ദാമ്പത്യത്തിന്റെ 22–ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഈ പ്രണയ സാഫല്യത്തിന് പിന്നിലെ രസകരമായ ഓര്‍മ്മകള്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇവര്‍ പങ്കുവച്ചു.

ഷാജി കൈലാസ് ആ ദിവസത്തെക്കുറിച്ചു പറയുന്നതിങ്ങനെ…”വീട്ടില്‍ വിവാഹത്തിനുള്ള നിര്‍ബന്ധങ്ങള്‍ തുടങ്ങിയ സമയത്ത് ബോംബൈയില്‍ ഒരു സിനിമാ കാര്യത്തിനായി പോകുകയാണെന്ന് കള്ളം പറഞ്ഞു കൊണ്ട് വീട്ടില്‍ നിന്നും ഇറങ്ങിയ താന്‍ ആനിയുടെ വീട്ടിന്റെ പുറകില്‍ കാത്തു നില്‍ക്കുകയും പറമ്പിലെ ചക്ക പഴുത്തോയെന്നു നോക്കാനെന്ന വ്യാജേനെ പുറത്തിറങ്ങിയ ആനിയുമായി നടന്‍ സുരേഷ് ഗോപിയുടെ വീട്ടില്‍ എത്തുകയും ചെയ്തു. തങ്ങളെ ഒന്നിച്ച്‌ കണ്ടിട്ടും ഒന്നും മനസ്സിലാകാതെ നിന്ന സുരേഷ് ഗോപിയോട് പ്രണയം തുറന്നു പറഞ്ഞ് വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി”. അവിടെ വെച്ചായിരുന്നു രജിസ്റ്റര്‍ വിവാഹമെന്നും ഷാജി കൈലാസ് പറയുന്നു. രഞ്ജി പണിക്കരാണ് പ്രസ്മീറ്റ് നടത്തി തങ്ങളുടെ വിവാഹകാര്യം പൊതു സമൂഹത്തെ അറിയിച്ചത്. വേണുനാഗവള്ളി, മണിയന്‍പിള്ള രാജു, ജഗദീഷ് എന്നിവരാണ് തങ്ങളുടെ വീടുകളില്‍ വിവാഹക്കാര്യം അറിയിച്ചത്.അമ്മയാണെ സത്യം എന്ന സിനിമയുടെ ഡബ്ബിങിനിടയിലാണ് ആനിയെ ആദ്യം കാണുന്നത്. എന്നാല്‍ അതിനു മുന്പ് പല മാഗസിനുകളിലും കണ്ട ആ മുഖം തന്റെ മനസ്സില്‍ ഇടം നേടിയിരുന്നുവെന്നും ഷാജി തുറന്നു പറയുന്നു. ഒരിക്കല്‍ താന്‍ രണ്‍ജിപണിക്കരോട് എനിക്ക് ആനിയെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന് പറഞ്ഞു. രണ്‍ജിപണിക്കര്‍ അപ്പോള്‍ത്തന്നെ ചിത്രയോട് കാര്യം പറഞ്ഞു. അവളില്‍ നിന്നും അനുകൂലമായ മറുപടിയാണ് കിട്ടിയത്. എന്നാല്‍ ഞങ്ങള്‍ ഒരിക്കല്‍പ്പോലും ഫോണില്‍ സംസാരിക്കുകയോ പരസ്പരം കത്തയയ്ക്കുകയോ ചെയ്തിട്ടില്ല. ഒരു ഗോസിപ്പുകളിലും ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് വന്നിട്ടില്ലയെന്നും ഷാജി കൈലാസ് പറയുന്നു.

വിമാനത്തിലെ വിവാഹ നിശ്ചയം

ഒരിക്കല്‍ ചെന്നൈയ്ക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോള്‍ അവിടെവച്ച് ചിത്രയെ കണ്ടു. അടുത്തടുത്ത സീറ്റുകളിലെ യാത്രയ്ക്കിടയില്‍ താന്‍ കരുതി വച്ചിരുന്ന മോതിരം അണിഞ്ഞ് വിവാഹ നിശ്ചയം നടത്തി. അതിനെക്കുറിച്ച്‌ ഷാജി കൈലാസിന്റെ വാക്കുകള്‍…” അവളോടുള്ള പ്രണയം തുറന്നുപറഞ്ഞ നിമിഷം മുതല്‍ അവളുടെ വിരലില്‍ അണിയിക്കാന്‍ ഒരു മോതിരവുമായാണ് നടക്കുന്നത്. ഫ്‌ളൈറ്റില്‍ കയറിയിരുന്നു. വിമാനം പറന്നുതുടങ്ങി. ഞാന്‍ ചിത്രയോടു വിരലുകള്‍ നീട്ടാന്‍ പറഞ്ഞു. അവള്‍ അത്ഭുതത്തോടെ നോക്കി നില്‍ക്കേ ഞാനാ വിരലുകളില്‍ മോതിരമണിയിച്ചു. എന്നിട്ട് ”നമ്മുടെ വിവാഹനിശ്ചയം കഴിഞ്ഞു. ഇനി കല്യാണത്തിനു കാണാം” എന്നു പറഞ്ഞു.

1996 ലാണ് ഷാജി കൈലാസും ആനിയും വിവാഹിതരാകുന്നത്. മൂന്ന് ആണ്‍മക്കളാണ് ദമ്പതികള്‍ക്ക്. ജഗന്നാഥൻ, ഷാരോൺ, റോഷൻ.

കടപ്പാട് : വനിത

Share
Leave a Comment