
ഹിന്ദി സിനിമാലോകത്തെ ‘മിസ്റ്റർ പെർഫക്ഷനിസ്റ്റ്’ അമീർഖാൻ ബോളിവുഡിലെത്തിയിട്ട് 30 വർഷം. എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളായ “ഗജനി, ത്രീ ഇഡിയറ്റ്സ്, താരേ സമീൻ പർ, ദംഗൽ, സീക്രട്ട് സൂപ്പർസ്റ്റാർ തുടങ്ങി നിരവധി ചിത്രങ്ങളുടെ സംവിധായകനായ അമീർഖാൻ തൊട്ടതൊക്കെയും പൊന്നാക്കുകയായിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങളൊരുക്കി സാധാരണക്കാരുടെ മനസ്സിൽ കുടിയേറിയ മികച്ച അഭിനേതാവു കൂടിയാണ് അമീർ ഖാൻ.
1988 ൽ ‘ഖയാമത് സേ ഖയാമത് തക്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ഈ അതുല്യപ്രതിഭ പിന്നീടങ്ങോട്ട് കോളേജ് കുമാരനായും, ഏലിയനായും, സമരനായകനായും, പാട്ടുകാരനായും, ടീച്ചറായും, ഗുസ്തിക്കാരനായും എന്നു വേണ്ട, ഏതു വേഷത്തിലും പരിപൂർണ്ണ വിജയമായിരുന്നു അമീർഖാന്റെ അഭിനയ സപര്യ.
വർഷത്തിൽ ഒരേയൊരു ചിത്രം മാത്രം റിലീസ് ചെയ്യുന്ന അപൂർവതയും ഇദ്ദേഹത്തിന് സ്വന്തം! 2001 ൽ പുറത്തിറങ്ങിയ ‘ലഗാൻ’ സിനിമയ്ക്കു ശേഷമാണ് അദ്ദേഹത്തിന്റെ കരിയറിൽ വലിയ മാറ്റങ്ങളുണ്ടായത്. ലഗാന്റെ നിർമ്മാതാവ് കൂടിയായിരുന്ന അമീർഖാൻ ഈ ചിത്രത്തിന് ശേഷമാണ്, ശ്രമമില്ലാതെ ഒരു പാട് ചിത്രങ്ങൾ ചെയ്യേണ്ടതില്ല എന്ന് തീരുമാനിക്കുന്നത്. വർഷത്തിൽ ഒരു ചിത്രം എന്ന ആശയത്തിനൊട് പല സംവിധായകരും യോജിക്കാതെ വന്നതോടെയാണ് അമീർഖാൻ സംവിധായക കുപ്പായമണിയുന്നത്.
ജീവിതത്തിൽ തന്റെ ചലച്ചിത്ര ജീവിതത്തിന് രണ്ടു പേരോടാണ് താൻ കടപ്പെട്ടിരിക്കുന്നതെന്ന് അമീർഖാൻ. തന്നെ സഹസംവിധായകനായി കൂടെക്കൂട്ടിയ പിതൃസഹോദരനും, സംവിധായകനുമായ നാസിർ ഹുസൈനും, ഖയാമത് സേ ഖയാമത് തക് സംവിധായകൻ മൺസൂർ ഖാനുമാണ് ആ രണ്ടു പേർ.
നിരവധി പുതുമുഖങ്ങളെ വെള്ളിവെളിച്ചത്തിലേക്ക് കൈ പിടിച്ചു നടത്തിയ അമീർഖാൻ തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ’ (Thugs of Hindostan) എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ സാക്ഷാൽ അമിതാഭ് ബച്ചനൊപ്പം ഒരുമിക്കുന്ന ത്രില്ലിലാണ് ബോളിവുഡിലെ “മിസ്റ്റർ പെർഫെക്ഷനിസ്റ്റ്”!!
ശിവാനി ശേഖര്‍
Post Your Comments