ബോളിവുഡിലെ വിവാദ നായകന് സഞ്ജയ് ദത്തിന്റെ ജീവിതം സിനിമയാകുന്നു. സഞ്ജു എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂറാണ് സഞ്ജയുടെ വേഷം അവതരിപ്പിക്കുന്നത്. മയക്കുമരുന്ന്, കാമുകിമാര്‍, സൗഹൃദം, അധോലോകം, പ്രണയം, ജയില്‍ ജീവിതം എന്നിങ്ങനെ പല ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന സഞ്ജുവിന്റെ ജീവിതത്തിലെ വിവാദങ്ങള്‍ ചിത്രത്തില്‍ ആവിഷ്കരിക്കപ്പെടുന്നു. എന്നാല്‍ ഈ കഥാ സാഹചര്യങ്ങളുമായി രണ്‍ബീറിന് പൊരുത്തപ്പെടാന്‍ മൂന്നു മാസമെടുത്തുവെന്നു സംവിധായകന് രാജ്കുമാര് ഹിറാനി പറയുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭിജാത്ത് ജോഷിയാണ്.
സഞ്ജുവിന്റെ മാനറിസവുമായി രണ്‍ബീറിന്റെ പ്രകടനങ്ങള്‍ ആദ്യ ഘട്ടത്തില്‍ ഒത്തു ചേര്‍ന്നിരുന്നില്ല. അതുകൊണ്ട് തന്നെ ചിത്രം വേണ്ടെന്ന് വയ്ക്കുവാന്‍ തീരുമാനിച്ചതായിരുന്നുവെന്നും രാജ്കുമാര് വെളിപ്പെടുത്തി. സഞ്ജയ് ദത്തിനെ വാഴ്ത്തുന്ന രീതിയോ സഹതാപം പിടിച്ചു പറ്റുന്ന രീതിയോ തിരക്കഥയില്‍ സ്വീകരിച്ചിട്ടില്ലെന്നും സഞ്ജയ് പറഞ്ഞ കഥയെ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരുമായി പരിശോധിച്ചതിന് ശേഷമാണ് തിരക്കഥയുടെ അവസാനരൂപം പൂര്‍ത്തിയാക്കിയതെന്നും ജോഷി പറഞ്ഞു. 308 കാമുകിമാര്‍ ഉണ്ടായിരുന്നതായാണ് സഞ്ജയ് പറഞ്ഞതെന്നും എന്നാല്‍ പൊതു സമൂഹത്തിന് അറിയേണ്ടുന്ന കാര്യങ്ങള്‍ മാത്രമാണ് തിരക്കഥയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ജോഷി വിശദീകരിച്ചു.
എൺപതുകളിലും തൊണ്ണൂറുകളിലും ബോളിവുഡിലെ സൂപ്പർതാരമായ വിലസിയിരുന്ന നടനായിരുന്നു സഞ്ജയ് ദത്ത്. എന്നാല്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായ സഞ്ജയ് ദത്തിനെ നടിമാര്‍ ഒരുകാലത്ത് ഭയപ്പെട്ടിരുന്നു. അവരില്‍ ഒരാളായിരുന്നു അകാലത്തില്‍ അന്തരിച്ച നടി ശ്രീദേവി. ശ്രീദേവിയും സഞ്ജയ് ദത്തും ഒരൊറ്റ സിനിമയിൽ മാത്രമേ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളു. അതിനു പിന്നിലുള്ള കാരണം സഞ്ജയ് ദത്ത് തന്റെ ആദ്യകാല അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. 1980 കളിൽ വെള്ളിത്തിരയിലെ മിന്നും താരമായി ശ്രീദേവി മാറിയിരുന്നു. ശ്രീദേവിയുടെ നൃത്ത ചുവടുകളിൽ മയങ്ങിയ സഞ്ജയ് ശ്രീദേവിയെ ഒരു നോക്ക് കാണാൻ ഇടക്ക് സെറ്റുകളിൽ പോകുമായിരുന്നു. അക്കാലത്ത് സഞ്ജയ് മദ്യത്തിനും ലഹരിക്കും അങ്ങേയറ്റം അടിമയായ സമയം ആയിരുന്നു. അതുകൊണ്ടു തന്നെ സെറ്റുകളിൽ മദ്യപിച്ചു കൊണ്ടായിരിക്കും അദ്ദേഹം എത്തുക. അങ്ങനെ ഒരുനാൾ ഹിമ്മത്ത്വാലയുടെ ഷൂട്ടിങ് സെറ്റിൽ ശ്രീദേവിയെ കാണാൻ സഞ്ജയ് എത്തി. മേക്കപ്പ് റൂമില്‍ മദ്യപിച്ച അവസ്ഥയിൽ എത്തിയ സഞ്ജയെ കണ്ട് ശ്രീദേവി ഭയന്നു. പേടിച്ചുവിറച്ച ശ്രീദേവി, സഞ്ജയെ ഇറക്കിവിട്ട് വാതിലടച്ചു. ഇതായിരുന്നു ശ്രീദേവിയും സഞ്ജയ്യും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച. ഈ ഒരൊറ്റ കാരണം കൊണ്ട് സഞ്ജയ് ദത്തിനൊപ്പം സിനിമയിൽ അഭിനയിക്കാൻ ശ്രീദേവി വളരെ അധികം പേടിച്ചിരുന്നു.
സഞ്ജയ് ദത്തിന്റെ സിനിമാ ജീവിതവും വ്യക്തി ജീവിതവും മനോഹരമായി ആവിഷ്കരിക്കുന്ന സഞ്ജുവിന്റെ റിലീസ് ജൂണ്‍ 29നാണ്.
Post Your Comments