സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആർ) ഉപയോഗിച്ച് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് നിർമ്മിക്കുന്ന ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. പ്രമുഖ പ്രവാസി വ്യവസായിയും ഹോളിവുഡ് സംവിധായകനുമായ സോഹൻ റോയിയാണ് ഏരീസ് ഗ്രൂപ്പിന് നേതൃത്വം നൽകുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു കോർപ്പറേറ്റ് കമ്പനി വിദ്യാഭ്യാസം, ആരോഗ്യം, ശുചീകരണം, ദാരിദ്ര്യ നിർമ്മാർജനം, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളിലുള്ള നിക്ഷേപങ്ങൾക്ക് പുറമെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് സിനിമയിൽ പണം മുടക്കുന്നത്. പതിനഞ്ച് രാജ്യങ്ങളിലായി 47 കമ്പനികളുള്ള ഒരു ബഹുരാഷ്ട്ര കൺസോർഷ്യം ആണ് ഏരീസ് ഗ്രൂപ്പ്.
ചിത്രത്തിന്റെ പൂജ മെയ് 19ന് പുനലൂർ ഐക്കരക്കോണം പൂങ്ങോട് ശിവക്ഷേത്രത്തിൽ വെച്ച് നടന്നു. നടി പ്രിയങ്ക നായർ, സംവിധായകൻ ബോബൻ സാമുവേൽ എന്നിവരെ കൂടാതെ രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ബിജു മജീദാണ് സംവിധാനം ചെയ്യുന്നത്.
ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹനും പ്രഭിരാജ് നടരാജനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ കെ ഷിബു രാജ് എഴുതിയിരിക്കുന്നു. ക്യാമറ – പി സി ലാൽ. സംഗീത സംവിധാനം-ബിജു റാം, എഡിറ്റിംഗ് – ജോൺസൻ ഇരിങ്ങോൾ, പ്രൊഡക്ഷൻ കൺട്രോളർ – അനിൽ അങ്കമാലി. വർക്കല, പുനലൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ സിനിമ ചിത്രീകരിക്കും.
എം. പദ്മകുമാര്‍ സംവിധാനം ചെയ്ത പ്രിയങ്ക നായർ പ്രധാന വേഷത്തിൽ അഭിനയിച്ച ‘ജലമാണ്’ ഏരീസ് ഗ്രൂപ്പ് സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച ആദ്യ ചിത്രം. ലോകത്തിൽ ആദ്യമായി ഒരു കോർപ്പറേറ്റ് കമ്പനി സാമൂഹിക ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ചിത്രമായിരുന്നു ജലം. അന്താരാഷ്ട്രതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിലെ ഗാനങ്ങൾ ഓസ്കറിലെ ‘ബെസ്റ്റ് ഒറിജിനൽ സോങ്’ വിഭാഗത്തിലെ പ്രാഥമിക ചുരുക്കപട്ടികയിൽ ഇടം നേടിയിരുന്നു.
Post Your Comments